നിങ്ങൾ ഹൃദയം കൊണ്ടല്ല കൈകൊണ്ട് മാത്രമാണ് വിനേഷ് ഫോഗട്ടിനെ തൊടുന്നത്: പി.ടി ഉഷയെ വിമർശിച്ച് ശാരദക്കുട്ടി
keralanews
നിങ്ങൾ ഹൃദയം കൊണ്ടല്ല കൈകൊണ്ട് മാത്രമാണ് വിനേഷ് ഫോഗട്ടിനെ തൊടുന്നത്: പി.ടി ഉഷയെ വിമർശിച്ച് ശാരദക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th August 2024, 12:28 pm

തിരുവനന്തപുരം: ഇന്ത്യന്‍ വനിതാ ഗുസ്തി താരമായ വിനേഷ് ഫോഗട്ടിനോടുള്ള ഇന്ത്യൻ കായികതാരം പി.ടി ഉഷയുടെ നിലപാടിനെതിരെ വിമർശനവുമായി സാഹിത്യ സാമൂഹിക വിമർശക എസ്. ശാരദക്കുട്ടി.

ഭാര പരിശോധനയില്‍ 100 ഗ്രാം അധികം കണ്ടെത്തിയതിന് പിന്നാലെ പാരിസ് ഒളിമ്പിക്സില്‍ നിന്ന് ഇന്ത്യന്‍ വനിതാ ഗുസ്തി താരമായ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടിരുന്നു. ഒളിമ്പിക്സില്‍ ഫൈനലിലെത്തുന്ന ആദ്യ വനിതാ താരമാണ് വിനേഷ് ഫോഗട്ട്.

ഒരു കാലത്ത് പി.ടി ഉഷയുടെ വിജയപരാജയങ്ങൾക്കൊപ്പം ഓടിത്തളർന്നവരാണ് ഞങ്ങൾ മലയാളികളെന്നും എന്നാൽ സുരക്ഷിത സ്ഥാനത്തെത്തിയപ്പോഴുള്ള അവരുടെ നിലാപാടുകൾ അവർക്ക് വേണ്ടി കയ്യടിച്ച ജനവിഭാഗത്തെ ചതിക്കുന്ന തരത്തിലായെന്നും ശാരദക്കുട്ടി പറഞ്ഞു.

ഒരിക്കൽ ഇതുപോലൊരു മത്സരത്തിൽ പരാജിതയായി തളർന്നിരുന്ന പി.ടി ഉഷ ഇന്ന് അത് പോലെ തളർന്നിരിക്കുന്ന വിനേഷ് ഫോഗാട്ടിനെ ആശ്വസിപ്പിക്കാനെത്തുമ്പോൾ അതിൽ ഒട്ടും ആത്മാർഥത കാണുന്നില്ലെന്നും ശാരദക്കുട്ടി കുറിച്ചു.

‘ഒരിക്കൽ പരാജിതയായി വന്നിരുന്ന തളർന്ന് കരഞ്ഞ നിങ്ങളുടെ മുഖത്തിന്റെ ഛായ പോലും ഇന്ന് ഈ ചിത്രത്തിനില്ല. നിങ്ങൾ ഹൃദയം കൊണ്ടല്ല കൈ കൊണ്ട് മാത്രമാണ് വിനേഷ് ഫോഗെട്ടിനെ തൊട്ട് നിൽക്കുന്നത്. അധികാര സ്ഥാനത്തെത്തുന്നവരുടെ തൊട്ടു നിൽപ്പുകളും സഹതാപ പ്രകടനങ്ങളും അവരവരുടെ പ്രതിച്ഛായക്ക് വേണ്ടി മാത്രമുള്ളതാണെന്ന് തിരിച്ചറിയുന്ന വിവേകശാലിയുടെ ചിരിയാണ് നിങ്ങൾക്ക് നേരെ കൈ നീട്ടുന്ന വിനേഷ് ഫോഗെട്ടിൽ ഞാൻ ഇപ്പോൾ കാണുന്നത്,’ ശാരദക്കുട്ടി കുറിച്ചു.

അതോടൊപ്പം അധികാര കേന്ദ്രങ്ങളോട് വിട്ടുവീഴ്ച ചെയ്യാത്ത അഭിമാനിയായ വിനേഷ് ഫോഗെട്ടിന്റെ പോരാട്ടം ചരിത്രത്തിൽ എന്നും അടയാളപ്പെട്ട് കിടക്കുമെന്നും ശാരദക്കുട്ടി കൂട്ടിച്ചേർത്തു.

 

ഭാരപരിശോധനയില്‍ പരാജയപ്പെട്ട വിനേഷ് ഫോഗട്ട്, യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗിന്റെ നിയമങ്ങള്‍ അനുസരിച്ച് മത്സരത്തില്‍ നിന്ന് പുറത്താക്കപ്പെടുകയും റാങ്കിങ് ഇല്ലാതെ അവസാന സ്ഥാനത്തേക്ക് മാറുകയും ചെയ്യപ്പെടുകയുമായിരുന്നു.

അയോഗ്യയാക്കപ്പെട്ട വിവരം ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ വിനേഷ് ഫോഗട്ടിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ ബി.ജെ.പി എം.പിയായ പി.ടി. ഉഷയോട് പ്രധാനമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

സെമി ഫൈനലില്‍ വിനേഷ് തോല്‍പ്പിച്ച ഗുസ്മാന്‍ ലോപ്പസ് യൂസ്നെലിസ് ഫൈനലില്‍ അമേരിക്കന്‍ താരം സാറാ ഹില്‍ഡെബ്രാന്റെയെ നേരിടും

 

 

Content Highlight: Sharadakkutty criticised p.t usha for her attitude towards   vinesh phogat