പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചേക്കുമെന്ന് സൂചന നല്‍കി ശരദ് പവാര്‍
മുംബൈ: മുതിര്‍ന്ന എന്‍.സി.പി നേതാവ് ശരദ് പവാര്‍ പാര്‍ലമെന്റ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബാരാമതിയില്‍ നടന്ന ഒരു സമ്മേളനത്തില്‍ വെച്ചാണ് ശരദ് പവാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യസഭയിലെ തന്റെ കാലാവധി അവസാനിക്കാന്‍ ഒന്നര വര്‍ഷം മാത്രമാണ് ബാക്കിയുള്ളതെന്നും അതിന് ശേഷം വീണ്ടും ഒരു ടേം വേണോ എന്ന കാര്യം താന്‍ ആലോചിക്കുകയാണെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 20ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ചെറുമകന്‍ യുഗേന്ദ്ര പവാറിന് വേണ്ടി പ്രചരണം നടത്തവെയാണ് ശരദ് പവാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ ഉപമുഖ്യമന്ത്രിയും അമ്മാവനുമായ അജിത് പവാറിനെതിരായാണ് യുഗേന്ദ്ര പവാര്‍ മത്സരിക്കുന്നത്. അജിത് പവാറിന്റെ ഇളയ സഹോദരന്‍ ശ്രീനിവാസ് പവാറിന്റെ മകനാണ് യുഗേന്ദ്ര പവാര്‍.
‘ കേവലം ഒന്നോ രണ്ടോ തവണയല്ല മറിച്ച് നാല് തവണ നിങ്ങള്‍ എന്നെ മുഖ്യമന്ത്രിയാക്കി. 1967ല്‍ ആദ്യമായി നിങ്ങള്‍ എന്നെ തെരഞ്ഞെടുത്തു, മഹാരാഷ്ട്രയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് മുമ്പ് 25 വര്‍ഷക്കാലം ഞാനിവിടെ ജോലി ചെയ്തു.
തുടര്‍ന്ന് ഞാന്‍ പ്രാദേശിക തലത്തിലെ എല്ലാ അധികാരങ്ങളും അജിത് ദാദയെ ഏല്‍പ്പിച്ചു. അതില്‍ എല്ലാവിധത്തിലുള്ള അധികാരങ്ങളുമുണ്ടായിരുന്നു. പ്രാദേശിക തലത്തിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത് മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത് വരെ,’ ശരദ് പവാര്‍ പറഞ്ഞു.
അതേസമയം അജിത് പവാറിന്റെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ യാതൊരുവിധ സംശയങ്ങള്‍ ഇല്ലെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇനിയും മുന്നോട്ട് പോവാനുണ്ടെന്നും അതിനാല്‍ ഇനിയുള്ള 30 വര്‍ഷങ്ങളിലേക്ക് പ്രവര്‍ത്തിക്കാനുള്ള നേതൃത്വം ഉയര്‍ന്ന് വരണമെന്നും എല്ലാവര്‍ക്കും അതിനുള്ള അവസരം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായല്ല ബാരാമതി മണ്ഡലം കുടുംബങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശരദ് പവാറിന്റെ മകളും നിലവിലെ ബാരാമതി എം.പിയുമായ സുപ്രിയ സുലേയും അജിത് പവാറിന്റെ ഭാര്യയുമായ സുനേത്ര പവാറും തമ്മിലായിരുന്നു മത്സരം.
Content Highlight: Sharad Pawar is about to retire from parliamentary politics