അജിത് പവാറിന് ഇപ്പോള്‍ തന്നെ നിരവധി ചുമതലകള്‍ ഉണ്ട്; വര്‍ക്കിങ് പ്രസിഡന്റുമാരെ നിശ്ചയിച്ചതില്‍ അതൃപ്തിയെന്ന റിപ്പോര്‍ട്ട് തള്ളി പവാര്‍
national news
അജിത് പവാറിന് ഇപ്പോള്‍ തന്നെ നിരവധി ചുമതലകള്‍ ഉണ്ട്; വര്‍ക്കിങ് പ്രസിഡന്റുമാരെ നിശ്ചയിച്ചതില്‍ അതൃപ്തിയെന്ന റിപ്പോര്‍ട്ട് തള്ളി പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th June 2023, 8:32 am

മുംബൈ: സുപ്രിയ സുലയെയും പ്രഫുല്‍ പട്ടേലിനെയും വര്‍ക്കിങ് പ്രസിഡന്റുമാക്കിയതിന് പിന്നാലെ അജിത് പവാറിന് ചുമതലകള്‍ ലഭിക്കാത്തതില്‍ അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ട് തള്ളി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. റിപ്പോര്‍ട്ടില്‍ കഴമ്പില്ലെന്നും മഹാരാഷ്ട്ര നിയമ സഭയിലെ നേതാവെന്ന നിലയില്‍ അജിത് പവാറിന് ഇപ്പോള്‍ തന്നെ ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി നേതാക്കളാണ് സുപ്രിയ സുലെയുടെയും പ്രഫുല്‍ പട്ടേലിന്റെയും പേരുകള്‍ നിര്‍ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സുപ്രിയ സുലെയെയും പ്രഫുല്‍ പട്ടേലിനെയും വര്‍ക്കിങ് പ്രസിഡന്റുമാരാക്കിയത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിനുള്ള ചര്‍ച്ചകള്‍ രണ്ട് മാസങ്ങളായി നടന്നുവരികയായിരുന്നുവെന്നും പവാര്‍ പറഞ്ഞു.

‘രാജ്യത്തെ സാഹചര്യമനുസരിച്ച് എല്ലാ സംസ്ഥാനത്തിന്റെയും ചുമതല ഒരാള്‍ക്ക് മാത്രം നല്‍കിയാല്‍ തെറ്റാകും’ എന്നാണ് വര്‍ക്കിങ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് ശേഷം പവാര്‍ പറഞ്ഞത്.

പാര്‍ട്ടിയുടെ 25-ാം വാര്‍ഷികത്തിലായിരുന്നു ശരദ് പവാര്‍ വര്‍ക്കിങ് പ്രസിഡന്റുമാരെ പ്രഖ്യാപിചച്ചത്. 1999 ല്‍ പി.എ സാങ്മയും ശരദ് പവാറും ചേര്‍ന്നാണ് എന്‍.സി.പി രൂപീകരിക്കുന്നത്. അജിത്ത് പവാറിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം നടന്നത്.

മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് സുപ്രിയ സുലെക്ക് നല്‍കിയിട്ടുള്ളത്. മധ്യപ്രദേശ്, ഗോവ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് പ്രഫുല്‍ പട്ടേലിനുള്ളത്.

എന്‍.സി.പി ജനറല്‍ സെക്രട്ടറി സുനില്‍ തത്കറെക്ക് ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ ചുമതലയും കര്‍ഷക ന്യൂനപക്ഷ വകുപ്പിന്റെ ചുമതലും നല്‍കിയിട്ടുണ്ട്. ദല്‍ഹിയിലെ പാര്‍ട്ടി അധ്യക്ഷനായി നന്ദ ശാസ്ത്രിയെയും ശരദ് പവാര്‍ പ്രഖ്യാപിച്ചിരുന്നു. ലോക്സഭ കോഡിനേഷന്‍ ചുമതലയും സുപ്രിയക്ക് നല്‍കിയിട്ടുണ്ട്. ലോക്‌സഭയിലെ അനുഭവ സമ്പത്ത് പരിഗണിച്ചാണ് സുപ്രിയക്ക് ഈ ചുമല നല്‍കിയതെന്ന് പവാര്‍ പറഞ്ഞു.

പ്രഖ്യാപനത്തിന് പിന്നാലെ ശരദ് പവാറിനും തന്നെ ഈ ചുമതലയേല്‍പ്പിച്ച പാര്‍ട്ടി നേതാക്കള്‍ക്കും നന്ദിയറിയിക്കുന്നതായി സുപ്രിയ അറിയിച്ചു.

അതേസമയം ചുമതലകളൊന്നും ലഭിക്കാത്തതില്‍ താന്‍ അതൃപ്തനാണെന്ന വാര്‍ത്ത് അജിത് പവാറും തള്ളി. ‘ചുമതലകളൊന്നും ലഭിക്കാത്തതില്‍ ഞാന്‍ അതൃപ്തനാണെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തം എനിക്കുണ്ടെന്ന് ഇവരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ അജിത് പവാര്‍ വ്യക്തമാക്കി.

Content Highlight: sharad pawar reject the report of  ajith pawar is unhappy with working president selection