ലോക്‌സഭയിലെ നരേന്ദ്ര മോദിയുടെ പ്രസംഗം അപരിഷ്‌കൃതം; സഭയുടെ സഭ്യതയ്ക്കും സംസ്‌കാരത്തിനും ചേരാത്തത്: ശരദ് പവാര്‍
national news
ലോക്‌സഭയിലെ നരേന്ദ്ര മോദിയുടെ പ്രസംഗം അപരിഷ്‌കൃതം; സഭയുടെ സഭ്യതയ്ക്കും സംസ്‌കാരത്തിനും ചേരാത്തത്: ശരദ് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th February 2019, 11:17 am

ന്യൂദല്‍ഹി: ലോക്‌സഭയിലെ നരേന്ദ്ര മോദിയുടെ പ്രസംഗ ശൈലിയെ വിമര്‍ശിച്ച് എന്‍.സി.പി നേതാവ് ശരദ് പവാര്‍. മുന്‍ പ്രധാനമന്ത്രിമാരെ അപേക്ഷിച്ച് മോദിയുടെ പ്രസംഗം ലോക്‌സഭയുടെ സഭ്യതയ്ക്കും സംസ്‌കാരത്തിനും നിരക്കാത്തതായിരുന്നുവെന്ന് പവാര്‍ ചൂണ്ടിക്കാട്ടി.

“ഞാന്‍ മന്‍മോഹന്‍ സിങ്ങിന്റേയും നരസിംഹ റാവുവിന്റേയും പ്രസംഗങ്ങള്‍ കേട്ടിട്ടുണ്ട്. അവരുടെ പ്രസംഗങ്ങള്‍ മാന്യവും പരിഷ്‌കൃതവുമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങളോടും അവര്‍ക്ക് ബഹുമാനമുണ്ടായിരുന്നു”- പവാര്‍ പറഞ്ഞു.

തന്റെ പ്രസംഗത്തിനിടയ്ക്ക് മോദി കോണ്‍ഗ്രസിനെ അക്രമിക്കാനായി നിരവധി പ്രസ്താവനകള്‍ നടത്തിയിരുന്നു.തന്റെ സര്‍ക്കാറിനെ വീണ്ടും അധികാരത്തിലേറ്റിയില്ലെങ്കില്‍ ഇവിടെ ഒരു മഹാമിലാവത് (അഴിമതിയില്‍ കുളിച്ച) സര്‍ക്കാര്‍ വരുമെന്നും. ബി.സി എന്നാല്‍ ബിഫോര്‍ കോണ്‍ഗ്രസ് എന്നാണെന്നും എ.ഡി എന്നാല്‍ ആഫ്റ്റര്‍ ഡൈനാസ്റ്റി എന്നാണെന്നും മോദി സഭയില്‍ പറഞ്ഞിരുന്നു.

Also Read മോദിയുടെ ത്രിപുര സന്ദര്‍ശനം ഇന്ന്; മൂന്ന് സി.പി.ഐ.എം എം.പിമാരും മോദിയെ ബഹിഷ്‌ക്കരിക്കും

താന്‍ രാജ്യസഭാംഗമായതിനാല്‍ മോദിയുടെ പ്രസംഗം നേരിട്ടും കേട്ടില്ലെന്നും പത്രത്തില്‍ വായിച്ചാണ് അറിഞ്ഞതെന്നും പവാര്‍ പറഞ്ഞു. “ഒരാളുടെ ചിന്തയും, സംസ്‌കാരവും മോശമായാല്‍ അയാളുടെ സ്വഭാവവും അതിനനുസരിച്ചായിരിക്കും”- മോദിയെക്കുറിച്ച് പവാര്‍ പറയുന്നു.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിച്ച എന്‍.സി.പി മറ്റു സംസ്ഥാനങ്ങളിലും ബി.ജെ.പിക്കെതിരെ സഖ്യം രൂപീകരിക്കാനുള്ള നീക്കത്തിലാണെന്ന് പവാര്‍ പറഞ്ഞു. ഓരോ സംസ്ഥാനങ്ങളിലേയും രാഷ്ട്രീയാന്തരീക്ഷം വ്യത്യസ്ഥമാണെന്നും ഇതിനനുസരിച്ചായിരിക്കും സഖ്യരൂപീകരണമെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.