| Wednesday, 14th October 2020, 12:57 pm

'എന്ത് മര്യാദകെട്ട ഭാഷയാണ് അത്, ഒരു പാര്‍ട്ടിനേതാവിനോട് പറയും പോലെ'; പ്രധാനമന്ത്രിക്ക് ശരദ് പവാറിന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കെതിരെ ഗവര്‍ണര്‍ അയച്ച കത്തില്‍ പ്രതികരണവുമായി എന്‍.സി.പി നേതാവ് ശരദ് പവാര്‍. കത്തില്‍ ഗവര്‍ണര്‍ ഉപയോഗിച്ച ഭാഷ കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് പവാര്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞു.

ഗവര്‍ണര്‍ക്ക് ഈ വിഷയത്തില്‍ സ്വതന്ത്രമായ അഭിപ്രായങ്ങളും കാഴ്ചപ്പാടും ഉണ്ടായിരിക്കാമെന്നും മുഖ്യമന്ത്രിയെ അത് അറിയിക്കാനുള്ള ഗവര്‍ണറുടെ അവകാശത്തെ താന്‍ മാനിക്കുന്നെന്നും പറഞ്ഞ പവാര്‍ എന്നിരുന്നാലും, കത്തില്‍ അദ്ദേഹം ഉപയോഗിച്ച ഭാഷ ഞെട്ടിപ്പിക്കുന്നതാണെന്നും പറഞ്ഞു.

ഗവര്‍ണര്‍ ഉപയോഗിച്ച മര്യാദയില്ലാത്ത ഭാഷ പ്രധാനമന്ത്രി ശ്രദ്ധിച്ചിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ എല്ലാ മതങ്ങളും തുല്യമാണെന്ന് വ്യക്തമാക്കുന്ന ‘മതേതരം’ എന്ന പദം ചേര്‍ത്തിട്ടുണ്ട്മു, ഖ്യമന്ത്രിയുടെ ചെയര്‍ ഭരണഘടനയുടെ അത്തരം സിദ്ധാന്തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍, ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന് എഴുതിയതുപോലെയായാണെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗവര്‍ണറുടെ കത്ത്. ബാറുകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിച്ച ഉദ്ദവ് ദേവീ-ദേവന്‍മാരെ പൂട്ടിയിട്ടിരിക്കുകയാണെന്നതുള്‍പ്പടെയുള്ള പരാമര്‍ശങ്ങളായിരുന്നു കത്തിലൂടെ ഗവര്‍ണര്‍ ഉന്നയിച്ചത്.

ബാറുകളും റെസ്റ്റോറന്റുകളും തുറന്ന സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തത് വിരോധാഭാസമാണെന്നും ഭഗത് സിങ് കോഷ്യാരി കത്തില്‍ പറഞ്ഞിരുന്നു.

ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളും തുറക്കണമെന്നും കത്തില്‍ കോഷ്യാരി പറഞ്ഞിരുന്നു.

എന്നാല്‍ ഗവര്‍ണറുടെ കത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രംഗത്തെത്തിയിരുന്നു. എന്റെ ഹിന്ദുത്വത്തെക്കുറിച്ച് നിങ്ങളില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നായിരുന്നു  ഉദ്ദവ് പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:   Sharad Pawar’s Letter To PM Modi on  Uddhav Thackeray And Governor Issue

We use cookies to give you the best possible experience. Learn more