| Saturday, 21st April 2018, 4:21 pm

ഇതുകൊണ്ടൊക്കെയാണ് ചീഫ് ജസ്റ്റിസിന് പിഴച്ചുവെന്ന് ഞങ്ങള്‍ ആരോപിക്കുന്നത്; പത്ത് ഉദാഹരണങ്ങള്‍ നിരത്തി ശാന്തി ഭൂഷണിന്റെ ഹര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേസുകള്‍ ചുമതലപ്പെടുത്തുന്നതില്‍ ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി എന്നതിന് പത്ത് ഉദാഹരണങ്ങല്‍ നിരത്തി ശാന്തി ഭൂഷണിന്റെ ഹര്‍ജി. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷം നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് ശാന്തി ഭൂഷണിന്റെ ഹര്‍ജി വന്നിരിക്കുന്നത്.

അശോക് ഭൂഷണ്‍, എ.കെ സിക്രി എന്നിവരുള്‍പ്പെട്ട ബെഞ്ച് ഏപ്രില്‍ 27നാണ് ഈ ഹര്‍ജി പരിഗണിക്കുക. ഹര്‍ജിയില്‍ അദ്ദേഹം അക്കമിട്ടു നിരത്തുന്ന കാര്യങ്ങള്‍ ഇവയാണ്-

1) മെഡിക്കല്‍ കോളജ് കോഴ കേസ്

ലക്‌നൗ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജുഡീഷ്യല്‍ പരിഷ്‌കരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കാമ്പെയ്ന്‍ ഫോര്‍ അക്കൗണ്ടബിലിറ്റി ആന്റ് റിഫോംസ് എന്ന സംഘടന കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആ ഹര്‍ജിയില്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ സുപ്രീം കോടതിയെന്ന സ്ഥാപനത്തിന് കളങ്കം സൃഷ്ടിക്കുന്നവയായിരുന്നു.

ചീഫ് ജസ്റ്റിസ് മിശ്ര കഴിഞ്ഞാല്‍ ഏറ്റവും സീനിയറായ ജെ. ചലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ നവംബര്‍ എട്ടിന് ഈ ഹര്‍ജി വന്നു. നവംബര്‍ പത്തിന് ഈ കേസ് കേള്‍ക്കാന്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ” കേസ് ചീഫ് ജസ്റ്റിസിന്റെ ഉത്തരവു പ്രകാരം മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയതായി ഉച്ചഭക്ഷണ വേളയില്‍ ഹര്‍ജിക്കാരനെ അറിയിക്കുകയായിരുന്നു” എന്നാണ് ശാന്തി ഭൂഷണിന്റെ ഹര്‍ജിയില്‍ പറയുന്നത്.

പിന്നീടുള്ള ഹിയറിങ്ങില്‍ കേസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ലിസ്റ്റു ചെയ്തു. എന്നാല്‍ “അതേദിവസം വൈകുന്നേരം ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അദ്ദേഹം തെരഞ്ഞെടുക്കുന്ന ജൂനിയര്‍ ജഡ്ജുമാരുമുള്‍പ്പെട്ട ഭരണഘടനാ ബെഞ്ചില്‍ ധൃതിയില്‍ ഈ കേസ് കേള്‍ക്കുകയും ” ചെയ്തതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. ചീഫ് ജസ്റ്റിസാണ് മാസ്റ്റര്‍ ഓഫ് ദ റോസ്റ്റര്‍ (ചുമതലയേല്‍പ്പിക്കാനുള്ള പരമാധികാരി) എന്ന് ഊന്നിക്കൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസിന്റെ അഡ്മിനിസ്‌ട്രേറ്റീവ് അധികാരം ചോദ്യം ചെയ്തുകൊണ്ടുള്ള ഏതുതരം ഉത്തരവും നിയമസാധുതയില്ലാത്തതാണെന്നും സി.ജെ.ഐ ഉത്തരവില്‍ പറഞ്ഞിരുന്നു.

