ന്യൂദല്‍ഹി: വരാനിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍. കേന്ദ്രത്തില്‍ അധികാരമുണ്ടെന്ന് കരുതി സംസ്ഥാനങ്ങള്‍ പിടിക്കാമെന്ന ബി.ജെ.പി മോഹം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് പവാറിന്റെ പരാമര്‍ശം.
കേരളവും തമിഴ്‌നാടുമടക്കം രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ഭരണം പിടിക്കാന്‍ സാധിച്ചിട്ടില്ലെന്നും എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവരെ നിസാരമായി കാണാനൊക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂട്ടത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടണമെന്നും എന്‍.സി.പി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
‘കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. കേരള, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയല്ല ഭരിക്കുന്നത്. കര്‍ണാടകയില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
കേന്ദ്രത്തില്‍ അധികാരം ഉണ്ടായത് കൊണ്ട് നിങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ പിടിക്കാന്‍ പറ്റില്ല. മധ്യ പ്രദേശില്‍ കോണ്‍ഗ്രസ് ആയിരുന്നു ജയിച്ചത്. കമല്‍ നാഥ് മുഖ്യമന്ത്രിയുമായി. പക്ഷെ എം.എല്‍.എമാര്‍ കൂറുമാറിയതോടെ ബി.ജെ.പി അധികാരത്തില്‍ കയറി.
രാജസ്ഥാന്‍, ദല്‍ഹി, പഞ്ചാബ്, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളിലെല്ലാം തന്നെ പ്രാദേശിക പാര്‍ട്ടികളാണ് അധികാരത്തിലെത്തിയത്. ബി.ജെ.പി അധികാരം കിട്ടാത്ത നിരവധി സംസ്ഥാനങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. 2024ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ശക്തമായി തന്നെ നേരിടേണ്ടി വരും.
അവരെ നിസാരമായി കാണാനൊക്കില്ല. ഒരുമിച്ച് നിന്നില്ലെങ്കില്‍ ബി.ജെ.പിയെ താഴെയിറക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്കാവില്ല,’ പവാര്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് മേല്‍ ശരദ് പവാര്‍ നടത്തിയ പരാമര്‍ശം കോണ്‍ഗ്രസിനുള്ളില്‍ തന്നെ വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. അദാനിക്കെതിരായ ജെ.പി.സി അന്വേഷണത്തെയും അദ്ദേഹം എതിര്‍ത്തിരുന്നു.
അദാനിക്കെതിരായ പാര്‍ലമെന്റില്‍ നടന്ന പ്രതിഷേധത്തില്‍ എന്‍.സി.പി പങ്കെടുക്കാതിരുന്നതും വിവാദമായിരുന്നു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സഖ്യ കക്ഷിയായ എന്‍.സി.പിയുടെ നിലപാടിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് പവാര്‍ രംഗത്തെത്തിയിരിക്കുന്നത്.
Content Highlight: sharad pawar says congress will in karnataka