| Sunday, 7th February 2021, 9:13 am

സച്ചിനോട് ഒന്നേ പറയാനുള്ളൂ; വിവാദ ട്വീറ്റില്‍ സച്ചിന് ഉപദേശവുമായി ശരദ് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിയാനയ്‌ക്കെതിരെ സംസാരിച്ച ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെതിരെ വിമര്‍ശനവുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍.

സച്ചിന്റെ ട്വീറ്റ് വലിയ വിവാദമായതിന് പിന്നാലെയാണ് ശരത് പവാര്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

” ഒരുപാട് ആളുകള്‍ ഇന്ത്യന്‍ സെലിബ്രിറ്റികളെടുത്ത നിലപാടിനെതിരെ ശക്തമായ വിമര്‍ശനവുമായി മുന്നോട്ട് വന്നിരുന്നു. തന്റെ മേഖലയില്‍പ്പെടാത്ത വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ശ്രദ്ധ വേണമെന്നാണ് എനിക്ക് സച്ചിനോട് പറയാനുള്ളത്,” പവാര്‍ പറഞ്ഞു.

കര്‍ഷകരെ ഖലിസ്ഥാനി തീവ്രവാദികളായി മുദ്രകുത്തുന്ന കേന്ദ്രസര്‍ക്കാരിനെതിരെയും പവാര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
” പ്രതിഷേധിക്കുന്നത് നമ്മുടെ രാജ്യത്തിന് ഭക്ഷണം നല്‍കുന്ന കര്‍ഷകരാണ്. അവരെ ഖലിസ്ഥാനികളെന്നും തീവ്രവാദികളെന്നും വിളിക്കുന്നത് ശരിയല്ല.” പവാര്‍ പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം നിയന്ത്രിക്കണമെന്നുമായിരുന്നു റിയാനയുടെ ട്വീറ്റിന് മറുപടിയായി സച്ചിന്‍ പറഞ്ഞത്.

‘ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം’, എന്നായിരുന്നു സച്ചിന്‍ ട്വിറ്ററിലെഴുതിയത്.

കര്‍ഷക സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതിനെതിരെ റിയാന രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ റിയാനയ്ക്കെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയതോടെ വിഷയം ആഗോളതലത്തില്‍ ചര്‍ച്ചയാകുകയായിരുന്നു.

റിയാനനയ്ക്ക് പിന്നാലെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ് തുടങ്ങിയവര്‍ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിനോടൊപ്പം തന്നെ ഇവര്‍ ഇന്റര്‍നെറ്റ് സസ്‌പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sharad Pawar’s “Advice” To Sachin Tendulkar On “Indians For India” Tweet

We use cookies to give you the best possible experience. Learn more