മിശ്ര രൂപീകരിക്കുന്ന പുതിയ ബെഞ്ച് സി.ജെ.എ.ആറിന്റെ ഹര്‍ജി പരിഗണിക്കുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. കേസ് പിന്നീട് ആര്‍.കെ അഗര്‍വാള്‍ തലവനായ ബെഞ്ചിനു റഫര്‍ ചെയ്യുകയും ഡിസംബര്‍ ഒന്നിന് ഈ കേസ് തളളുകയും സി.ജെ.എ.ആറിന് 25 ലക്ഷം രൂപ പിഴചുമത്തുകയും ചെയ്തു.


Also Read: എ.വി ജോര്‍ജ്ജിന്റെ സ്ഥലംമാറ്റം; ഇല്ലാതാവുന്നത് പൊലീസിലെ ഒരു’ സ്വകാര്യ സേന’ മാത്രം; സംസ്ഥാനത്തിനിയും ‘ടൈഗര്‍ ഫോഴ്‌സുകള്‍’ നിലനില്‍ക്കുന്നെന്നും ആരോപണം


2. സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടറെ നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള കേസ്

സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടറായി ഗുജറാത്ത് കേഡറില്‍ നിന്നുള്ള ഐ.പി.എസ് ഓഫീസറായ രാകേഷ് അസ്താനയെ നിയമിച്ചതിനെ ചോദ്യം ചെയ്തുളള ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നും ജഡ്ജി നവിണ്‍ സിന്‍ഹന നവംബര്‍ 13ന് സ്വയം പിന്മാറി. അന്നേദിവസം രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ച് ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു: “വിഷയം 2017 നവംബര്‍ 17 വെള്ളിയാഴ്ച ജസ്റ്റിസ് നവിന്‍ സിന്‍ഹയില്ലാത്ത ഒരു ബെഞ്ചിന് മുമ്പാകെ മാറ്റിക്കൊണ്ട്” ഭൂഷണിന്റെ ഹര്‍ജിയില്‍ പറയുന്നു.

ഹര്‍ജിയില്‍ വാദംകേള്‍ക്കേണ്ട ദിവസം വിഷയം ജഡ്ജിമാരായ ആര്‍.കെ അഗര്‍വാളിനും അഭയ് മനോഹര്‍ സാപ്രെയ്ക്കും മുമ്പാകെ ലിസ്റ്റു ചെയ്തു. “നവംബര്‍ 17ന് ഗോഗോയി സിന്‍ഹയ്‌ക്കൊപ്പമുണ്ടായിരുന്നില്ലെങ്കിലും അങ്ങനെവരുമ്പോള്‍ ഹര്‍ജി ജസ്റ്റിസ് ഗോഗോയി അധ്യക്ഷനായ ബെഞ്ചിലേക്കാണ് ലിസ്റ്റ് ചെയ്യേണ്ടിയിരുന്നതെന്നും” ശാന്തി ഭൂഷണിന്റെ ഹര്‍ജിയില്‍ പറയുന്നു.

സുപ്രീം കോടതിയിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട “2017ലെ ഹാന്റ്ബുക്ക് ഓണ്‍ പ്രാക്ടീസ് ആന്റ് പ്രൊസീചിയര്‍ ആന്റ് ഓഫീസ് പ്രൊസീചിയര്‍” എന്ന പുസ്തകത്തിലെ ഒരു ഭാഗം ഈ വാദത്തിന് തെളിവായി ശാന്തി ഭൂഷണ്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്: “A case directed not to be listed before a particular Judge constituting the first coram shall be listed before the Judge constituting the second coram in a different composition, ifavailable.” എന്നാണ് പുസ്തകത്തില്‍ പറയുന്നത്.

കേസ് അഗര്‍വാളിനും സാപ്രെയ്ക്കും മുമ്പാകെ ലിസ്റ്റ് ചെയ്തത് നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഹാന്റ്ബുക്കിന്റെ പൂര്‍ണമായ ലംഘനമാണെന്ന് ഭൂഷണിന്റെ ഹര്‍ജിയില്‍ പറയുന്നത്.

