[]മുംബൈ : ബി.സി.സി.ഐയുടെയും ഐ.സി.സിയുടെയും മുന്‍ പ്രസിഡന്റായ ശരദ് പവാര്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ തലവനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
എതിരാളിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലും തള്ളിയതോടെയാണ് പവാറിന്റെ വഴി തെളിഞ്ഞത്. പവാറിന്റെ തിരിച്ചുവരവോടെ ബി.സി.സി.ഐയിലെ എന്‍.ശ്രീനിവാസന്‍ വിരുദ്ധ ലോബി കൂടുതല്‍ ശക്തി പ്രാപിക്കും.
മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ തലവന്‍ എന്ന നിലയില്‍ പവാര്‍ ആയിരിക്കും ഇനി മഹാരാഷ്ട്രക്കു വേണ്ടി ബി.സി.സി.ഐ യോഗങ്ങളില്‍ പങ്കെടുക്കുക. ചൂടേറിയ രംഗങ്ങളായിരിക്കും ഇനി യോഗങ്ങളില്‍ അരങ്ങേറുകയെന്ന് നിരീക്ഷകര്‍ കരുതുന്നു.
മുംബൈ നിവാസിയാണെന്ന് തെളിയിക്കാന്‍ കഴിയാത്തതിനാലാണ് മുണ്ടെയുടെ സ്ഥാനാര്‍ത്ഥിത്വം തള്ളിയത്. എന്നാല്‍ പാസ്‌പോര്‍ട്ട്, ഇന്‍കം ടാക്‌സ് രസീതുകള്‍, പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ എന്നിവ നല്‍കിയിരുന്നതായും അപേക്ഷ തള്ളിയതിന്റെ കാരണം വ്യക്തമല്ലെന്നും മുണ്ടെ പ്രതികരിച്ചു.
ശരദ് പവാര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ ബി.സി.സി.ഐ പ്രസിഡന്റ് ശ്രീനിവാസന്റെ കസേരയ്ക്ക് ഇളക്കം തട്ടാന്‍ ഏറെ സാധ്യതയുണ്ട്. ബോര്‍ഡിന്റെ വാര്‍ഷികപൊതു സമ്മേളനത്തിനു മുന്‍പ് ശരദ് പവാര്‍ എം.സി.എയിലേയ്ക്ക് തിരിച്ചെത്തുന്നതു തടയാന്‍ ശ്രീനിവാസന്‍ ഏറെ പരിശ്രമിച്ചിരുന്നു.
എം.സി.എയുടെ സ്റ്റാന്‍ഡിംഗ് പ്രസിഡന്റും ബി.സി.സി.ഐയുടെ ഇടക്കാല ട്രഷററുമായ രവി സാവന്തിനെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനും ശ്രീനിവാസന്‍ ശ്രമിച്ചിരുന്നു.