മുംബൈ: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറും തമ്മില്‍ നടന്ന കൂടിക്കാഴ്ച ബി.ജെ.പി. വിരുദ്ധ വിശാലസഖ്യത്തിലേക്കുള്ള ആദ്യപടിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ കക്ഷികളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ നല്‍കുന്നതായിരുന്നു.
ഈ ഊര്‍ജ്ജത്തില്‍ നിന്നും തുടര്‍പ്രവര്‍ത്തനങ്ങളുണ്ടാകണമെന്നാണ് ശരദ് പവാറിന്റെ നിലപാട്. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. മൂന്നക്കം കടക്കില്ലെന്ന് പറഞ്ഞ പ്രശാന്ത് കിഷോറായിരുന്നു മമതയുടെ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
വന്‍സന്നാഹങ്ങളൊരുക്കി ബംഗാള്‍ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി. ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. കേരളത്തില്‍ ആകെയുള്ള സീറ്റ് നഷ്ടമാകുകയും തമിഴ്‌നാട്ടില്‍ അധികാരത്തില്‍ നിന്ന് പുറത്താകുകയും ചെയ്തതോടെ സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിനെതിരായ ബെല്‍റ്റ് രൂപപ്പെടുന്നത് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
മാത്രമല്ല, ശിവസേനയും ദേശീയതലത്തിലെ പ്രതിപക്ഷസഖ്യമെന്ന ആശയം മുന്‍നിര്‍ത്തി ശരദ് പവാറിനെ സമീപിച്ചിരുന്നു. പവാറിനെപ്പോലെ മുതിര്‍ന്ന നേതാവ് ഇതിനായി മുന്‍കൈയെടുക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ശരദ് പവാര്‍-പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച.
മാത്രമല്ല നിലവില്‍ ഭരണത്തിലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ബി.ജെ.പിയ്ക്കുള്ളില്‍ തന്നെ ഭിന്നതയുണ്ട്. മണിപ്പൂര്‍, ത്രിപുര, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്കെതിരെ പാര്‍ട്ടിക്കുള്ളിലെ പോര് മറനീക്കി പുറത്തുവന്നിരുന്നു. ഇവിടങ്ങളില്‍ പ്രതിപക്ഷം ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ നിലവിലെ ട്രെന്‍ഡ് മാറ്റാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
കൂടാതെ യു.പി.എയില്‍ കാര്യമായ ഉടച്ചുവാര്‍ക്കല്‍ വേണമെന്ന് സഖ്യകക്ഷികള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. യു.പി.എ. അധ്യക്ഷ സ്ഥാനത്തേക്ക് പവാറിനെ പരിഗണിക്കണമെന്നും ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ ഒഴിവാക്കി മഹാ വികാസ് അഘാഡി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിച്ചത് പിന്നില്‍ പവാറിന്റെ തന്ത്രമായിരുന്നു.
ഇടത് നേതാക്കളുമായും പവാറിന് നല്ല ബന്ധമാണുള്ളത്. കേരളത്തില്‍ എന്‍.സി.പി. ഇടതുമുന്നണിയോടൊപ്പമാണ്.
ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ്, ദല്‍ഹി, ജാര്‍ഖണ്ഡ്, കേരള, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ബി.ജെ.പി. വിരുദ്ധകക്ഷികള്‍ ഭരണം കൈയാളുന്നത്.
കോണ്‍ഗ്രസിനുള്ളിലെ സംഘടനാപ്രശ്‌നങ്ങളാണ് വിശാലപ്രതിപക്ഷത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളിലൊന്ന്. പാര്‍ട്ടിക്കുള്ളിലെ കൊഴിഞ്ഞുപോക്കും സ്ഥിരം അധ്യക്ഷനില്ലാത്തതും കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളികളാണ്.