3) 2ജി കേസിലെ അപ്പീലിലെ നിലപാട്

ഈ കേസിലെ ഹര്‍ജി കഴിഞ്ഞവര്‍ഷം നവംബര്‍ ആറിന് കേള്‍ക്കാനായി ലിസ്റ്റ് ചെയ്തതായിരുന്നുവെന്നാണ് ശാന്തി ഭൂഷണിന്റെ ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ പിന്നീട് ഈ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്തു. ഇത് പിന്നീട് ചീഫ് ജസ്റ്റിസ് കോര്‍ട്ടിനു മുമ്പാകെ ലിസ്റ്റ് ചെയ്തു. എന്നാല്‍ നവംബര്‍ 13ന് ആ ബെഞ്ചിലെ രണ്ട് ജഡ്ജിമാരായ എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഢ് എന്നിവര്‍ കേസ് കേള്‍ക്കുന്നതില്‍ നിന്നും വിട്ടുനിന്നു. മറ്റു സീനിയര്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ബെഞ്ചുകള്‍ ലഭ്യമായിരുന്നിട്ടും ഈ കേസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ലിസ്റ്റു ചെയ്യുകയാണുണ്ടായതെന്നാണ് ശാന്തി ഭൂഷണ്‍ ആരോപിക്കുന്നത്.

4) ജഡ്ജി ലോയയുടെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി

ജഡ്ജി ലോയയുടെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള രണ്ട് ഹര്‍ജികളും പിറ്റേദിവസം തന്നെ അരുണ്‍ മിശ്ര തലവനായ ബെഞ്ചിലേക്ക് “മാറ്റിയതായി ഉത്തരവിട്ടു” . ലോയയുടെ കേസ് കേള്‍ക്കുന്ന ദിവസമാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്നത് ശ്രദ്ധിക്കേണ്ട ഒന്നാണ്. ലോയ ഹര്‍ജിയുടെ ലിസ്റ്റിങ്ങുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചിട്ടുണ്ടെന്ന് വാര്‍ത്താസമ്മേളനത്തിനിടെ ജസ്റ്റിസ് ഗോഗോയി മാധ്യമങ്ങളെ അറിയിച്ചിരുന്നു.

കേസ് പിന്നീട് ജനുവരി 16ലേക്കും അവിടെ നിന്നും ജനുവരി 19ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിനു മുമ്പാകെയും മാറ്റി. “റോസ്റ്റര്‍ അനുസരിച്ച് യോജിച്ച ബെഞ്ചിലേക്ക്” കേസ് മാറ്റുമെന്ന് ഉത്തരവിടുകയും ചെയ്തു. “മറ്റേതെങ്കിലും കോര്‍ട്ട് റോസ്റ്റര്‍ പ്രസിദ്ധീകരിച്ചതായോ, നിലവിലുള്ളതായോ അറിയില്ല” എന്നാണ് പ്രശാന്ത് ഭൂഷണിന്റെ ഹര്‍ജിയില്‍ പറയുന്നത്.

5) എം.പിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ ഉള്‍പ്പെട്ട കേസ്

തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഫയല്‍ ചെയ്ത ഹര്‍ജിയാണ് മറ്റൊരു ഉദാഹരണമായി ഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നത്. അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ജനുവരി 29ന് ഈ കേസ് ലിസ്റ്റ് ചെയ്തിരുന്നു. ഹര്‍ജി നിലനില്‍ക്കുമോയെന്ന വാദത്തിനായി അന്ന് ഈ കേസ് വിടുകയും ചെയ്തതാണെന്ന് ഭൂഷണ്‍ പറയുന്നു. എന്നാല്‍ കേസ് കേള്‍ക്കേണ്ട അടുത്ത തിയ്യതിയില്‍ മിശ്രയുടെ ബെഞ്ച് ദല്‍ഹി പൊലീസിന് നോട്ടീസ് നല്‍കുകയാണുണ്ടായത്.


