ശാന്തിവനം: കെ.എസ്.ഇ.ബിക്കെതിരായ സമരം ശക്തമാക്കാനൊരുങ്ങി ശാന്തിവനം സംരക്ഷണ സമിതി
santhi vanam
ശാന്തിവനം: കെ.എസ്.ഇ.ബിക്കെതിരായ സമരം ശക്തമാക്കാനൊരുങ്ങി ശാന്തിവനം സംരക്ഷണ സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th May 2019, 5:32 pm

കൊച്ചി: ശാന്തിവനത്തില്‍ കെ.എസ്.ഇ.ബി നടത്തുന്ന ടവര്‍ നിര്‍മാണം നിര്‍ത്തിവെക്കണമെന്നുള്ള എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുള്ളയുടെ നിര്‍ദേശം മറികടന്ന് വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശാന്തിവനം സംരക്ഷണ സമിതി.

വന്‍ പൊലീസ് സന്നാഹത്തോടെയാണ് കെ.എസ്.ഇ.ബി ശാന്തിവനത്തില്‍ നിര്‍മാണങ്ങള്‍ പുനരാരംഭിക്കാന്‍ എത്തിയത്. ഇന്നു വൈകീട്ട് നാലു മണിക്ക് സമര സമിതിയുമായി കലക്ടര്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് കെ.എസ്.ഇ.ബി പൊലീസുമായി സ്ഥലത്തെത്തിയിരിക്കുന്നത്.

ഇതിനെതിരെ സമരം ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ് ശാന്തിവനം സംരക്ഷണ സമിതി. സമരത്തിലേയ്ക്ക് കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരെയും എഴുത്തുകാരെയും സാമൂഹ്യ പ്രവര്‍ത്തകരെയും ക്ഷണിച്ചു കൊണ്ടുള്ള അഭ്യര്‍ത്ഥന ശാന്തിവനം സംരക്ഷണ സമിതി പുറത്തിറക്കിയിട്ടുണ്ട്.

ശാന്തിവനം സംരക്ഷണ സമിതിയുടെ അഭ്യര്‍ത്ഥന

പ്രിയപ്പെട്ടവരേ,
വടക്കന്‍ പറവൂരിനടുത്ത് കോട്ടുവള്ളി പഞ്ചായത്തില്‍ പെട്ട വഴിക്കുളങ്ങരയില്‍ ദേശീയപാതയുടെ ഓരത്ത് ശാന്തിവനം എന്ന പേരിലുള്ള സ്വകാര്യ സംരക്ഷിത വനത്തെപ്പറ്റി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊതു സമൂഹം ചര്‍ച്ച ചെയ്യുന്നുണ്ടല്ലോ. ശാന്തി വനത്തിലൂടെയാണ് കെ.എസ്.ഇ.ബിയുടെ മന്നം ചെറായി 110 കെ.വി ലൈന്‍ കൊണ്ടു പോകുന്നത്. ശാന്തിവനത്തിനകത്തു കടക്കാതെ ലൈന്‍ കടന്നു പോകാന്‍ കൂടുതല്‍ സൗകര്യപ്രദമായ ഇടം ഉണ്ടെന്നിരിക്കെ അപൂര്‍വ്വ ജൈവ വൈവിധ്യ കലവറയായ ഈ പച്ചപ്പിനെ സംരക്ഷിക്കാമായിരുന്നു.
മൂന്ന് കാവുകളും മൂന്ന് കുളങ്ങളും ഉള്‍ക്കൊള്ളുന്ന രണ്ടേക്കര്‍ ഭൂമി മീനാ മേനോന്‍ എന്ന സ്ത്രീയും അവരുടെ ഒന്‍പതാം ക്ലാസ്സുകാരിയായ മകളും ചേര്‍ന്നാണ് സംരക്ഷിക്കുന്നത്.
എണ്‍പതുകളില്‍ നടന്ന പശ്ചിമഘട്ട രക്ഷായാത്രയിലുള്‍പ്പെടെ പങ്കെടുത്ത പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന രവീന്ദ്രനാഥ് എന്ന മീനയുടെ അച്ഛന്‍ കാവുകള്‍ക്കും കുളങ്ങള്‍ക്കുമിടയിലുള്ള ഭൂമി കൂടി കാടായി മാറാന്‍ പ്രകൃതിക്ക് വിട്ടുകൊടുത്ത് വീടും മുറ്റവും മാത്രം ഉപയോഗിച്ച് ജീവിച്ചു , അങ്ങനെ ജീവിക്കാന്‍ മീനക്ക് മാതൃകയായി. കഴിഞ്ഞ നാല്പതിലേറെ വര്‍ഷമായി മീന കാടിന്റെ സ്‌നേഹവലയത്തില്‍ കഴിയുന്നു. അപൂര്‍വ്വമാളുകള്‍ക്ക് മാത്രം സാധ്യമാകുന്ന ലളിതമായ , ആത്മീയതയുടെ പൂര്‍ണ്ണതയാണ് മീനയുടെ ജീവിതം. ശാന്തി വനത്തില്‍ അവിടെ കഴിയുന്ന പാമ്പുകളുള്‍പ്പെടെ സമസ്ത ജീവ ജാലങ്ങളുടെയും ജീവിക്കാനുള്ള അവകാശത്തെ മാനിച്ചുകൊള്ളുന്ന ഒരു സഹജീവനം.

