ഗുരുവായൂര്‍: ഗുരുവായൂരില്‍ വില്ലകള്‍ പണിതു നല്‍കാമെന്നും അതില്‍നിന്ന് സ്ഥിരവരുമാനം ലഭിക്കുമെന്നും പറഞ്ഞ് വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയില്‍ ശാന്തിമഠം ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് ചെയര്‍മാന്‍ ശാന്തിമഠം രാധാകൃഷ്ണന്‍ അറസ്റ്റില്‍. എറണാകുളം പള്ളുരുത്തി കോലത്തുവീട്ടില്‍ പരമേശ്വരന്‍ നായരുടെ മകന്‍ മനോജ് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.
രാധാകൃഷ്ണനെ അറസ്റ്റു ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. എസ്.ഐ. വി.സി സൂരജാണ് രാധാകൃഷ്ണനെ അറസ്റ്റു ചെയ്തത്.
ഗുരുവായൂരിനടുത്ത് ഇരങ്ങപ്പുറത്തുള്ള ശാന്തിമഠത്തിന്റെ വില്ല പ്രൊജക്ടില്‍ വില്ല ലഭിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി രണ്ടു തവണയായി 16 ലക്ഷം നല്‍കിയിട്ടും വാഗ്ദാനമനുസരിച്ചുള്ള വില്ല ലഭിച്ചില്ലെന്നാണ് മനോജിന്റെ പരാതി. വില്ല ലഭിക്കാത്തതിനെത്തുടര്‍ന്ന് മനോജ് പോലീസിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കോടിയെ സമീപിച്ചത്. കേസെടുത്ത് അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതനുസരിച്ചാണ് രാധാകൃഷ്ണന്‍ അറസ്റ്റിലായത്.
കണ്ടാണിശേരി പഞ്ചായത്തിലെ മുനിമട ഭാഗത്ത് വില്ല നല്‍കാമെന്നു പറഞ്ഞാണ് മനോജ്കുമാറില്‍ നിന്ന് പണം വാങ്ങിയതത്രേ. 12.5 ലക്ഷത്തിന്റെ വില്ലക്ക് 2007ല്‍ അഞ്ചുലക്ഷം രൂപ മനോജ്കുമാര്‍ നല്‍കിയത്. 7.5 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്ത് നല്‍കുകയും ചെയ്തു.
വില്ലക്കൊപ്പം സ്ഥിരവരുമാനം വാഗ്ദാനം ചെയ്തിരുന്നതിനാല്‍ ആ വരുമാനത്തില്‍നിന്ന് കമ്പനി വായ്പ അടക്കാമെന്നാണ് പറഞ്ഞിരുന്നത്. തങ്ങളുടെ വില്ലയില്‍ മറ്റൊരാളെ കമ്പനി താമസിപ്പിച്ചിരുന്നെങ്കിലും ബാങ്ക് വായ്പ അടച്ചില്ല. വില്ലയുടെ താക്കോലും നല്‍കിയില്ല. ഇതിനു പുറമെ കൂടുതല്‍ പണം ചോദിക്കുകയും ചെയ്തു. പാക്കേജ് അനുസരിച്ച് വില്ലയോടൊപ്പം തമിഴ്‌നാട്ടില്‍ നല്‍കാമെന്നു പറഞ്ഞ മൂന്നേക്കര്‍ സ്ഥലവും കിട്ടിയില്ലെന്ന് പരാതിയില്‍ പറയുന്നു.
മനോജിന് പുറമേ നിരവധി പേര്‍ പരാതിയുമായി കോടതിയെയും പൊലീസിനെയും സമീപിച്ചിട്ടുണ്ട്. പിറവം സ്വദേശി പാമ്പാക്കുട കരുണാകരന്റെ മകന്‍ മനോജ്കുമാറാണ് മറ്റൊരു പരാതിക്കാരന്‍. കോഴിക്കോട് സിവില്‍ സ്‌റ്റേഷനു സമീപം ഗേറ്റ്വേ റസിഡന്‍സിയില്‍ മോനിഷും പരാതിയുമായി രംഗത്തുണ്ട്. മോനിഷില്‍നിന്ന് 10 ലക്ഷം വാങ്ങിയെങ്കിലും പറഞ്ഞതുപോലെ വില്ലയുടെ പണി നടന്നില്ല. നേരത്തെ പറഞ്ഞ സ്ഥലമല്ല പിന്നീട് കാണിച്ചതെന്നും മോനിഷ് പരാതിയില്‍ പറയുന്നു.
കോഴിക്കോട് നെല്ലിക്കോട് സ്വദേശി സുരേന്ദ്രനാഥ്, വടകര പറമ്പത്ത് ജയചന്ദ്രന്‍, മുല്ലശേരി സ്വദേശി തൈക്കാട്ടില്‍ മേരി എന്നിവരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. ശാന്തിമഠത്തിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട് വാഗ്ദാനങ്ങള്‍ നല്‍കിയവര്‍ക്കും നോട്ടീസ് അയക്കുമെന്ന് പൊലീസ് പറഞ്ഞു.