Must Read: സൂത്രധാരന്‍ അമര്‍നാഥ് ബൈജു; ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിന് പിടിയിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇവരാണ്


6) ജയ് ഷായുടെ സ്വത്തുമായി ബന്ധപ്പെട്ട ദ വയര്‍ ന്യൂസ്‌പോര്‍ട്ടലിനെതിരെയുള്ള കേസ്

ചട്ടപ്രകാരം ഈ കേസ് കേള്‍ക്കേണ്ട കോടതികള്‍ ഉണ്ടായിരുന്നിട്ടും ഇത് കോര്‍ട്ട് നമ്പര്‍ ഒന്നില്‍ ലിസ്റ്റു ചെയ്‌തെന്നാണ് ഭൂഷണിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

7) ആധാര്‍ കേസ്

ജസ്റ്റിസ് ചലമേശ്വര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരുന്നു ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച ഹര്‍ജികള്‍ കേട്ടത്. 2015 ആഗസ്റ്റില്‍ ഈ ബെഞ്ച് കേസ് ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റി. കഴിഞ്ഞവര്‍ഷം ജൂലൈ 18ന് മുന്‍ ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് രൂപം നല്‍കുകയും ചെയ്തു. ചെലമേശ്വര്‍, ഖേഹാര്‍, ചന്ദ്രചൂഢ്, എസ്.എ ബോബ്‌ഡെ, അബ്ദുല്‍ നസീര്‍ എന്നിവരുള്‍പ്പെട്ടതായിരുന്നു ബെഞ്ച്.

സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണോയെന്നതില്‍ തീരുമാനമെടുക്കാന്‍ ഒമ്പതംഗ ബെഞ്ചിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഖേഹാര്‍ രൂപീകരിച്ച ഈ ബെഞ്ചിലും ചെലമേശ്വര്‍, ബോബ്‌ഡെ, നസീര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. സ്വകാര്യതയ്ക്കുള്ള അവകാശവുമായി ബന്ധപ്പെട്ട വിധിക്കു പിന്നാലെ ഖേഹാര്‍ വിരമിക്കുകയും ദീപക് മിശ്ര ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുകയും ചെയ്തു. പിന്നീട് ആധാര്‍ കേസ കേള്‍ക്കാനായി ചുമതലപ്പെടുത്തിയ ബെഞ്ചില്‍ ചെലമേശ്വര്‍, ബോബ്‌ഡെ, നസീര്‍ എന്നീ ജഡ്ജിമാര്‍ ഉണ്ടായിരുന്നില്ലെന്ന് ഭൂഷണ്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ചന്ദ്രചൂഢ്, സിക്രി, ഖാന്‍വില്‍ക്കര്‍, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നിലവില്‍ ആധാര്‍ കേസ് പരിഗണിക്കുന്നത്.

8) ഓയില്‍ ആന്റ് നാച്യുറല്‍ ഗ്യാസ് കമ്പനിയുടെ സ്വതന്ത്ര ഡയറക്ടറായി ബി.ജെ.പി വക്താവ് സംബിത് പാത്രയെ നിയമിച്ചതിനെതിരെയുള്ള ഹര്‍ജി

ആര്‍.കെ അഗര്‍വാള്‍, എ.എം സാപ്രെ എന്നിവരടങ്ങിയ ബെഞ്ചിനു മുമ്പാകെയാണ് ജനുവരി 8ന് ഈ കേസ് ലിസ്റ്റ് ചെയ്തതെന്ന് പ്രശാന്ത് ഭൂഷണിന്റെ ഹര്‍ജിയില്‍ പറയുന്നു. ഈ കേസ് കേള്‍ക്കുന്നതില്‍ നിന്നും ജഡ്ജിമാരിലൊരാള്‍ വിട്ടുനിന്നപ്പോള്‍ ഹര്‍ജി എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ പരിഗണനയ്ക്കായി വിട്ടു. ഈ കേസ് നിലവില്‍ നടക്കുകയാണ്.

