| Friday, 11th September 2020, 11:58 am

നക്സലൈറ്റുകളാക്കി കുറച്ചു പേരെ അകത്തിട്ടിട്ടുണ്ട്, ബി.ജെ.പി രക്ഷപ്പെടുത്തിയവരെയൊന്നും വെറുതെ വിടില്ല; ഭീമ-കൊറേഗാവ് കേസിലെ 'യഥാര്‍ത്ഥ പ്രതികളെ'പിടിക്കാന്‍ അന്വേഷണ സംഘം രൂപീകരിക്കാനൊരുങ്ങി ശരദ് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഭീമകൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മന്ത്രിമാരുടെ യോഗം വിളിച്ച് എന്‍.സി.പി നേതാവ് ശരദ് പവാര്‍. ഭീമകൊറേഗാവ് കേസില്‍ ഉള്‍പ്പെട്ട യാഥാര്‍ത്ഥ പ്രതികളെ പിടികൂടാനായി അന്വേഷണം ശക്തിപ്പെടുത്തുന്നിതാനായാണ് യോഗം ചേര്‍ന്നതെന്ന് ഊര്‍ജമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നിതിന്‍ റാവത്ത് പറഞ്ഞു.

കേസില്‍ ഒരു പ്രത്യേക അന്വേഷണ വിഭാഗത്തെ നിയമിക്കുന്നതിനായുള്ള ഗൗരവതരമായുള്ള ചര്‍ച്ചയാണ് നടന്നെതന്നും അദ്ദേഹം വ്യാഴാഴ്ച നടന്ന യോഗത്തിന് ശേഷം പറഞ്ഞു.

ഉപമുഖ്യമന്ത്രി അജിത് പവാര്‍, ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്, ജലവിഭവ മന്ത്രി ജയന്ത് പാട്ടീല്‍ എന്നിവരും കോണ്‍ഗ്രസ് മന്ത്രിമാരായ വര്‍ഷ ഗൈക് വാഡും യോഗത്തില്‍ പങ്കെടുത്തതായി നിതിന്‍ റാവത്ത് പറഞ്ഞു.

‘ഭീമകൊറേഗാവ് ആക്രമണക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ പിടിക്കുന്നതിന് ഒരു പ്രത്യേക അന്വേഷണ വിഭാഗത്തെ രൂപീകരിക്കുന്നത് ചര്‍ച്ച ചെയ്യാനായി എന്‍.സി.പി നേതാവ് ശരദ് പവാര്‍ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. കേസില്‍ ബി.ജെ.പി രക്ഷപ്പെടുത്തിയവരെയൊന്നും ഇനി വെറുതെ വിടില്ല,’ റാവത്ത് യോഗത്തിന് ശേഷം ട്വീറ്റ് ചെയ്തു.

‘ കേസില്‍ ചിലരെ നക്‌സലൈറ്റുകളാണെന്ന് മുദ്രകുത്തിയിട്ടുണ്ട്. ഇത് ശരിയാണെന്ന് തോന്നുന്നില്ല. അത്‌കൊണ്ട് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ കാര്യങ്ങള്‍ വിശകലനം ചെയ്തിരുന്നു. വിദഗ്ധരോട് ആലോചിച്ച് എന്താണ് ഈ കേസില്‍ ചെയ്യാനാവുക എന്നും ചിന്തിച്ചിരുന്നു,’ പവാര്‍ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബീമ കൊറേഗാവ് കേസില്‍ പ്രത്യേക അന്വേഷണ വിഭാഗത്തെ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സെപ്തംബര്‍ ആദ്യവാരത്തില്‍ ശരദ് പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചിരുന്നു.

കേന്ദ്ര നിര്‍ദേശ പ്രകാരം കേസ് എന്‍.ഐ.എ അന്വേഷിക്കുന്നതില്‍ ഇടപെടുന്നില്ലെന്നും പവാര്‍ പറഞ്ഞു.

