മുംബൈ: എന്‍.സി.പി അധ്യക്ഷസ്ഥാനത്ത് നിന്നുളള രാജി പിന്‍വലിച്ച് ശരദ് പവാര്‍. നേതൃസ്ഥാനത്ത് തുടരാന്‍ പവാറിനോട് അഭ്യര്‍ഥിച്ച് മുംബൈയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം പ്രമേയം പാസാക്കുകയും എന്‍.സി.പി അധ്യക്ഷ സ്ഥാനത്ത് നിന്നുളള അദ്ദേഹത്തിന്റെ രാജി തള്ളുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പവാറിന്റെ തീരുമാനം.
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍.സി.പി) ദേശീയ പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള എന്റെ തീരുമാനം ഞാന്‍ പിന്‍വലിക്കുന്നു’, വാര്‍ത്താ സമ്മേളനത്തില്‍ പവാര്‍ പറഞ്ഞു.
മറ്റാരെങ്കിലും അധ്യക്ഷപദവിയിലെത്തിയാല്‍ പാര്‍ട്ടിക്ക് അകത്ത് അധികാര തര്‍ക്കം ഉണ്ടാകാനുള്ള സാധ്യതയും ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി നടത്തുന്ന പ്രതിപക്ഷ ഐക്യ നീക്കവും കണക്കിലെടുത്താണ് ശരദ് പവാര്‍ തന്നെ തുടരണമെന്ന തീരുമാനത്തിലേക്ക് സമിതി എത്തിയത്.
രാജിവെക്കരുതെന്ന് ആവശ്യപ്പെട്ടെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തെ അവഗണിക്കില്ലെന്ന് കഴിഞ്ഞ ദിവസം ശരദ് പവാര്‍ പറഞ്ഞിരുന്നു.
മുംബൈയില്‍ തന്റെ ആത്മകഥയുടെ രണ്ടാം പതിപ്പിന്റെ പ്രകാശന ചടങ്ങിലാണ് ശരദ് പവാര്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപനം നടത്തിയത്. എന്നാല്‍, താന്‍ സജീവ രാഷ്ട്രീയം വിടില്ലെന്നും പൊതുപരിപാടികളിലും യോഗങ്ങളിലും പങ്കെടുക്കുന്നത് തുടരുമെന്നും പവാര്‍ പറഞ്ഞിരുന്നു.
‘പുതിയ അധ്യക്ഷനെ സുപ്രിയ സുലെ, അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, ജയന്ത് പാട്ടീല്‍, അനില്‍ ദേശ്മുഖ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളടങ്ങിയ സമിതി തീരുമാനിക്കും. താന്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1960 മേയ് ഒന്നിനാണ്. നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. രാജ്യസഭയില്‍ മൂന്ന് വര്‍ഷത്തെ കാലാവധിയുണ്ട്. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല’, പവാര്‍ പറഞ്ഞു.
എന്നാല്‍ ഇതിന് പിന്നാലെ പാര്‍ട്ടി വിടുന്ന തീരുമാനത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നു. മഹാരാഷ്ട്രയില്‍ ബി.ജെ.പിക്കെതിരെ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കായിരുന്നു പവാറിനുണ്ടായിരുന്നത്.