9) ജഡ്ജിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട മെമ്മോറാണ്ടം ഓഫ് പ്രൊസീച്യറിന് അന്തിമാനുമതി നല്‍കുന്നത് വൈകിപ്പിച്ച വിഷയത്തില്‍ കേന്ദ്രത്തില്‍ നിന്നും വിശദീകരണം തേടിയുളള കേസ്

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 27ന് യു.യു ലളിത്, എ.കെ ഗോയല്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് കേന്ദ്രസര്‍ക്കാറില്‍ നിന്നും ഇതുസംബന്ധിച്ച വിശദീകരണം തേടി. ആ വര്‍ഷം നവംബര്‍ 14ലേക്ക് കേസ് ലിസ്റ്റു ചെയ്യുകയും ചെയ്‌തെന്ന് ഭൂഷണിന്റെ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ നവംബര്‍ എട്ടിന് പെട്ടെന്ന് ഈ കേസ് ജസ്റ്റിസ് മിശ്ര, സിക്രി, അമിതവ റോയി എന്നിവരുള്‍പ്പെട്ട ബെഞ്ചിലേക്ക് മാറ്റി. അന്നേദിവസം ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച് ഒക്ടോബര്‍ 27ലെ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു.

10) ഭൂമിയേറ്റെടുക്കല്‍ നിയമവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര കേസ്

ഏറ്റെടുത്ത ഭൂമിക്കു നല്‍കുന്ന നഷ്ടപരിഹാരം ഡെപ്പോസിറ്റ് ചെയ്യുന്നതുവരെ അത് നല്‍കിയതായി കണക്കാക്കരുതെന്ന് 2014ല്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു. ഫെബ്രുവരിയില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മറ്റൊരു മൂന്നംഗ ബെഞ്ച് 2014ലെ ഉത്തരവ് തെറ്റാണെന്ന് വിധിക്കുകയും ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തെച്ചൊല്ലിയുള്ള കേസ് ജസ്റ്റിസ് മദന്‍ ലോക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു.

ഫെബ്രുവരി 21ന് ഈ കേസ് മാര്‍ച്ച് ഏഴിലേക്ക് ലിസ്റ്റ് ചെയ്തുകൊണ്ട് ലോക്കൂര്‍ ഉത്തരവിട്ടു. 2014ലെ മൂന്നംഗ ബെഞ്ചിന്റെ വിധി തെറ്റാണെന്ന അരുണ്‍ മിശ്രയുടെ ബെഞ്ചിന്റെ വിധി മറ്റൊരു വിശാല ബെഞ്ച് ശരിവെക്കുംവരെ സമാനമായ കേസുകളില്‍ വിധിപ്രസ്താവിക്കരുതെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ പിറ്റേദിവസം തന്നെ സമാനമായ രണ്ടു കേസുകള്‍ രണ്ട് വ്യത്യസ്ത ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് ഗോയല്‍ എന്നിവര്‍ തലവരായ ബെഞ്ചിലേക്കാണ് മാറ്റിയത്. 2014ലെ മൂന്നംഗ ബെഞ്ചിന്റെ വിധി തെറ്റാണെന്ന് വിധിച്ച ബെഞ്ചിന്റെ ഭാഗമായിരുന്നു ഇവര്‍ ഇരുവരും.

വാദംകേള്‍ക്കേണ്ട അന്ന്, രണ്ട് ബെഞ്ചുകളും അവരുടെ കേസുകള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് റഫര്‍ ചെയ്തു. അദ്ദേഹം ഈ കേസുകള്‍ മാര്‍ച്ച് ആറിലേക്കു ലിസ്റ്റു ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന എല്ലാ പ്രശ്‌നങ്ങളും പരിഗണിക്കാന്‍ മിശ്ര താന്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിനു മുമ്പാകെ ഈ കേസ് ലിസ്റ്റു ചെയ്യുകയാണുണ്ടായതെന്ന് പ്രശാന്ത് ഭൂഷണിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു.

We use cookies to give you the best possible experience. Learn more