ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ കാര്‍ഷിക പ്രശ്‌നങ്ങളുന്നയിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തും. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍ തുടരവെയാണ് പവാര്‍-മോദി കൂടിക്കാഴ്ച. രാഷ്ട്രപതി ഭരണം തുടരുന്ന സാഹചര്യത്തിലുമാണ് ചര്‍ച്ച.
മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം നേടാനാവാത്തതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരണം നീണ്ടുപോയത്. അതിനിടെ ശിവസേന എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ തേടിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. സേനയുമായുള്ള സഖ്യത്തില്‍ തീരുമാനമെടുക്കാന്‍ ശരദ് പവാര്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിന് മുമ്പാണ് പവാര്‍-മോദി കൂടിക്കാഴ്ച.
സംസ്ഥാനത്തിന്റെ കാര്‍ഷിക വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്ന് എന്‍.സി.പി വൃത്തങ്ങള്‍ അറിയിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ നടത്തുന്ന കൂടിക്കാഴ്ച നിര്‍ണായകമായേക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
അതേസമയം, മോദിയും പവാറുമായുള്ള കൂടിക്കാഴ്ചയെ ഭയക്കുന്നില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഏക മാര്‍ഗം ശിവസേനയുമായി സഖ്യമേര്‍പ്പെടുത്തുകയാണെന്ന് എന്‍.സി.പി വക്താവ് നവാബ് മാലിക് വീണ്ടും ആവര്‍ത്തിച്ചു. ഇതും ശിവസേനയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.
ചൊവ്വാഴ്ച സോണിയാ ഗാന്ധി കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജ്ജുന ഗാര്‍ഖെ, എ.കെ ആന്റണി, കെ.സി വേണുഗോപാല്‍ തുടങ്ങിയവരുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ശരദ് പവാറുമായുള്ള കൂടികാഴ്ച്ചക്ക് ശേഷമായിരുന്നു സോണിയ കോണ്‍ഗ്രസ് നേതാക്കളെ കണ്ടത്.
സര്‍ക്കാര്‍ രൂപീകരണവുമായി യാതൊരു ചര്‍ച്ചയും നടന്നില്ല മറിച്ച് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുകയാണ് ചെയ്തതെന്നായിരുന്നു കുടികാഴ്ച്ചക്ക് ശേഷം ശരദ് പവാര്‍ പ്രതികരിച്ചത്.