മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ ശിവസേന പരാജയപ്പെട്ടിരുന്നു. പിന്തുണ അറിയിച്ചു കൊണ്ടുള്ള എന്‍.സി.പിയുടേയും കോണ്‍ഗ്രസിന്റെയും കത്തുകള്‍ ഹാജരാക്കാന്‍ കഴിയാതെ വന്നതോടെയാണ് ശിവസേന പരാജയപ്പെട്ടത്. തുടര്‍ന്ന് എന്‍.സി.പിയ്ക്കും അവസരം നല്‍കിയെങ്കിലും വേഗത്തോടെയുള്ള നീക്കം നടത്താന്‍ എന്‍.സി.പി തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് എന്‍.സി.പിക്ക് നല്‍കിയിരുന്ന സമയം അവസാനിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.
രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി പ്രഖ്യാപനം വന്നപ്പോഴും എന്‍.സി.പി നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും ചര്‍ച്ചയിലായിരുന്നു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെ ഭയക്കാത്ത രീതിയിലായിരുന്നു ആ ചര്‍ച്ച. ശിവസേനയ്ക്ക് ഇരുപാര്‍ട്ടികളുടെയും കത്തുകള്‍ എത്തിക്കാതിരുന്നത് ശരത് പവാറിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് സൂചനകള്‍. കൃത്യമായ ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചും മന്ത്രിസ്ഥാനങ്ങളുടെ എണ്ണത്തെ കുറിച്ചും തീരുമാനമെടുത്തതിന് ശേഷം സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിച്ചാല്‍ മതിയെന്നാണ് ശരത് പവാറിന്റെ നിര്‍ദേശം.
ഇരുപാര്‍ട്ടികളിലെയും നേതാക്കളുടെ പ്രതികരണപ്രകാരം, ഇരുവര്‍ക്കും പൊതുമിനിമം പരിപാടിയും ശിവസേനയുമായി അധികാര സ്ഥാനങ്ങളുടെ വീതം വെപ്പും സര്‍ക്കാര്‍ രൂപീകരണത്തിന് മുമ്പ് നടക്കണം. ഇവര്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍ ശിവസേന സമ്മതിച്ചാല്‍, രണ്ട് പാര്‍ട്ടികളും ശിവസേന നയിക്കുന്ന സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കും.
‘ഞങ്ങള്‍ക്കൊരു പൊതുമിനിമം പരിപാടി വേണം. അത് ഇന്ന് വൈകുന്നേരത്തിനുള്ളില്‍ തയ്യാറാക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചെങ്കിലും അതൊരു പ്രശ്‌നമല്ല. ഞങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍. അത് മാറും’- എന്‍.സി.പി നേതാവ് അജിത് പവാര്‍ പറഞ്ഞു.
‘ഒരു സര്‍ക്കാര്‍ രൂപീകരിക്കല്‍ എളുപ്പമാണ്. അപ്പോഴും യഥാര്‍ത്ഥ വെല്ലുവിളി തുടരും. ഓരോ സഖ്യകക്ഷിക്കും എത്ര മന്ത്രിസ്ഥാനം, അവ ഏതൊക്കെ, സ്പീക്കര്‍ സ്ഥാനം,ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എന്നിവയൊക്കെ തീരുമാനമെടുക്കാനുള്ള ശ്രമമാണ് ശരത് പവാര്‍ നടത്തുന്നത്. എതിരഭിപ്രായമുള്ള വിഷയങ്ങള്‍ ഓരോന്നും എടുത്ത് പരിഹരിക്കണം. അതിന് സമയം വേണം’- ശരത് പവാറിന്റെ അടുത്ത അനുയായി പറഞ്ഞു.
1999 മുതല്‍ കോണ്‍ഗ്രസും എന്‍.സി.പിയും മുതല്‍ സഖ്യസര്‍ക്കാരുകളെ നയിക്കുന്നതാണ്. അപ്പോഴൊക്കെ വ്യക്തമായ ധാരണകള്‍ രൂപപ്പെടുത്തിയതിന് ശേഷമേ സര്‍ക്കാര്‍ രൂപീകരിക്കാറുള്ളൂ എന്നും ഇയാള്‍ പറഞ്ഞു.
കോണ്‍ഗ്രസുമായി ആദ്യം ശരത് പവാര്‍ ചര്‍ച്ച നടത്തും. അതിന് ശേഷം ശിവസേനയുമായി കോണ്‍ഗ്രസും എന്‍.സി.പിയും ചര്‍ച്ച നടത്തും. ഇരുപാര്‍ട്ടികളുടെയും ആവശ്യങ്ങള്‍ ശിവസേന അംഗീകരിക്കുകയും ചെയ്താല്‍ പ്രഖ്യാപനം നടത്തും. അതിന് ശേഷം ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്ന് ശരത് പവാര്‍ അനുയായികള്‍ പറയുന്നു.