ഏപ്രില്‍ ആറാം തിയ്യതി മുതല്‍ ആ ശാന്തതക്കാണ് ഭംഗം വന്നിരിക്കുന്നത്.
കോടതി വിധി തെറ്റായി വ്യാഖ്യാനിച്ച് മീനയുടെ കാടിനുള്ളിലേക്ക് കെ.എസ്.ഇ.ബി വേലി പൊളിച്ച് കയറി. ജെ.സി.ബി കയറ്റി അടിക്കാടും ചെറു മരങ്ങളും തകര്‍ത്തു കളഞ്ഞു. അപൂര്‍വ്വമായ, വളരെ വലിയ ഒരു വെള്ള പൈന്‍ മരം മുറിച്ചു തള്ളി. ഒരു മരം മാത്രമേ മുറിക്കൂ അര സെന്റ് സ്ഥലമേ ആവശ്യമുള്ളു എന്ന് പറഞ്ഞു തുടങ്ങിയവര്‍ പന്ത്രണ്ട് മരങ്ങള്‍ മുറിച് നീക്കി പതിനഞ്ച് സെന്റിലധികം തരിശാക്കി. അമ്പത് മീറ്റര്‍ താഴ്ചയില്‍ അഞ്ച് പൈലിങ്ങ് നടത്തി. ഭൂമിയുടെ അഗാധത്തില്‍ നിന്ന് വന്ന വെള്ളവും ചളിയും കലര്‍ന്ന സ്ലറി വലിയ ഹോസ് ഉപയോഗിച്ച് കാവിനുള്ളിലേക്ക് തള്ളി. മീന അത് ആവശ്യപ്പെട്ടു എന്ന് കള്ളം പറഞ്ഞു കൊണ്ടാണ് കെ.എസ്.ഇ.ബി അത് ചെയ്തത്.

