ന്യൂദല്‍ഹി: ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ രാജ്യാന്തര തലത്തില്‍ തന്നെ ചര്‍ച്ച ആവശ്യമാണെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ഇത് സംബന്ധിച്ച് ഇദ്ദേഹം കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിക്ക് കത്തെഴുതി. വിവിധ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള കത്താണ് അയച്ചത്.
‘ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം മികച്ചതാണ്. എന്നാല്‍ ഇത് നടപ്പാക്കുന്നതില്‍ നിരവധി രാഷ്ട്രീയ പ്രശ്നങ്ങളുണ്ട്. 1957 ന് ശേഷം നിയമസഭയും ലോക്‌സഭയും കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് പിരിച്ചുവിട്ടിരുന്നു. ഇന്ത്യയില്‍ രാഷ്ട്രീയ ബഹുസ്വരതയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇത് ഒറ്റ രാജ്യം ,ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തില്‍വിള്ളലുണ്ടാക്കും.’ ശരദ്പവാര്‍ ജോഷിക്ക് എഴുതിയ കത്തില്‍ പറയുന്നു.
ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുമ്പോള്‍ ഭരണഘടനാ ഭേദഗതി വരുത്തണമെന്നും അതുകൊണ്ട് തന്നെ ഇതില്‍ ഒരു ദേശീയ ചര്‍ച്ച ആവശ്യമാണെന്നതാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ നിര്‍ദേശമെന്നും ശരദപവാര്‍ കൂട്ടി ചേര്‍ത്തു.
മന്ത്രിമാര്‍ പാര്‍ലമെന്റ് പ്രവര്‍ത്തനം ഗൗരവമായി കാണണമെന്നും പ്രതിപക്ഷത്തിന് ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കണമെന്നും ശരദ്പവാര്‍ ആവശ്യപ്പെട്ടു.
ഒറ്റ രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പാക്കാന്‍ പ്രധാനമന്ത്രി
നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ദല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു.ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്താനുള്ള നിര്‍ദേശം നടപ്പാക്കുന്നതു പരിശോധിക്കാന്‍ പ്രത്യേകസമിതിയുണ്ടാക്കുമെന്ന് വിവിധ പാര്‍ട്ടിനേതാക്കളുടെ യോഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചിരുന്നു.
40 പാര്‍ട്ടികളെ ക്ഷണിച്ചെന്നും 21 പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തെന്നും മൂന്നു പാര്‍ട്ടികള്‍ അഭിപ്രായം എഴുതിയ കത്തുനല്‍കിയെന്നും രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു.’ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പാക്കുന്നതു ജാഗ്രതയോടെ വേണമെന്നാണ് ഒട്ടേറെ പാര്‍ട്ടികളുടേയും അഭിപ്രായം.
എന്നാല്‍ യഥാര്‍ഥപ്രശ്‌നങ്ങളില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടാനാണ് പ്രധാനമന്ത്രി യോഗംവിളിച്ചതെന്നു കുറ്റപ്പെടുത്തി കോണ്‍ഗ്രസ് ഇത് ബഹിഷ്‌കരിച്ചിരുന്നു.ഇടതുപാര്‍ട്ടികളായ സി.പി.ഐ.എം., സി.പി.ഐ., ആര്‍.എസ്.പി. തുടങ്ങിയവ പങ്കെടുത്ത് തങ്ങളുടെ എതിര്‍പ്പറിയിച്ചിട്ടുണ്ട്.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, എസ്.പി. നേതാവ് അഖിലേഷ് യാദവ്, ബി.എസ്.പി. നേതാവ് മായാവതി തുടങ്ങിയ പ്രമുഖരൊന്നും പങ്കെടുത്തില്ല.