| Tuesday, 22nd September 2020, 5:18 pm

'ചിലരെ അവര്‍ക്ക് അത്രയ്ക്കിഷ്ടമാണ്'; ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതില്‍ കേന്ദ്രത്തിനെതിരെ ശരദ് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച വോട്ടെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ എന്‍.സി.പി നേതാവ് ശരദ് പവാര്‍. ‘ചിലരെ അവര്‍ക്ക് അത്രയ്ക്ക് ഇഷ്ടമാണ്’ എന്നാണ് ശരദ് പവാര്‍ പറഞ്ഞത്.

തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തത ആവശ്യപ്പെട്ടുകൊണ്ടാണ് ശരദ് പവാര്‍ അടക്കമുള്ള നേതാക്കള്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്. ശരദ് പവാര്‍, അദ്ദേഹത്തിന്റെ മകളും എം.പിയുമായ സുപ്രിയ സൂലേ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, അദ്ദേഹത്തിന്റെ മകനും ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെ എന്നിവര്‍ക്കാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചത്.

‘അതെ, എനിക്കും അത് നോട്ടീസ് കിട്ടി. അവര്‍ക്ക് ചിലരെ അത്രയ്ക്കിഷ്ടമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം 2009, 2014, 2020 എന്നീ വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തത ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്. അതിന് മറുപടി നല്‍കുകയും ചെയ്യും ‘ മുംബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം നടപ്പാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു.

‘ഇപ്പോള്‍ രാഷ്ട്രപതി ഭരണം നടപ്പാക്കാന്‍ എന്തെങ്കിലും കാരണമുണ്ടായോ? രാഷ്ട്രപതി ഭരണമെന്താ തമാശയാണോ? നല്ല ഭൂരിപക്ഷത്തോടെ തന്നെയാണ് അധികാരത്തില്‍ വന്നിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

ഇന്ന് കാര്‍ഷിക ബില്ല് പാസാക്കിയതില്‍ പ്രതിഷേധിച്ച് രാജ്യസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ച എം.പിമാര്‍ക്ക് പിന്തുണയുമായി ശരദ്പാവാര്‍ ഇന്ന് രംഗത്തെത്തിയിരുന്നു.
എം.പിമാരെ പിന്തുണച്ച് ഇന്ന് താന്‍ നിരാഹാരമനുഷ്ഠിക്കുമെന്നാണ് അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sharad Pawar says he will give reply to income tax

Latest Stories

We use cookies to give you the best possible experience. Learn more