മുംബൈ: മഹാരാഷ്ട്രയില്‍ ഷിന്‍ഡെ സര്‍ക്കാര്‍ ആറു മാസത്തിലധികം നിലനില്‍ക്കില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ഇടക്കാല തെരഞ്ഞെടുപ്പ് നടത്താന്‍ മഹാരാഷ്ട്ര തയ്യാറായിക്കോളൂവെന്നും പവാര്‍ പറഞ്ഞു.
ഞായറാഴ്ച എന്‍.സി.പി എം.എല്‍.എമാരുടേയും പാര്‍ട്ടി നേതാക്കളുടേയും യോഗത്തിനിടെയായിരുന്നു പവാറിന്റെ പരാമര്‍ശം. മുംബൈയിലായിരുന്നു യോഗം നടന്നത്.
‘മഹാരാഷ്ട്രയില്‍ പുതുതായി അധികാരത്തിലെത്തിയ സര്‍ക്കാര്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ വീഴാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇടക്കാല തെരഞ്ഞെടുപ്പിന് എല്ലാവരും തയ്യാറായിക്കൊള്ളുക,’ ശരദ് പവാര്‍ പറഞ്ഞു.
നിലവിലെ സംവിധാനത്തില്‍ ഷിന്‍ഡെയെ പിന്തുണച്ച വിമത എം.എല്‍എമാര്‍ അതൃപ്തരാണെന്നും അതിനാല്‍ തന്നെ ഇവരുടെ പിന്തുണയോടുകൂടി അധികാരത്തിലെത്തിയ സര്‍ക്കാര്‍ അധിക കാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ ഉറപ്പൊന്നും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അധികാരങ്ങള്‍ വീതിച്ച് നല്‍കുന്നതോടെ തീര്‍ച്ചയായും വിമതര്‍ അവരുടെ അതൃപ്തി പ്രകടിപ്പിച്ചു തുടങ്ങും. വിമതര്‍ തിരിച്ച് ശിവസേനയിലേക്ക് മടങ്ങിവരുമെന്ന് വിശ്വാസമുണ്ട്,’ അദ്ദേഹം പറഞ്ഞു.
2019ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തകര്‍ത്ത് അധികാരത്തിലെത്തിയതായിരുന്നു മഹാവികാസ് അഘാഡി സര്‍ക്കാര്‍. ശിവസേന-ബി.ജെ.പി സഖ്യത്തില്‍ നിന്ന് പിന്മാറിയാണ് ശിവസേന കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തില്‍ ചേരുന്നതും മഹാവികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കുന്നതും.