'അധികാരം കയ്യിലില്ലെന്ന് ബി.ജെ.പിക്ക് ദഹിക്കുന്നില്ല'; രാജസ്ഥാന്‍ വിഷയത്തില്‍ ശരദ് പവാര്‍
Rajastan Crisis
'അധികാരം കയ്യിലില്ലെന്ന് ബി.ജെ.പിക്ക് ദഹിക്കുന്നില്ല'; രാജസ്ഥാന്‍ വിഷയത്തില്‍ ശരദ് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th July 2020, 2:40 pm

മുംബൈ: രാജസ്ഥാനില്‍ നടക്കുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ന്യായല്ലാത്തതുമായ സംഭവ വികാസങ്ങളാണെന്ന് എന്‍.സി.പി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍. തങ്ങള്‍ അധികാരത്തിലില്ല എന്ന കാര്യം അംഗീകരിക്കാന്‍ ബി.ജെ.പിക്ക് കഴിയാത്തതാണ് ഇതിനെല്ലാം കാരണമെന്നും പവാര്‍ പറഞ്ഞു.

രാജസ്ഥാനില്‍ നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള ശുപാര്‍ശ നിരസിച്ച ഗവര്‍ണര്‍ കല്‍രാജ് മിശ്രക്കെതിരെ അശോക് ഗെലോട്ടും മന്ത്രിമാരും രംഗത്തെത്തിയിട്ടുണ്ട്. സമ്മേളനം വിളിച്ചുചേര്‍ക്കുന്നത് സര്‍ക്കാരിന്റെ അവകാശമാണ്. ഗവര്‍ണറുടെ നിബന്ധനകള്‍ അംഗീകരിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി.

ഗവര്‍ണറുടെ നിലപാടിനെത്തുടര്‍ന്ന് നടന്ന മന്ത്രിസഭായോഗത്തിന് പിന്നാലെയാണ് ഗെലോട്ട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ‘ഗവര്‍ണറുടെ ആശങ്കകള്‍ക്ക് ഞങ്ങള്‍ മറുപടി തയ്യാറാക്കിയിട്ടുണ്ട്. നിയമസഭ സമ്മേളനം വിളിക്കുന്നത് ഞങ്ങളുടെ അവകാശമാണ്. സമ്മേളനം എങ്ങനെ നടത്തണം എന്ന കാര്യം സ്പീക്കറാണ് തീരുമാനിക്കുക. ജൂലൈ 31 ന് തന്നെ സമ്മേളനം നടത്തണം’, കോണ്‍ഗ്രസ് മന്ത്രി ഹരീഷ് ചൗധരി പറഞ്ഞു.

നിയമസഭ ചേരാനുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ കല്‍രാജ് മിശ്ര തള്ളിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുക്കൊണ്ടാണ് ഗവര്‍ണര്‍ ശുപാര്‍ശ തള്ളിയത്.

പിന്നീട് ഉപാധികളോടെ നിയമസഭ വിളിക്കാമെന്ന് ഗവര്‍ണര്‍ അറിയിക്കുകയും ചെയ്തിരുന്നു. നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെങ്കില്‍ സര്‍ക്കാര്‍ 21 ദിവസത്തെ നോട്ടീസ് നല്‍കണമെന്നാണ് കല്‍രാജ് മിശ്ര അറിയിച്ചത്. ഈ നിബന്ധനയാണ് മന്ത്രിലഭായോഗം ചോദ്യം ചെയ്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