| Monday, 4th November 2019, 6:00 pm

ബി.ജെ.പി-ശിവസേനാ തര്‍ക്കം മുതലെടുക്കാന്‍ എന്‍.സി.പി; സേനയുമായിച്ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം; പവാര്‍ സോണിയയുടെ വീട്ടിലെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മറാത്താ രാഷ്ട്രീയനാടകത്തിലെ ശക്തര്‍ ഇന്നു കൂട്ടത്തോടെ ദല്‍ഹിയില്‍. ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷായെ കാണാനാണ് എത്തിയതെങ്കില്‍, എന്‍.സി.പി ദേശീയാധ്യക്ഷന്‍ ശരദ് പവാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണാനാണ് എത്തിയിരിക്കുന്നത്.

സോണിയയുടെ വീട്ടിലെത്തിയ പവാര്‍, അവരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നാണു വിവരങ്ങള്‍. എന്‍.സി.പിയുമായുള്ള സഖ്യസാധ്യതകളെക്കുറിച്ച് ബി.ജെ.പി നേതാക്കള്‍ നിരന്തരം ശിവസേനയോട് പറയുന്ന പശ്ചാത്തലത്തിലാണ് പവാര്‍ നേരിട്ട് ദല്‍ഹിയിലെത്തി സോണിയയെ കാണുന്നത്.

145 സീറ്റുകളാണ് മഹാരാഷ്ട്രയില്‍ അധികാരത്തിനായി വേണ്ടത്. ഒറ്റയ്ക്ക് ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടാത്ത പശ്ചാത്തലത്തിലാണ് ശിവസേന ബി.ജെ.പിയുമായി വിലപേശല്‍ നടത്തുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രിപദം തുല്യമായി വീതിക്കാന്‍ ബി.ജെ.പി തയ്യാറായില്ലെങ്കില്‍ എന്‍.സി.പിയെയും കോണ്‍ഗ്രസിനെയും കൂട്ടുപിടിച്ച് അധികാരത്തിലേറാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ശിവസേനയുടെ 56 സീറ്റുകളും എന്‍.സി.പിയുടെ 54 സീറ്റുകളും ചേര്‍ന്നാലും 110 സീറ്റുകളേ ആകൂ. എന്നാല്‍ 44 സീറ്റുകളുള്ള കോണ്‍ഗ്രസിന്റെ പിന്തുണ കൂടിയുണ്ടെങ്കില്‍ ബി.ജെ.പിയെ മാറ്റിനിര്‍ത്തി ഈ സഖ്യത്തിന് അധികാരത്തിലേറാം. ഇതു മുന്നില്‍ക്കണ്ടു കൂടിയാണ് പവാറിന്റെ ദല്‍ഹിയാത്ര.

സേനയുമായി കൈകോര്‍ക്കാനുള്ള തീരുമാനത്തെ സോണിയ പിന്തുണയ്ക്കുമോ എന്ന കാര്യമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അവസാനവട്ട സമവായ ശ്രമങ്ങളും പരാജയപ്പെട്ടതോടെ ശിവസേന ഇടഞ്ഞുനില്‍ക്കുന്നതും ബി.ജെ.പിയെ മാറ്റിനിര്‍ത്താനുള്ള അവസരമായാണ് എന്‍.സി.പി കാണുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയില്‍ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ബി.ജെ.പി മുന്‍മന്ത്രി ജയകുമാര്‍ റാവല്‍ പറഞ്ഞിരുന്നു. ഇതും സേനയുമായി അകന്നുവെന്നതിന്റെ സൂചനയാണ്. ശിവസേനക്കൊപ്പം സഖ്യമുണ്ടായി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് താല്‍പ്പര്യമില്ലെന്നും ജയകുമാര്‍ പറഞ്ഞു.

‘ശിവസേനയുമായി സഖ്യമുണ്ടാക്കരുതെന്നാണ് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. അവര്‍ക്ക് മത്സരിക്കാന്‍ ഒരു അവസരം കൂടി കൊടുത്താല്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിക്കും എന്നാണ് അവര്‍ പറയുന്നത്’- ജയകുമാര്‍ റാവല്‍ പറഞ്ഞു.

‘ശിവസേനയുമായി ധാരണയിലെത്തിയ സീറ്റുകളില്‍ മത്സരിക്കാന്‍ കഴിയാത്തതില്‍ നേതാക്കള്‍ക്ക് കടുത്ത വിമര്‍ശനമുണ്ട്. ഈ സീറ്റുകളില്‍ നേരിയ വിത്യാസത്തിലാണ് പരാജയപ്പെട്ടത്.’- ജയകുമാര്‍ പറഞ്ഞു.

ഫോട്ടോ കടപ്പാട്: എ.എന്‍.ഐ

We use cookies to give you the best possible experience. Learn more