ഹാസ്യ താരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന നടൻ ഷറഫുദ്ദീന്റെ സ്ഥിരം കഥാപാത്രങ്ങളിൽ നിന്നുള്ള ഒരു കൂടുമാറ്റമായിരുന്നു അമൽ നീരദ് ഒരുക്കിയ വരത്തനിലെ ജോസി എന്ന വേഷം. അന്ന് വരെ പ്രേക്ഷകർ കണ്ടതിൽ നിന്ന് പൂർണമായി വ്യത്യസ്തമായി ഒരു മുഴുവൻനീള നെഗറ്റീവ് വേഷത്തിൽ ആയിരുന്നു ഷറഫുദ്ദീൻ ആ ചിത്രത്തിൽ എത്തിയത്.
എന്നാൽ ആ കഥാപാത്രം ചെയ്യുമ്പോൾ മെന്റലി നല്ല പ്രയാസം തോന്നിയിരുന്നു എന്നാണ് ഷറഫുദ്ദീൻ പറയുന്നത്. അമൽ നീരദിന്റെ സിനിമ ചെയ്യണം എന്ന ആഗ്രഹം ഉള്ളതുകൊണ്ട് മാത്രമാണ് ആ വേഷം ചെയ്തതെന്നും ഷറഫുദ്ദീൻ പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു താരം.
‘വരത്തനിലെ കഥാപാത്രം ചെയ്യുമ്പോൾ ഒരു സാധാരണ മനുഷ്യന് ഉണ്ടാവുന്ന എല്ലാ പേടികളും എനിക്കും ഉണ്ടായിരുന്നു. കാരണം ആ കഥാപാത്രം ഒരു മോൺസ്റ്റർ ആണ്. ഒരു സൊസൈറ്റിയിൽ കിട്ടാവുന്ന ഏറ്റവും മോശം ആളാണ്. ആ കഥാപാത്രം ചെയ്യുമ്പോൾ എനിക്ക് ഒട്ടും വർക്കാവാത്ത കാര്യങ്ങൾ ആയിരുന്നു അതെല്ലാം. എന്റെ മെന്റൽ ഫീലും കൂടെ ഞാൻ നോക്കണമല്ലോ.
ആദ്യം ആ കഥാപാത്രം എനിക്ക് കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ആ സിനിമ ഒരു അമൽ നീരദ് പടം അല്ലെങ്കിൽ ഞാൻ അത് ചെയ്യാൻ ഒരു സാധ്യതയുമില്ല. കാരണം ഞാൻ അദ്ദേഹത്തിന്റെ ഒരു ഫാനാണ്. അൽഫോൺസൊക്കെ എന്നെ വിളിക്കുകയാണെങ്കിൽ എനിക്ക് വേണമെങ്കിൽ ഒരു കഥാപാത്രം എനിക്ക് പറ്റില്ല എന്നും അത് മാറ്റണമെന്നെല്ലാം തുറന്ന് പറയാം.
പക്ഷേ അമൽ നീരദിനോട് എനിക്കതിന് കഴിയില്ലല്ലോ. ആ ഒരു സ്പേസ് എനിക്ക് അദ്ദേഹത്തിന്റെ അടുത്തില്ല. എന്നാൽ എനിക്ക് അമൽ നീരദിനൊപ്പം സിനിമയും ചെയ്യണം എന്ന അവസ്ഥയായിരുന്നു. ത്രിശങ്കു സ്വർഗ്ഗ സീനിലാണ് ഞാൻ അവിടെ നിന്നത്. അല്ലെങ്കിൽ ഞാൻ ആ കഥാപാത്രം ചെയ്യാൻ ഒരു സാധ്യതയുമില്ല. അദ്ദേഹത്തിന്റെ സിനിമയും ഫഹദ് നായകനാവുന്ന പടവുമൊക്കെ അല്ലേ.
സംസാരിച്ചുതുടങ്ങിയാൽ ആ കഥാപാത്രത്തെ മനസ്സിലാക്കാൻ സാധിക്കും. നമുക്ക് അറിയാൻ പാടില്ലാത്തതൊന്നുമല്ലല്ലോ. അമലേട്ടൻ തന്നെയാണ് ആ കഥാപാത്രത്തെക്കുറിച്ച് പൂർണമായി വിശദീകരിച്ചു തന്നത്,’ ഷറഫുദ്ദീൻ പറയുന്നു.
Content Highlight: Sharadudheen Talk About His Character In Varathan Movie