‘പക്ഷെ സംസ്ഥാന സര്‍ക്കാരിനും ചില അവകാശങ്ങളൊക്കെ ഉണ്ട്. അത്തരം അവകാശങ്ങള്‍ ഈ കേസില്‍ ഉപയോഗിക്കണോ വേണ്ടയോ എന്നകാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി,’ അദ്ദേഹം പറഞ്ഞു.

ഭീമ കൊറേഗാവ് സംഭവത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തില്‍ 2017 ഡിസംബര്‍ 31ന് നടന്ന എല്‍ഗാര്‍ പരിഷദ് പരിപാടിയില്‍ മറാത്തികളെയും ദളിതുകളെയും ആക്രമണത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചാണ് പൊലീസ് എഫ്.ഐ.ആര്‍ ഇട്ടത്. എല്‍ഗാര്‍ പരിഷദില്‍ പങ്കെടുത്തവരുടെ പ്രസംഗമാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് ആരോപിച്ചിരുന്നു.

എല്‍ഗാര്‍ പരിഷാദ് സംഘടിപ്പിച്ചവരെയും അതില്‍ പങ്കെടുത്തവരെയും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം കബീര്‍ കാലാ മഞ്ച് ആക്റ്റിവിസ്റ്റുകളെക്കൂടി ഈ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. സാഗര്‍ ഗോര്‍ഖെ രമേഷ് ഗായ്ച്ചോര്‍ എന്നിവരുള്‍പ്പെടെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്.

ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മേവാനി മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ എല്‍ഗാര്‍ പരിഷാദില്‍ പ്രസംഗിച്ചിരുന്നു.

എന്‍.ഐ.എ നിര്‍ബന്ധിപ്പിച്ച് മൊഴിയെടുക്കുകയായിരുന്നുവെന്ന് അറസ്റ്റിലായ സാഗര്‍ ഗോര്‍ഖെയും രമേഷ് ഗായ്ച്ചോറും പറഞ്ഞു. ‘മാവോയിസ്റ്റ് സംഘടനകളുമായി ഞങ്ങള്‍ക്ക് ബന്ധമുണ്ടെന്ന വ്യാജമൊഴി നല്‍കാന്‍ എന്‍.ഐ.എ നിര്‍ബന്ധിച്ചു. മാപ്പ് എഴുതിക്കൊടുക്കാനും അവര്‍ ആവശ്യപ്പെട്ടു’, അറസ്റ്റിലായവര്‍ പറഞ്ഞു.

തങ്ങള്‍ സവര്‍ക്കറുടെ സന്തതികളല്ലെന്നും അംബേദ്ക്കറുടെ സന്തതികളാണെന്നും ഗോര്‍ഖെയും ഗായ്ച്ചോറും സെപ്റ്റംബര്‍ അഞ്ചിന് പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു. എല്‍ഗാര്‍ പരിഷദ് പരിപാടിയെ മാവോയിസ്റ്റ് പരിപാടിയാക്കി മാറ്റാനുള്ള ഗൂഢാലോചനയാണ് അറസ്റ്റിന് പിന്നിലെന്നും ഇവര്‍ ആരോപിച്ചു.

ദല്‍ഹി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഹാനി ബാബുവിനെയും ഇതേ കേസില്‍ ജൂലൈ 28ന് അറസ്റ്റ് ചെയ്തിരുന്നു. ഗോര്‍ഖെയെയും ഗായ്ച്ചോറിനെയും ചോദ്യം ചെയ്യാനായി നിരവധി തവണ എന്‍.ഐ.എ വിളിച്ചുവരുത്തിയിരുന്നു. കബീര്‍ കാലാ മഞ്ച് ആക്റ്റിവിസ്റ്റുകള്‍ ഇതിന് മുമ്പും അറസ്റ്റിലായിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sharad Pawar holds meeting over Bhima Koregaon violence case

We use cookies to give you the best possible experience. Learn more