മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി ഇന്ത്യ ലോകകപ്പ് കളിക്കണമെന്ന് അഭിപ്രായപ്പെട്ട സച്ചിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി എന്‍.സി.പി നേതാവും മുന്‍ ഐ.സി.സി, ബി.സി.സി.ഐ പ്രസിഡന്റുമായ ശരദ് പവാര്‍. സച്ചിന്‍ കരിയര്‍ ആരംഭിച്ചതു തന്നെ പാകിസ്ഥാനെ പരാജയപ്പെടുത്തിക്കൊണ്ടെന്ന് വിമര്‍ശിക്കുന്നവര്‍ ഓര്‍ക്കണമെന്ന് പവാര്‍ പറഞ്ഞു.
സച്ചിന്‍ ഭാരതരത്‌ന ജേതാവും സുനില്‍ ഗവാസ്‌കര്‍ രാജ്യത്തിന് അഭിമാനം നേടിത്തന്ന മറ്റൊരു ക്രിക്കറ്റ് കളിക്കാരനാണെന്നും ശരദ് പവാര്‍ പാര്‍ളിയില്‍ നടന്ന കോണ്‍ഗ്രസ് എന്‍.സി.പി സംയുക്ത റാലിയില്‍ അണികളെ ഓര്‍മിപ്പിച്ചു. സച്ചിന്‍ 15ാമത്തെ വയസ്സില്‍ തന്റെ തിളക്കമാര്‍ന്ന കരിയര്‍ ആരംഭിച്ചത് പാകിസ്ഥാനെ പരാജയപ്പെടുത്തിക്കൊണ്ടാണ്. പവാര്‍ പറഞ്ഞു.
ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റിനെ അനുകൂലിച്ച ക്രിക്കറ്റ് ഇതിഹാസങ്ങളായ സുനില്‍ ഗവാസ്‌കറേയും സച്ചിന്‍ ടെന്‍ഡുല്‍ക്കറേയും അധിക്ഷേപിച്ച് അര്‍ണബ് ഗോസ്വാമി ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. റിപ്പബ്ലിക് ടി.വിയില്‍ ഈ വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഷെയിം ഓണ്‍ ആന്റിനാഷണല്‍ എന്ന ഹാഷ്ടാഗിലായിരുന്നു സച്ചിനേയും ഗവാസ്‌കറേയും അര്‍ണബ് വിശേഷിപ്പിച്ചത്.
നേരത്തെ വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യ പാകിസ്താനുമായി കളിക്കണമെന്ന് സച്ചിനും ഗവാസ്‌കറും അഭിപ്രായപ്പെട്ടിരുന്നു. ലോകകപ്പില്‍ ഇന്ത്യ എല്ലായ്പ്പോഴും പാകിസ്താനെ തോല്‍പ്പിക്കാറുണ്ടെന്നും ഒരിക്കല്‍ കൂടി പരാജയപ്പെടുത്താനുള്ള സമയമാണിതെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്.
ലോകകപ്പ് മത്സരത്തിനിടെ കളി ഉപേക്ഷിച്ച് രണ്ട് പോയന്റ് ഇന്ത്യ പാക്കിസ്താന് നല്‍കുന്നതിനോട് എതിര്‍പ്പുണ്ടെന്നും സച്ചിന്‍ പറഞ്ഞു. അതേസമയം ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും രാജ്യം ഏത് തീരുമാനം എടുത്താലും പിന്തുണയ്ക്കുമെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറഞ്ഞിരുന്നു. സമാനമായ അഭിപ്രായമായിരുന്നു സുനില്‍ ഗവാസ്‌കറും പങ്കുവെച്ചത്.
നേരത്തെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനുമായുള്ള മത്സരം ഇന്ത്യ ഉപേക്ഷിക്കണമെന്ന് ഹര്‍ഭജന്‍ സിംഗ്, അസറുദ്ദീന്‍ മുതലായര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ മത്സരം ഇല്ലാതെ തന്നെ ലോകകപ്പില്‍ മുന്നോട്ട് പോകാന്‍ ശക്തിയുള്ള ടീമാണ് ഇന്ത്യയെന്നും ഹര്‍ഭജന്‍ പറഞ്ഞിരുന്നു
ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യാ-പാകിസ്താന്‍ മത്സരം നടക്കേണ്ടത്. മെയ് അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യവുമായി ആരാധകരും രംഗത്തെത്തിയിരുന്നു. ആരാധകര്‍ക്കു പുറമെ മുംബൈയിലെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
Also watch