ന്യൂദല്‍ഹി: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ ഒരുമാസത്തിലേറെയായി തുടരുന്ന കാര്‍ഷിക പ്രക്ഷോഭത്തെ ഗൗരവമായി കാണണമെന്ന് കേന്ദ്രത്തോട് എന്‍.സി.പി നേതാവ് ശരദ് പവാര്‍. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പവാറിന്റെ പ്രതികരണം.
‘കര്‍ഷക പ്രക്ഷോഭത്തെ സര്‍ക്കാര്‍ ഗൗരവമായി എടുക്കണം. ഉടന്‍ ചര്‍ച്ച നടത്തണം. തണുത്ത് വിറയ്ക്കുന്ന തണുപ്പിലും കര്‍ഷകര്‍ തെരുവില്‍ പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്. ഇത് നമ്മളെ എല്ലാവരെയും ബാധിക്കുന്ന ഒരു വിഷയമാണ്.
കര്‍ഷക പ്രതിഷേധം രാഷ്ട്രീയപരമല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ചേര്‍ന്നല്ല തങ്ങള്‍ സമരം ചെയ്യുന്നതെന്ന് കര്‍ഷകര്‍ സമരം തുടങ്ങിയത് മുതല്‍ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് ശേഷം യെച്ചൂരിയും മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ശരദ് പവാറിനെ കണ്ടു. കര്‍ഷകപ്രക്ഷോഭത്തെക്കുറിച്ചാണ് സംസാരിച്ചത്. ഡിസംബര്‍ 30ലെ ചര്‍ച്ചയ്ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. അത് കഴിഞ്ഞ് മുന്നോട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കും,’ യെച്ചൂരി പറഞ്ഞു.
കര്‍ഷക നിയമത്തിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് കര്‍ഷകര്‍. ഡിസംബര്‍ 29ന് നിശ്ചയിച്ചിരുന്ന ചര്‍ച്ചയാണ് കേന്ദ്രം തന്നെ ഡിസംബര്‍ 30ലേക്ക് മാറ്റിയത്.
ചര്‍ച്ചയ്ക്ക് തയ്യാറായെങ്കിലും തങ്ങളുടെ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടിലാണ് കര്‍ഷകര്‍.
ഡിസംബര്‍ എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ അവസാനമായി ചര്‍ച്ച നടത്തിയിരുന്നത്. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ നേരത്തെ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഭേദഗതികളെപ്പറ്റി ആലോചിക്കാമെന്നും താങ്ങുവിലയില്‍ ചില ഉറപ്പുകള്‍ നല്‍കാമെന്നുമായിരുന്നു കേന്ദ്രം ആവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു.
നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും കേന്ദ്രം പലതവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കര്‍ഷകര്‍ വീണ്ടും ചര്‍ച്ചക്ക് തയ്യാറായിരിക്കുന്നത്. ഈ ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. പഞ്ചാബില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ ദല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക