| Tuesday, 26th May 2020, 1:10 pm

കൊവിഡില്‍ പതറിയ മഹാരാഷ്ട്രയെ നയിക്കാന്‍ ശരദ് പവാര്‍ ഇറങ്ങുന്നു; പ്രതികരണവുമായി ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കൊവിഡ് പ്രതിസന്ധിയില്‍ നിന്നും സര്‍ക്കാരിനെ കരകയറ്റാന്‍ എന്‍.സി.പി. നേതാവ് ശരദ് പവാറിന്റെ നേതൃത്വത്തില്‍ പുതിയ നീക്കങ്ങള്‍. കൊവിഡുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഇനി മുതല്‍ നേതൃത്വം നല്‍കുക പവാര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിയ്ക്കും വേണ്ട നിര്‍ദശങ്ങള്‍ നല്‍കുകയും സര്‍ക്കാര്‍ സഹായത്തിനായി കേന്ദ്രവുമായി ആശയവിനിമയം നടത്തുകയും പവാറായിരിക്കുമെന്നാണ് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉദ്ദവ് താക്കറെയ്‌ക്കൊപ്പം കൊവിഡുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ പ്രതികരണങ്ങളും നടപടികളും ഉദ്ദവിനൊപ്പം വിശദീകരിക്കുകയും ഇനി പവാറായിരിക്കും.

അതേസമയം സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധത്തെ പവാര്‍ മുന്നില്‍ നിന്ന് നയിക്കുന്നത് തങ്ങള്‍ക്ക് വലിയൊരു മുതല്‍ക്കൂട്ടാണെന്നാണ് ശിവസേനയുടെ പ്രതികരണം. പവാറിന്റെ ഇടപെടലിനെ അനാവശ്യമായ ഒരു കൈകടത്തലായി ഒരിക്കലും പാര്‍ട്ടി കാണില്ലെന്നുമാണ് ശിവസേന പ്രതികരിച്ചത്. പവാറിനെപ്പോലൊരാള്‍ ഇത്തരമൊരു പ്രതിസന്ധിയില്‍ സര്‍ക്കാരിനെ മുന്നില്‍ നിന്ന് നയിക്കുക തന്നെയാണ് വേണ്ടതെന്നും ശിവസേന അഭിപ്രായപ്പെടുന്നു.

തിങ്കളാഴ്ച മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി കൊവിഡ് പ്രതിരോധത്തിലെ സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ഇതിന് ശേഷം പവാറിനെ രാജ്ഭവനിലേക്ക് കൂടിക്കാഴ്ചയ്ക്കായി ക്ഷണിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിരുന്നുവെങ്കിലും ഉദ്ദവിന് പകരം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കൂടിക്കാഴ്ചയ്ക്ക് എത്തിയത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി പവാര്‍ താക്കറെയുമായി നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ നടത്തുന്ന യോഗങ്ങളിലെല്ലാം പവാര്‍ പങ്കെടുക്കുന്നുമുണ്ട്. മെയ് 19 നും 23 നും പവാറും ഉദ്ദവും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് മുന്‍പ് മെയ് 15 നും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

മന്ത്രിമാര്‍ അവരവരുടെ വീടുകളില്‍ ഇരിക്കുന്നതിന് പകരം മന്ത്രാലയത്തില്‍ ഉണ്ടാകണമെന്നും അങ്ങനെയാണെങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടാവുകയുള്ളൂവെന്നുമാണ് പവാര്‍ കൂടിക്കാഴ്ചയില്‍ ഉദ്ദവിനോട് പറഞ്ഞത്.

കൊവിഡ് 19 കണ്‍ട്രോള്‍ റൂമായി മഹാരാഷ്ട്ര സര്‍ക്കാര്‍ മന്ത്രാലയമാണ് പ്രവര്‍ത്തിക്കുന്നെങ്കില്‍ പോലും മന്ത്രിമാരൊന്നും അവിടെ എത്തിച്ചേരുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഉദ്യോഗസ്ഥര്‍ മാത്രമായിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചുപോന്നത്.

എല്ലാ മന്ത്രിമാരും മുംബൈയില്‍ തന്നെ ഉണ്ടായിട്ടും സ്വന്തം ബംഗ്ലാവില്‍ നിന്നും ആരും പുറത്തിറങ്ങുന്നില്ലെന്ന വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാകട്ടെ വസതിയായ മതോശ്രീയിലാണ് ഉണ്ടായിരുന്നത്. ചുരുക്കം ചില പരിശോധനങ്ങള്‍ക്കൊഴിച്ച് ഉദ്ദവും വസതിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങാറില്ലെന്ന വിമര്‍ശനവും ഇതിനൊപ്പം ഉയര്‍ന്നിരുന്നു.

മന്ത്രിസഭയിലെ ചിലര്‍ മാത്രമാണ് പുറത്തിറങ്ങി പ്രവര്‍ത്തിച്ചിരുന്നത്. ഇത്തരം ചില പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് മന്ത്രിമാരോട് അവരവരുടെ വസതിയില്‍ നിന്നും സര്‍ക്കാര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് എത്തണമെന്ന നിര്‍ദേശം പവാര്‍ നല്‍കിയത്.

ഇത് ആളുകള്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും പവാര്‍ ഉദ്ദവിനെ അറിയിച്ചിട്ടുണ്ട്. മന്ത്രിമാര്‍ മാത്രമല്ല ഉദ്ദവും വസതിയില്‍ ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാതെ ഓഫീസിലേക്ക് തിരിച്ചെത്തണമെന്നും പവാര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഫേസ് വൈസ് എക്‌സിറ്റ് പ്ലാനിലൂടെ ലോക്ക് ഡൗണില്‍ ചെറിയ ചില ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാരിനാകണമെന്നും അനന്തമായി നീണ്ടുപോകുന്ന ലോക്ക് ഡൗണ്‍ ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്നും പവാര്‍ ഉദ്ദവിനെ അറിയിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന് നേരെ തിരിയാന്‍ ജനങ്ങളെ പ്രേരിപ്പിക്കുമെന്നാണ് പവാര്‍ അറിയിച്ചിരിക്കുന്നത്.

കുറച്ച് റിസ്‌ക് എടുത്ത് തന്നെ മന്ത്രിമാര്‍ ഓഫീസുകളില്‍ എത്തണമെന്നും അത് മന്ത്രിമാരുടെ കടമയും ഉത്തരവാദിത്തവുമാണെന്നാണ് മഹാരാഷ്ട്ര പ്രിന്‍സിപ്പല്‍ സെക്രട്ടറി ദി പ്രിന്റിനോട് പ്രതികരിച്ചത്. ഇത്തരമൊരു മഹാമാരിയെ നേരിടുമ്പോള്‍ സര്‍ക്കാരിന് പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ വീഡിയോ മീറ്റിങ് പോലും സംസ്ഥാനത്ത് നടക്കുന്നില്ലെന്ന ആക്ഷേപവുമായി മുതിര്‍ന്ന ചില ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട്.

‘ ആദ്യം ഇവര്‍ അധികാരത്തിനായി യുദ്ധം ചെയ്തു. പിന്നെ സ്ഥാനങ്ങള്‍ ലഭിക്കാനായി യുദ്ധം ചെയ്തു. ഇപ്പോള്‍ ഒരു മഹാമാരിയെ നമ്മള്‍ നേരിടുന്ന ഈ ഘട്ടത്തില്‍ ഇവര്‍ സ്വന്തം വീടുകളില്‍ അടച്ചിരിക്കുകയാണ്, എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more