മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ റിമോട്ട് കണ്‍ട്രോള്‍ എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറിന്റെ കയ്യിലാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പടോലെ. ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
‘മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭരണ ചക്രം മുഖ്യമന്ത്രിക്കാണോ അതോ ശരദ് പവാറിനാണോ എന്ന തരത്തില്‍ ബി.ജെ.പി. എന്തുവേണമെങ്കിലും പറയട്ടെ. എന്തു തന്നെ ആയാലും മഹാ വികാസ് അഘാഡിയുടെ റിമോട്ട് കണ്‍ട്രോള്‍ ശരദ് പവാറിന്റെ കയ്യില്‍ തന്നെയാണ്. സര്‍ക്കാര്‍ രൂപീകരണത്തില്‍ അദ്ദേഹത്തിന് വലിയൊരു പങ്ക് തന്നെയുണ്ട്,’ നാന പടോലെ പറഞ്ഞു.
ശരദ് പവാറിനെ വിശേഷിപ്പിക്കാന്‍ ‘റിമോട്ട് കണ്‍ട്രോള്‍’ എന്ന വാക്ക് ഉപയോഗിച്ചതിലും പടോലെ വിശദീകരണം നല്‍കി.
‘ശരദ് പവാര്‍ എന്‍.സി.പി. അധ്യക്ഷനാണ്. ഞാന്‍ കോണ്‍ഗ്രസ് തലവനാണ്. ശരദ് പവാര്‍ ആണ് ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ആ അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ കയ്യിലാണ് റിമോട്ട് കണ്‍ട്രോള്‍,’ അദ്ദേഹം പറഞ്ഞു.
നേരത്തെ നാന പടോലെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ മഹാരാഷ്ട്രാ ഭരണമുന്നണിയില്‍ അസ്വാരസ്യങ്ങള്‍ ഉള്ളതായി ചര്‍ച്ചയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എന്‍.സി.പിയെ പിന്തുണച്ചുകൊണ്ടുള്ള പടോലെയുടെ പരാമര്‍ശം.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് കരുത്താര്‍ജിക്കുന്നതില്‍ സഖ്യകക്ഷികളായ എന്‍.സി.പി. യും ശിവസേനയും അസ്വസ്ഥരാണെന്നും തന്റെ നീക്കങ്ങള്‍ അവര്‍ നിരീക്ഷിക്കുകയാണെന്നുമായിരുന്നു പടോലെ പറഞ്ഞത്. ഇതിന് പിന്നാലെ ഉദ്ദവ് താക്കറെ പടോലെയോട് വിശദീകരണം ചോദിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ പടോലെയെ പോലുള്ള ചെറിയ മനുഷ്യര്‍ക്ക് മറുപടി പറയാന്‍ ഇല്ലെന്നായിരുന്നു പവാര്‍ പ്രതികരിച്ചത്.
തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്ന് പിന്നീട് പടോലെ പറഞ്ഞു. അനുരഞ്ജത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ പടോലെയെക്കൂട്ടാതെ പവാറിനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.