India
എന്‍.സി.പി അധ്യക്ഷ സ്ഥാനത്തേക്ക് സുപ്രിയ സുലെയോ; തീരുമാനം ഇന്നറിയാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 05, 05:56 am
Friday, 5th May 2023, 11:26 am

 

മുംബൈ: ശരദ് പവാര്‍ രാജിവെച്ചതിന് പിന്നാലെ എന്‍.സി.പിയിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുമായുളള എന്‍.സി.പിയുടെ സുപ്രധാന യോഗം ഇന്ന്. അടുത്ത അധ്യക്ഷ സ്ഥാനത്തേക്കായി ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നതിനിടെയാണ് ഇന്ന് യോഗം ചേരുന്നത്. സുപ്രിയയുടെ പേര് കമ്മിറ്റി യോഗത്തില്‍ ശുപാര്‍ശ ചെയ്തേക്കുമെന്നാണ് സൂചന.

അതേസമയം, രാജിവെക്കരുതെന്ന് ആവശ്യപ്പെട്ടെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തെ അവഗണിക്കില്ലെന്ന് ഇന്നലെ പവാര്‍ പറഞ്ഞു. എന്നാല്‍ രാജിയെന്ന തീരുമാനത്തില്‍ പവാര്‍ ഉറച്ചുനിന്നാല്‍ സുപ്രിയയുടെ പേര് നിര്‍ദേശിക്കുകയല്ലാതെ കമ്മിറ്റിക്ക് മറ്റൊരു മാര്‍ഗമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അജിത് പവാറിനോട് താല്‍പര്യ കുറവുളളതിനാല്‍ അദ്ദേഹത്തിന്റെ പേര് പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.

‘സുപ്രിയ മികച്ച പരിചയസമ്പത്തുളള ഒരു പാര്‍ലമെന്റേറിയനാണ്. രാജ്യത്തെ എല്ലാ പ്രാദേശിക, ദേശീയ പാര്‍ട്ടികളുമായും അവര്‍ക്ക് ബന്ധമുണ്ട്. ഒന്നര പതിറ്റാണ്ടായി ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ച് പരിചയമുളള നേതാവാണ് അവര്‍. മറ്റാരാണ് ഈ സ്ഥാനത്തിന് യോഗ്യന്‍?, ‘ മുതിര്‍ന്ന എന്‍.സി.പി നേതാവ് പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 11 മണിക്ക് മുംബൈയില്‍ വെച്ചാണ് യോഗം ചേരുന്നത്. ശരദ് പവാര്‍ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധി സുപ്രിയ സുലെയുമായി സംസാരിച്ചിരുന്നു.

മുംബൈയില്‍ ആത്മകഥയുടെ രണ്ടാം പതിപ്പിന്റെ പ്രകാശന ചടങ്ങിലാണ് ശരദ് പവാര്‍ രാജി പ്രഖ്യാപനം നടത്തിയത്. എന്നാല്‍, സജീവ രാഷ്ട്രീയം വിടില്ലെന്നും പൊതുപരിപാടികളിലും യോഗങ്ങളിലും പങ്കെടുക്കുന്നത് തുടരുമെന്നും പവാര്‍ പറഞ്ഞു.

‘പുതിയ അധ്യക്ഷനെ സുപ്രിയ സുലെ, അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, ജയന്ത് പാട്ടീല്‍, അനില്‍ ദേശ്മുഖ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളടങ്ങിയ സമിതി തീരുമാനിക്കും. താന്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1960 മേയ് ഒന്നിനാണ്. നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. രാജ്യസഭയില്‍ മൂന്ന് വര്‍ഷത്തെ കാലാവധിയുണ്ട്. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല’, പവാര്‍ പറഞ്ഞു.

എന്നാല്‍ ഇതിന് പിന്നാലെ പാര്‍ട്ടി വിടുന്ന് തീരുമാനത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നു.
മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പവാറിന് നിര്‍ണായക പങ്കുണ്ട്. 1999ലാണ് എന്‍.സി.പി രൂപീകരിക്കുന്നത്. അന്ന് മുതല്‍ ശരദ് പവാറായിരുന്നു എന്‍.സി.പിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നത്.

Content Highlight: Sharad Pawar Party Meet Today, Succession Talks