അണ്ണാ ഡി.എം.കെയുടെ ഇന്ത്യ പ്രവേശം സ്റ്റാലിനുമായി കൂടിയാലോചിച്ച ശേഷം മാത്രം: ശരദ് പവാര്‍
national news
അണ്ണാ ഡി.എം.കെയുടെ ഇന്ത്യ പ്രവേശം സ്റ്റാലിനുമായി കൂടിയാലോചിച്ച ശേഷം മാത്രം: ശരദ് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th September 2023, 8:36 am

മുംബൈ: ബി.ജെ.പിയുമായി നാല് വര്‍ഷത്തെ സഖ്യമവസാനിപ്പിച്ച ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴക (എ.ഐ.എ.ഡി.എം.കെ)ത്തെ പ്രതിപക്ഷ ബ്ലോക്കായ ‘ഇന്ത്യ’യില്‍ ഉള്‍പ്പെടത്തുന്നത് ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിനുമായി കൂടിയാലോചിച്ച ശേഷം മാത്രമായിരിക്കുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍.

‘ഇന്ത്യ മുന്നണിയിലെ അംഗമാണ് ഡി.എം.കെ. അതിനാല്‍ ഡി.എം.കെയുമായോ അതിന്റെ നേതാവായ സ്റ്റാലിനുമായോ കൂടിയാലോചിക്കാതെ ഇതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും സ്വീകരിക്കില്ല,’ എ.ഐ.എ.ഡി.എം.കെയുടെ ഇന്ത്യ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പവാര്‍ മറുപടി നല്‍കി.

 

ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയെ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിടുന്നതിനായി 28 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച സഖ്യമാണ് ‘ഇന്ത്യ’. കോണ്‍ഗ്രസ്, എന്‍.സി.പി, എ.എ.പി, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ.എം, ഡി.എം.കെ, സി.പി.ഐ അടക്കമുള്ള പാര്‍ട്ടികളാണ് ഇന്ത്യ സഖ്യത്തിലുള്ളത്.

തിങ്കളാഴ്ചയാണ് എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായുള്ള സഖ്യമവസാനിപ്പിച്ചത്. അണ്ണാദുരൈയെ കുറിച്ചുള്ള ബി.ജെ.പി അധ്യക്ഷന്‍ അണ്ണാമലൈയുടെ പ്രസ്താവനകള്‍ക്ക് ശേഷമാണ് എ.ഐ.എ.ഡി.എം.കെ – ബി.ജെ.പി ബന്ധം വഷളായതും, ദ്രാവിഡ പാര്‍ട്ടി സഖ്യം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതും.

ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ, ദ്രാവിഡ നേതാവ് സി.എന്‍. അണ്ണാദുരൈയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ അദ്ദേഹം മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തെ ചുമതലകളില്‍ നിന്ന് നീക്കണമെന്നും എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി ദേശീയനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

ഹൈന്ദവ വിശ്വാസത്തിനെതിരെ അണ്ണാദുരൈ സംസാരിച്ചിരുന്നു എന്നായിരുന്നു അണ്ണാമലൈ പറഞ്ഞത്. എന്നാല്‍ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ അണ്ണാമലൈ തയ്യാറായിരുന്നില്ല. അണ്ണാദുരൈയെ കുറിച്ച് താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും 1956ലെ ഒരു സംഭവം ഓര്‍മിപ്പിക്കുക മാത്രമാണ് ചെയ്തത് എന്നുമായിരുന്നു ബി.ജെ.പി അധ്യക്ഷന്‍ വിശദീകരണം.

മുന്നണി വിടാനുള്ള എ.ഐ.എ.ഡി.എം.കെയുടെ തീരുമാനം പുനപരിശോധിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെടില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ദേശീയ തലത്തിലും എന്‍.ഡി.എയുമായി സഹകരണമില്ലെന്ന് പാര്‍ട്ടി നേതൃയോഗം അറിയിച്ചു. ഐക്യകണ്‌ഠേനയാണ് തീരുമാനമെന്നും മുന്നണിയില്‍ ഏതൊക്കെ പാര്‍ട്ടികളെ ഉള്‍പ്പെടുത്തണമെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനിക്കുമെന്നുമായിരുന്നു സഖ്യമവസാനിപ്പിച്ചതിന് പിന്നാലെ എ.ഐ.എ.ഡി.എം.കെ പറഞ്ഞത്.

 

അണ്ണാദുരൈയെയും ജയലളിതയേയും അധിക്ഷേപിച്ച ബി.ജെ.പിക്കൊപ്പം നില്‍ക്കാനാകില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് തീരുമാനമെന്നും പാര്‍ട്ടി പ്രമേയം പാസാക്കി. പാര്‍ട്ടി ആസ്ഥാനത്ത് പടക്കം പൊട്ടിച്ചാണ് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്.

 

 

Content highlight:  Sharad Pawar said that AIADMK will be included in the opposition bloc ‘India’ only after consultation with Stalin.