ഫലസ്തീന്‍-ഇസ്രഈല്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രസ്താവനകള്‍ പരസ്പര വിരുദ്ധം: ശരദ് പവാര്‍
national news
ഫലസ്തീന്‍-ഇസ്രഈല്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രസ്താവനകള്‍ പരസ്പര വിരുദ്ധം: ശരദ് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th October 2023, 1:27 pm

ന്യൂദല്‍ഹി: ഫലസ്തീന്‍-ഇസ്രഈല്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനകളില്‍ നിന്നും വ്യത്യസ്തമെന്ന് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരദ് പവാര്‍. ഇന്ത്യന്‍ സര്‍ക്കാര്‍ നൂറ് ശതമാനവും ഇസ്രഈലിനെ പിന്തുണച്ചെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നത് ഫലസ്തീനെയും ഇന്ത്യ പിന്തുണക്കുന്നുണ്ടെന്നാണ്. അത് ഞങ്ങള്‍ തുടരും. എന്നാല്‍ ഭീകരാക്രമണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരു സംഘടനയ്ക്കും ഞങ്ങള്‍ എതിരാണ്.

എന്നാല്‍ മോദിയുടെ പ്രസ്താവന തങ്ങള്‍ പൂര്‍ണമായും ഇസ്രഈലിനൊപ്പമാണെന്നാണ്. തങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെന്നാണ് അദ്ദേഹം ഇസ്രഈല്‍ പ്രധാനമന്ത്രിയോട് പറഞ്ഞത്,’ ശരദ് പവാര്‍ പറഞ്ഞു.

ഇസ്രഈല്‍-ഫലസ്തീന്‍ ആക്രമണം ഗുരുതരമാണെന്നും വിഷയത്തില്‍ അഫ്ഗാനിസ്ഥാന്‍, യു.എ.ഇ തുടങ്ങിയ മുസ്‌ലിം രാഷ്ട്രങ്ങളുടെയും മറ്റ് രാജ്യങ്ങളുടെയും കാഴ്ച്ചപ്പാടുകള്‍ അവഗണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇതാദ്യമായാണ് ഒരു രാഷ്ട്രതലവന്‍ സ്വീകരിച്ച നിലപാടില്‍ നിന്ന് അദ്ദേഹത്തിന്റെ മന്ത്രാലയം മറ്റൊരു അഭിപ്രായം സ്വീകരിക്കുന്നത്,’ ശരദ് പവാര്‍ ചൂണ്ടിക്കാട്ടി.

നേരത്തെ ഇസ്രഈല്‍ ഹമാസ് ആക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ മോദി ഇന്ത്യയുടെ പൂര്‍ണ പിന്തുണ ഇസ്രഈല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന് വാഗ്ദാനം ചെയ്തിരുന്നു.

Content Highlights: Sharad Pawar points out the PM’s stand on Palesstine-Israel strike is different from MEA