മുംബൈ: മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ ഭാവി നിയമസഭയില്‍ അറിയാമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. സര്‍ക്കാര്‍ ഇതുവരെ ന്യൂനപക്ഷമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍.സി.പി എം.എല്‍.എമാരുമായി ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു പവാറിന്റെ പ്രതികരണം. ഏക് നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമതനീക്കത്തില്‍ നിലവില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ പിന്തുണയ്ക്കാനാണ് അഘാഡി സഖ്യസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിമത എം.എല്‍.എമാര്‍ മുംബൈയില്‍ തിരിച്ചെത്തുമെന്നും, അതിന് ശേഷം എല്ലാം സാധാരണഗതിയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘മഹാവികാസ് അഘാഡി ഉദ്ധവ് താക്കറെയെ പിന്തുണയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എം.എല്‍.എമാര്‍ മുംബൈയില്‍ തിരിച്ചെത്തിയാല്‍ സ്ഥിതി മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. വിമത ശിവസേന എം.എല്‍.എമാരെ എങ്ങനെയാണ് ഗുജറാത്തിലേക്കും പിന്നീട് അസാമിലേക്കും കൊണ്ടുപോയതെന്ന് എല്ലാവര്‍ക്കും അറിയാം. ഞാനിതിന് മുന്‍പും മഹാരാഷ്ട്രയില്‍ ഇത്തരം സംഭവങ്ങള്‍ കണ്ടിട്ടുണ്ട്,’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മഹാരാഷ്ട്രയിലെ ഭരണ സഖ്യത്തെ രക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും മഹാവികാസ് അഘാഡി സഖ്യസര്‍ക്കാര്‍ പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകമാണ് എന്‍.സി.പി അധ്യക്ഷന്റെ പ്രസ്താവന.
സഖ്യസര്‍ക്കാരിനെ രക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാര്‍ പറഞ്ഞിരുന്നു.
Content Highlight: sharad pawar says the future of aghadi sarkar will be decided in the assembly