| Sunday, 2nd April 2023, 7:34 am

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സവർക്കർ ചെയ്ത കാര്യങ്ങൾ അവഗണിക്കാനാകില്ല: ശരദ് പവാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് സവർക്കർ ഒരു ദേശീയ വിഷയമാകുന്നില്ലെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ. ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ഉയർന്ന വിവാദങ്ങൾക്കിടെ മാപ്പ് പറയാൻ താൻ സവർക്കറല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. മഹാ വികാസ് അഘാഡിയിലെ ശരദ് പവാറിന്റെ സഖ്യകക്ഷിയായ ഉദ്ധവ് താക്കറെ വിഭാഗവും രാഹുലിന്റെ പരാമർശത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു. പവാറും സവർക്കർ പരാമർശത്തെ അപലപിച്ചിരുന്നു.

“ഇന്ന് സവർക്കർ ഒരു ദേശീയ വിഷയമല്ല. പഴയ കാര്യമായി മാറിക്കഴിഞ്ഞു.. ഞങ്ങൾ സവർക്കറെക്കുറിച്ച് കുറച്ച് കാര്യങ്ങൾ മുൻപ് പറഞ്ഞിട്ടുണ്ട്. പക്ഷേ അത് വ്യക്തിപരമല്ല. അവ ഹിന്ദു മഹാസഭയ്ക്ക് എതിരായിരുന്നു. എന്നാൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സവർക്കർ ജി ചെയ്ത ത്യാഗം നമുക്ക് അവഗണിക്കാനാവില്ല,” ശരദ് പവാർ പറഞ്ഞു.

സവർക്കറിന് പുരോഗമനപരമായ കാഴ്ചപ്പാടുകളുണ്ടെന്നും വർഷങ്ങൾക്ക് മുമ്പ് പാർലമെന്റിൽ അദ്ദേഹം അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും പവാർ പറഞ്ഞു. സവർക്കർ നിർമിച്ച വീടിന് മുൻപിൽ ഒരു ക്ഷേത്രം പണിതെന്നും, അവിടെ പൂജാരിയായി വാല്മീകി വിഭാഗത്തിൽ പെട്ടയാളെ നിയമിച്ചെന്നും പവാർ കൂട്ടിച്ചേർത്തു. ഇത് സവർക്കറിന്റെ പുരോഗമന ചിന്താഗതി വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയോ​ഗ്യനാക്കപ്പെട്ട വിധിക്ക് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ മാപ്പ് പറയാൻ താൻ സവർക്കറല്ല, ​ഗാന്ധിയാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞിരുന്നു.

വി. ഡി സവർക്കർ തങ്ങളുടെ ആരാധനാപാത്രമാണെന്നും അദ്ദേഹത്തെ അപമാനിക്കുന്നത് ക്ഷമിക്കാനാകില്ലെന്നും സേന (യു.ബി.ടി), കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) എന്നീ മൂന്ന് പാർട്ടികളും ചേർന്ന് മഹാ വികാസ് അഘാഡി (എം.വി.എ) സഖ്യം രൂപീകരിച്ചത് ജനാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണെന്നും അതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും താക്കറെ പറഞ്ഞു.

ചിലർ ബോധപൂർവം രാഹുൽ ഗാന്ധിയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“സവർക്കർ നമ്മുടെ ആരാധനാപാത്രമാണ്, നമ്മുടെ ജനാധിപത്യം സംരക്ഷിക്കാൻ ഒരുമിച്ച് പോരാടേണ്ടി വന്നാൽ സവർക്കറിനെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ വെച്ചുപൊറുപ്പിക്കില്ല. 14 വർഷത്തോളം ആൻഡമാൻ സെല്ലുലാർ ജയിലിൽ സവർക്കർ അനുഭവിച്ചത് സങ്കൽപ്പിക്കാനാവാത്ത പീഡനങ്ങളാണ്. കഷ്ടപ്പാടുകൾ മാത്രമേ അവിടെ നമുക്ക് വായിക്കാനാവൂ. ഇത് ത്യാഗത്തിന്റെ ഒരു രൂപമാണ്.

നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ നമ്മൾ ഒന്നിച്ചിരിക്കുകയാണെന്ന് രാഹുൽ ഗാന്ധിയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ നിങ്ങളെ ബോധപൂർവം പ്രകോപിപ്പിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Sharad pawar says savarkar row is not a national issue

We use cookies to give you the best possible experience. Learn more