ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഭരണകാലത്ത് ബജറ്റിന്റെ 15 ശതമാനം മുസ്‌ലിങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങള്‍ തള്ളി മുതിര്‍ന്ന നേതാക്കളായ പി.ചിദംബരവും ശരദ് പവാറും. ആരോപണങ്ങള്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതും വിചിത്രവുമെന്ന് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം പറഞ്ഞു.
ഹിന്ദു-മുസ്‌ലിം വേര്‍തിരിവ് സൃഷ്ടിച്ച് വോട്ട് തട്ടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രിക്ക് പ്രസംഗങ്ങള്‍ എഴുതി നല്‍കുന്നവര്‍ക്ക് സമനില തെറ്റിയെന്നാണ് തോന്നുന്നത് എന്നും പി. ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്ത് ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമായി പ്രത്യേക ബജറ്റുകള്‍ തയ്യാറാക്കിയിരുന്നു എന്നത് അദ്ദേഹത്തിന്റെ ഭാവന സൃഷ്ടിമാത്രമാണെന്നും മുന്‍ ധനകാര്യമന്ത്രി കൂടിയായിരുന്ന പി. ചിദംബരം പറഞ്ഞു.
ആഗോള സമൂഹം പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം അദ്ദേഹം ഓര്‍ക്കണമെന്നും പി. ചിദംബരം പറഞ്ഞു. ഹിന്ദു-മുസ്‌ലിം വേര്‍തിരിവുണ്ടാക്കുന്ന പ്രസ്താവനകള്‍ തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും, അങ്ങനെ സംഭവിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്ന് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ വര്‍ഗീയ പ്രസ്താവന നടത്തുകയും ചെയ്ത പ്രധാനമന്ത്രിയെ പി. ചിദംബരം കുറ്റപ്പെടുത്തി.
മോദിയുടെ വിഭാഗീയ പ്രസ്താവനകളെ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും തള്ളിപ്പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ബജറ്റില്‍ ഫണ്ട് മാറ്റിവെക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ മണ്ടത്തരമാണെന്നും ശരദ് പവാര്‍ പറഞ്ഞു. മോദി അടുത്തകാലങ്ങളിലായി നടത്തിയ പ്രസ്താവനകളിലൊന്നും ഒരു ശതമാനം പോലും സത്യമില്ലെന്നും അദ്ദേഹത്തിന്റെ ആത്മവിശ്വാസം നഷ്ടമായിരിക്കുന്നു എന്നും ശരദ് പവാര്‍ പറഞ്ഞു.
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന വിഭാഗീയ പ്രസംഗങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഇന്ത്യമുന്നണി നേതാക്കളുടെ ഭാഗത്ത് നിന്നുയരുന്നത്. കോണ്‍ഗ്രസ് മുസ്‌ലിങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി, മുസ്‌ലിങ്ങള്‍ക്ക് വേണ്ടി ബജറ്റില്‍ പ്രത്യേകം ഫണ്ട് മാറ്റിവെച്ചു, ഹിന്ദുക്കളുടെ സ്വത്ത് പിടിച്ചെടുത്ത് മുസ്‌ലിങ്ങള്‍ക്ക് നല്‍കും തുടങ്ങി നിരവധി വിഭാഗീയ പ്രസ്താവനകളാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്.
CONTENT HIGHLIGHTS: Sharad Pawar and P Chidambaram rejects Modi’s allegation of Hindu-Muslim budget during Congress rule