ഈ ഘട്ടത്തിലാണ് ഏപ്രില്‍ 22 മുതല്‍ ശാന്തിവനം സംരക്ഷണ സമിതി രൂപീകരിച്ച് സമരം ആരംഭിച്ചത്. രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തകരെയും മാധ്യമങ്ങളെയും ജില്ലാ ഭരണകൂടത്തെയും ശാന്തിവനത്തില്‍ എത്തിക്കുന്നതിന് സമിതിക്ക് സാധിച്ചു. അതിലേറെ വഴിക്കുളങ്ങരയിലും പറവൂരിലും ഉള്ള ജനങ്ങളെ ഈ വിഷയം അറിയിക്കാന്‍ സാധിച്ചതിലാണ് സമിതിക്ക് കൂടുതല്‍ തൃപ്തിയുള്ളത്. ആദ്യഘട്ടം ശാന്തിവനം വിഷയം പറഞ്ഞു കൊണ്ടുള്ള ഒരു നോട്ടീസ് എല്ലാ വീടുകളിലും എത്തിച്ചു. ശാന്തിവനത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം മനസ്സിലാക്കിയ തദ്ദേശീയര്‍ ഇപ്പോള്‍ കൃത്യമായി സമരത്തോടൊപ്പമാണ്. എല്ലാ ദിവസവും നൂറുകണക്കിന് പ്രദേശവാസികള്‍ ശാന്തിവനവും സമരപ്പന്തലും സന്ദര്‍ശിക്കുന്നു.
എങ്കിലും വൈദ്യുതി വകുപ്പോ കേരള സര്‍ക്കാരോ അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ല. എന്നു മാത്രമല്ല സമരം പദ്ധതി തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നു പ്രചരിപ്പിക്കാനുള്ള ശ്രമവും നടക്കുന്നു. ചെറായി വൈപ്പിന്‍ പ്രദേശത്തുള്ളവരുടെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്ന പദ്ധതി എത്രയും വേഗം നടപ്പാവണം. പക്ഷെ അതിന് പറവൂരിന്റെ ശ്വാസകോശമായ , നൂറിലേറെ വ്യത്യസ്ത വിഭാഗത്തില്‍ പെട്ട ആയിരത്തിനടുത്ത് മരങ്ങളും നൂറു തരം പക്ഷികളും ചിത്രശലഭങ്ങളും ഉരഗങ്ങളും ഉഭയജീവികളുമുള്ള ശാന്തിവനം നശിപ്പിക്കേണ്ടതില്ല. നേരേ പോകേണ്ട ലൈന്‍ ഇടത്തോട്ട് തിരിഞ്ഞ് ശാന്തിവനത്തിനുള്ളിലേക്ക് കയറിയതെന്തിന് എന്ന് കെ.എസ്.ഇ.ബി പറയണം.

ശാന്തിവനം സംരക്ഷണ സമിതി ഒരു വികസന പദ്ധതിക്കും എതിരല്ല. അടുത്ത തലമുറക്ക് അവകാശപ്പെട്ട , ജലസംരക്ഷണവും വായു ശുദ്ധീകരണവും നിര്‍വ്വഹിക്കുന്ന ശാന്തിവനത്തെ ഒഴിവാക്കി 110 കെ.വി ലൈന്‍ കടന്നു പോകട്ടെ.
സമരം15 ആം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. സമരത്തോടൊപ്പം നിയമപോരാട്ടവും തുടരേണ്ടതുണ്ട്. എല്ലാ കാര്യത്തിലും സഹകരണം ഉണ്ടാവണം.
കേരളത്തിലെ മുഴുവന്‍ പരിസ്ഥിതി സ്‌നേഹികളെയും എഴുത്തുകാരെയും സാമൂഹ്യ പ്രവര്‍ത്തകരെയും ഞങ്ങള്‍ ശാന്തി വനത്തിലേക്ക് ക്ഷണിക്കുന്നു.
ഒരിക്കല്‍ ശാന്തിവനം വന്നു കണ്ടാല്‍ നിങ്ങളും ഞങ്ങളോടൊപ്പമാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

സാധ്യമായ മുഴുവന്‍ ആളുകളും സാന്നിധ്യം കൊണ്ടോ എഴുത്തുകൊണ്ടോ മറ്റു വിധേനയോ സമരത്തിന് പിന്തുണയേകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഈ അഭ്യര്‍ത്ഥന മുഴുവന്‍ ആളുകളിലേക്കും എത്തിക്കാനും സഹായിക്കണം.
ആദരവോടെ
കുസുമം ജോസഫ്
കണ്‍വീനര്‍
ശാന്തിവനം സംരക്ഷണ സമിതി