| Thursday, 14th January 2021, 7:51 pm

ധനഞ്ജയ് മുണ്ടെക്കെതിരെയുള്ള ലൈംഗികാരോപണം ഗൗരവതരം; ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ശരദ് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ ധനഞ്ജയ് മുണ്ടെക്കെതിരെയുള്ള ലൈംഗികാരോപണം ഗൗരവതരമായി കാണുന്നുവെന്ന് എന്‍.സി.പി മുതിര്‍ന്ന നേതാവ് ശരദ് പവാര്‍. വിഷയം പാര്‍ട്ടിനേതൃത്വം ഉടന്‍ ചര്‍ച്ചചെയ്യുമെന്നും നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

‘ അദ്ദേഹത്തിനെതിരെയുള്ള(ധനഞ്ജയ് മുണ്ടെ) ആരോപണം ഗൗരവമായി കാണുന്നു. ഈ വിഷയം പാര്‍ട്ടിതലത്തില്‍ ചര്‍ച്ച ചെയ്യും. കൃത്യമായ ചര്‍ച്ചയ്ക്ക് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കും, പവാര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസമാണ് ധനഞ്ജയ് മുണ്ടെക്കെതിരെ ലൈംഗികാരോപണവുമായി ഗായിക രേണു ശര്‍മ്മ രംഗത്തെത്തിയത്. മന്ത്രിക്കെതിരെ മഹാരാഷ്ട്ര പൊലീസില്‍ പരാതി നല്‍കിയതായി രേണു പറഞ്ഞിരുന്നു.

എന്നാല്‍ തന്റെ പരാതിയിന്‍മേല്‍ യാതൊരു നടപടിയുമെടുക്കാനും പൊലീസ് തയ്യാറായില്ലെന്ന് രേണു പറഞ്ഞു. താന്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു രേണുവിന്റെ പരാമര്‍ശം.

മന്ത്രി തന്നെ നിരന്തരമായി ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്നും രേണു പരാതിയില്‍ പറയുന്നു. പരാതി സ്വീകരിക്കാന്‍ പോലും പൊലീസ് തയ്യാറാവുന്നില്ലെന്നും രേണു ട്വിറ്ററിലെഴുതിയിരുന്നു.

ബോളിവുഡില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് മന്ത്രി തന്നെ ലൈംഗികാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നും വിവരം പുറത്തു പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും രേണു പറഞ്ഞു.

ഓഷിവാര സ്റ്റേഷനില്‍ മന്ത്രിക്കെതിരെ താന്‍ പരാതി നല്‍കി. എന്നാല്‍ അത് സ്വീകരിക്കാന്‍ പൊലീസുദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. എന്റെ ജീവന്‍ തന്നെ അപകടത്തിലാണ്, രേണു ട്വിറ്ററിലെഴുതിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി, എന്‍.സി.പി മുതിര്‍ന്ന നേതാവ് ശരദ് പവാര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബി.ജെ.പി മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെ ടാഗ് ചെയ്തായിരുന്നു രേണുവിന്റെ ട്വീറ്റ്.

മന്ത്രിയ്ക്കെതിരെ പരാതി നല്‍കിയത് മുതല്‍ തന്റെ ജീവന്‍ അപകടത്തിലാണെന്നും ഉടന്‍ തന്നെ തനിക്ക് സുരക്ഷയേര്‍പ്പെടുത്തണമെന്നും രേണു തന്റെ പരാതിയില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Sharad Pawar Says Rape Charges Against Maharashtra Minister Serious

We use cookies to give you the best possible experience. Learn more