ന്യൂദല്‍ഹി: യു.പി.എയുടെ അധ്യക്ഷ സ്ഥാനത്തേക്ക് എന്‍.സി.പി തലവനും മുതിര്‍ന്ന നേതാവുമായ ശരദ് പവാര്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സോണിയാ ഗാന്ധി വിരമിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിന് പിന്നാലെയാണ് പവാര്‍ സ്ഥാനമേറ്റെടുത്തേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ പദവിയുടെ കാലാവധി അവസാനിച്ചെങ്കിലും പാര്‍ട്ടിക്ക് ഇതുവരെ അധ്യക്ഷ സ്ഥാനത്തേക്ക് ഒരാളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ സോണിയ തന്നെ ആസ്ഥാനത്ത് തുടരുകയാണ്. ഇതിനോടൊപ്പം, യു.പി.എ അധ്യക്ഷ പദവിയിലും പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും സോണിയ തുടരുന്നുണ്ട്.
ഇതിനിടെ മുന്നണിയുടെ നേതൃത്വത്തില്‍ തുടരുന്നതിനോട് സോണിയ വിമുഖത കാണിച്ചിരുന്നെന്നും എന്നാല്‍ പകരക്കാരനില്ലാത്തതിനാല്‍ മാത്രം സ്ഥാനത്ത് തുടരുകയായിരുന്നു എന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത്തവണ സോണിയ എല്ലാ സ്ഥാനങ്ങളില്‍ നിന്നും വിരമിക്കാനാണ് തയ്യാറെടുക്കുന്നതെന്നും വൃത്തങ്ങള്‍ പറയുന്നു.
മുന്നണിയുടെ നേതൃസ്ഥാനത്തേക്ക് സോണിയയ്ക്ക് പകരം ആരെയെങ്കിലും കൊണ്ട് വരുമ്പോള്‍ വരുന്നയാള്‍ വിവേകവും കൗശലവുമുള്ള രാഷ്ട്രീയക്കാരനാവണമെന്നും അനുഭവ സമ്പത്തുള്ള രാഷ്ട്രീയ ആചാര്യനായിരിക്കണമെന്ന കാര്യത്തിലും തര്‍ക്കമില്ല. തെരഞ്ഞെടുക്കപ്പെടുന്നയാള്‍ മറ്റുപാര്‍ട്ടിക്കാരുമായും അനായാസം ഇടപെടാന്‍ കഴിയുന്നയാളാകണമെന്നും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
എന്‍.സി.പി തലവന്‍ ശരദ് പവാര്‍ എല്ലാ തരത്തിലും അനുഗുണനാണെന്നും അദ്ദേഹത്തിന്റെ കഴിവ് മഹാരാഷ്ട്ര സര്‍ക്കാര്‍ കെട്ടിപ്പടുക്കുന്നതിലും കണ്ടതാണെന്നും വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു.
സുഹൃത്തുക്കള്‍ക്കിടയിലും ശത്രുക്കള്‍ക്കിടയിലും ഇടപെടാനുള്ള കഴിവ് പവാറിനുണ്ടെന്നും അഭിപ്രായങ്ങളുണ്ട്. എന്‍.സി.പിയെ കോണ്‍ഗ്രസുമായി ലയിപ്പിക്കണമെന്നും എന്നിട്ട് യു.പി.എ അധ്യക്ഷനായി തീരുമാനിക്കാമെന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം നിര്‍ജീവമായി കിടക്കുന്ന പ്രതിപക്ഷത്തെ ശക്തമാക്കാന്‍ പവാറിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്ന് പ്രതീക്ഷ നല്‍കുന്നതായും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക