| Wednesday, 9th September 2020, 4:28 pm

അവഗണിച്ചു കളയാമായിരുന്ന വിഷയം ഊതിപ്പെരുപ്പിച്ച് ഇങ്ങനെയാക്കി; കങ്കണയ്ക്ക് മാധ്യമങ്ങള്‍ അനാവശ്യ പ്രാധാന്യം നല്‍കിയെന്ന് ശരദ് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗത്തിന് മാധ്യമങ്ങള്‍ അനാവശ്യ പ്രാധാന്യം നല്‍കുകയാണെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍. കകങ്കണയുടെ കെട്ടിടം പൊളിക്കുന്നതിന് മാധ്യമങ്ങള്‍ അനാവശ്യ പ്രാധാന്യം നല്‍കിയതിനോട് തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്ന് പവാര്‍ പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ അവഗണിച്ചു കളയേണ്ട ഒരു വിഷയത്തിനാണ് മാധ്യമങ്ങള്‍ ഇത്രയേറെ പ്രാധാന്യം നല്‍കിയതെന്നും അതുകൊണ്ടാണ് പ്രശ്‌നം ഇത്ര വലുതായതെന്നും പവാര്‍ ആരോപിച്ചു.

നിയമവിരുദ്ധമായി നിര്‍മാണം നടത്തിയെന്നാരോപിച്ച് കങ്കണയുടെ മുംബൈയിലെ പോഷ് പലി ഹില്‍ ഏരിയയിലുള്ള മണികര്‍ണിക ഫിലിം ഓഫീസ് പൊളിച്ചുനീക്കാന്‍ ബി.എം.സി നടപടി ആരംഭിച്ചിരുന്നു.

എന്നാല്‍ ബുധനാഴ്ച ഓഫീസ് പൊളിച്ച് മാറ്റാനുള്ള നടപടി ബോംബെ ഹൈക്കോടതി ബുധനാഴ്ച സ്റ്റേ ചെയ്തു. കെട്ടിടം പൊളിച്ച് മാറ്റാനുള്ള ബി.എം.സി നടപടിക്കെതിരെ കങ്കണ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തല്‍ക്കാലം പൊളിച്ച് മാറ്റല്‍ നിര്‍ത്തിവെയ്ക്കാനാണ് കോടതി ഉത്തരവിട്ടത്.

ചൊവ്വാഴ്ചയാണ് ഓഫീസ് പൊളിച്ചുമാറ്റുകയാണെന്ന് അറിയിച്ചുകൊണ്ട് ബി.എം.സി കങ്കണയ്ക്ക് നോട്ടീസ് നല്‍കിയത്. എം.എം.എസി ആക്ടിലെ സെക്ഷന്‍ 351 പ്രകാരമാണ് ഓഫീസ് പൊളിച്ചുമാറ്റുന്നതെന്നായിരുന്നു നോട്ടീസില്‍ പറഞ്ഞത്.

24 മണിക്കൂറിനകം നോട്ടീസിന് പ്രതികരണം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുംബൈയിലെ തന്റെ ഓഫീസ് അയോധ്യയിലെ രാമക്ഷേത്രം പോലെയാണെന്നും ബാബര്‍ അത് പൊളിച്ചു മാറ്റാന്‍ എത്തിയിരിക്കുകയാണെന്നുമായിരുന്നു കങ്കണ റണൗത്ത് ഇതില്‍ പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: SHARAD PAWAR ON KANGANA ISSUE

We use cookies to give you the best possible experience. Learn more