| Sunday, 21st March 2021, 10:34 am

യു.പി.എയെ നയിക്കേണ്ടത് ശരദ് പവാറെന്ന് ശിവസേന; കോണ്‍ഗ്രസിനും ഗുണം ചെയ്യുമെന്ന് സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: എന്‍.സി.പി നേതാവ് ശരദ് പവാര്‍ യു.പി.എ സഖ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ യു.പി.എയെ ശക്തിപ്പെടുത്തി ബി.ജെ.പിക്ക് ശക്തമായ ഒരു ബദല്‍ ഉണ്ടാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.

” കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി യു.പി.എ അധ്യക്ഷ പദവി മികച്ച രീതിയില്‍ കൊണ്ടുപോയിരുന്നു. പക്ഷേ ഇപ്പോള്‍ അവര്‍ക്ക് സുഖമില്ല, രാഷ്ട്രീയത്തില്‍ സജീവവുമല്ല… പവാറായിരിക്കണം ഇനി യു.പി.എ അധ്യക്ഷന്‍. യു.പി.എയ്ക്ക് ശക്തമായി തിരിച്ചുവരാന്‍ സാധിച്ചാല്‍ കോണ്‍ഗ്രസിനും അത് ഗുണം ചെയ്യും,” സഞ്ജയ് റാവത്ത് പറഞ്ഞു.

മഹാരാഷ്ട്രയില്‍ എന്‍.സി.പിയുമായും കോണ്‍ഗ്രസുമായാണ് ശിവസേനയ്ക്ക് സഖ്യമുള്ളത്.

നേരത്തെ റാവത്ത് എക്‌സിക്യൂട്ടീവ് എഡിറ്ററായ ശിവസേന മുഖപത്രം സാമ്‌നയിലും യു.പി.എയുടെ നേതൃത്വം പവാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മുഖപ്രസംഗം വന്നിരുന്നു.

ശിവസേന, അകാലിദള്‍ എന്നീ പാര്‍ട്ടികളും യു.പി.എയ്ക്ക് കീഴില്‍ അണിനിരക്കണമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

നേരത്തെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെയും കേരളത്തില്‍ സി.പി.ഐ.എമ്മിനെയും പിന്തുണയ്ക്കുന്നതില്‍ വൈരുദ്ധ്യമില്ലെന്ന് ശരദ് പവാര്‍ പറഞ്ഞിരുന്നു. ബി.ജെ.പിക്ക് ബദല്‍ തീര്‍ക്കുക എന്നതാണ് എന്‍.സി.പി അജണ്ട. ഇതിനായി ഓരോ സ്ഥലത്തെയും പ്രത്യേകതകള്‍ മനസിലാക്കിയാണ് മുന്നണി ധാരണകളുണ്ടാക്കുന്നത് എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sharad Pawar Should Head UPA Alliance, Says Shiv Sena’s Sanjay Raut

We use cookies to give you the best possible experience. Learn more