മുംബൈ: നടന്‍ ദിലീപ് കുമാറിന്റെ മരണത്തോടെ തനിക്ക് പിതൃതുല്യമായ ആളെയാണ് നഷ്ടമായതെന്ന് എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍. കുട്ടിക്കാലത്ത് താന്‍ ദിലീപ് കുമാറിന്റെ സിനിമയുടെ ഷൂട്ടിംഗ് കാണുന്നതിനായി പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്ക് അദ്ദേഹത്തെക്കുറിച്ച് നല്ല ഒരുപാട് ഓര്‍മ്മകളുണ്ട്. സ്‌കൂള്‍ പഠനകാലത്ത് ഒരിക്കല്‍ ജേജുരിയില്‍ അദ്ദേഹത്തിന്റെ നയാ ദൗര്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതായി അറിഞ്ഞു. ഞങ്ങള്‍ കൂട്ടുകാരെല്ലാം കൂടെ സൈക്കിളെടുത്തു ഷൂട്ടിംഗ് കാണാന്‍ പോയി. അന്നാണ് ഞാന്‍ ദിലീപ് കുമാറിനെ ആദ്യമായി കാണുന്നത്,’ പവാര്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞ് താന്‍ രാഷ്ട്രീയത്തില്‍ സജീവമായപ്പോഴും തങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമായിരുന്നെന്ന് പവാര്‍ ഓര്‍മ്മിച്ചു. തന്റെ ഒന്നിലധികം തെരഞ്ഞെടുപ്പുകളില്‍ പ്രചരണത്തിനായി ദിലീപ് കുമാര്‍ വന്നിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുകാര്യങ്ങളില്‍ അദ്ദേഹം കാണിച്ച താല്‍പ്പര്യമാണ് തലസ്ഥാനത്തെ ഷെറീഫ് എന്ന പദവി ദിലീപ് കുമാറിന് നല്‍കിയതെന്നും പവാര്‍ പറഞ്ഞു. ഷെറീഫ് ആയതിന് ശേഷം മുംബൈയുടെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ അദ്ദേഹം മികച്ച ഇടപെടല്‍ നടത്തിയെന്നും പവാര്‍ പറഞ്ഞു.
ബുധനാഴ്ചയാണ് ദിലീപ് കുമാര്‍ മരിച്ചത്. 98 വയസായിരുന്നു. അസുഖബാധിതനായതിനെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി മുംബൈയിലെ പി.ഡി. ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1944 ലാണ് ദിലീപ് കുമാര്‍ സിനിമയിലെത്തുന്നത്. ജ്വാര്‍ ഭട്ട എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ബോളിവുഡിന്റെ ദുരന്തനായകന്‍ എന്ന പേരില്‍ പ്രശസ്തനാണ് ഇദ്ദേഹം.
കില ആണ് അവസാനചിത്രം. ദാദസാഹിബ് ഫാല്‍കെ അവാര്‍ഡ്, പദ്മ വിഭൂഷണ്‍ തുടങ്ങിയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.