ന്യൂദല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കു പകരം നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ താന്‍ ആശങ്കാകുലനാണെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍. ഗഡ്കരിയെക്കുറിച്ച് തനിക്ക് ഭയം തോന്നുന്നതായി പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
“ഗഡ്കരി എന്റെ സുഹൃത്താണ്. ഞങ്ങള്‍ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. (മോദിക്കു പകരം) അദ്ദേഹത്തിന്റെ പേര് ഉയര്‍ത്തിക്കാട്ടുന്നതിനെക്കുറിച്ച് സംസാരമുണ്ട്. എനിക്ക് അതു കൊണ്ടു തന്നെ അദ്ദേഹത്തെക്കുറിച്ചോര്‍ത്ത് ആശങ്കയുണ്ട്”- മഹാരാഷ്ട്രയിലെ സൊലാപൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ പവാര്‍ തയ്യാറായില്ല.
2018 ഡിസംബറില്‍ നടന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിട്ട കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം നേതൃത്വം ഏറ്റെടുക്കണമെന്ന് തുടങ്ങി ബി.ജെ.പിക്കെതിരെ പ്രത്യക്ഷമായും പരോക്ഷമായും നിരവധി വിമര്‍ശനങ്ങളാണ് ഗഡ്കരി ഈയിടെ നടത്തിയത്. ആര്‍.എസ്.എസിന്റെ നിര്‍ദേശപ്രകാരമാണ് ബി.ജെ.പി നേതൃത്വത്തിനെതിരെ ഗഡ്കരി തുറന്നടിക്കുന്നതെന്നാണ് വിലയിരുത്തല്‍.
അഞ്ചു വര്‍ഷത്തെ ഭരണത്തിനു ശേഷം ജനസമ്മിതി കുറഞ്ഞ മോദിക്കു പകരം ഗഡ്കരിയെ ഉയര്‍ത്തിക്കൊണ്ടു വന്ന് അധികാരത്തില്‍ തുടരാനാണ് ആര്‍.എസ്.എസിന്റെ ശ്രമമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിച്ച എന്‍.സി.പി മറ്റു സംസ്ഥാനങ്ങളിലും ബി.ജെ.പിക്കെതിരെ സഖ്യം രൂപീകരിക്കാനുള്ള നീക്കത്തിലാണെന്നും പവാര്‍ പറഞ്ഞിരുന്നു. ഓരോ സംസ്ഥാനങ്ങളിലേയും രാഷ്ട്രീയാന്തരീക്ഷം വ്യത്യസ്ഥമാണെന്നും ഇതിനനുസരിച്ചായിരിക്കും സഖ്യരൂപീകരണമെന്നും പവാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.