|

ലാലേട്ടനെ പ്രേക്ഷകര്‍ക്ക് സാധാരണക്കാരനായും അവരില്‍ ഒരാളായും കാണാനാണ് ഇഷ്ടം: ശാന്തി മായാദേവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രമാണ് നേര്. സുപ്രധാനമായ കേസിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് ഈ സിനിമ.

പ്രിയാമണി, ജഗദീഷ്, സിദ്ധീഖ്,അനശ്വര രാജ്, ശാന്തി മായാദേവി, ഗണേഷ് കുമാര്‍ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ശാന്തി മായദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്.

ഇപ്പോള്‍ ജിഞ്ചര്‍ മീഡിയ എന്റെര്‍ടെയ്‌മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ശാന്തി മായദേവി.

സിനിമയില്‍ അമാനുഷികമായ കഥാപാത്രമല്ല മോഹന്‍ലാലിന്റേതെന്നും തീപൊരി ഡയലോഗുകള്‍ പാറുന്ന കോടതി മുറി ഈ സിനിമയില്‍ ഇല്ലെന്നും ശാന്തി പറയുന്നു.
സാധാരണക്കാരാനായ ഒരു കഥാപാത്രമാണ് മോഹന്‍ലാലിന്റേതെന്നും പ്രേക്ഷകര്‍ക്ക് അദ്ദേഹത്തെ അത്തരത്തില്‍ സാധാരണക്കാരില്‍ ഒരാളായി കാണാന്‍ തന്നെയാണ് ഇഷ്ടമെന്നും ശാന്തി കൂട്ടിചേര്‍ത്തു.

‘നേര് സിനിമയില്‍ ഒരു അമാനുഷികമായ കഥാപാത്രമല്ല ലാലേട്ടന്റേത്. മാസ് അല്ലെങ്കില്‍ തീപൊരി ഡയലോഗുകള്‍ പാറുന്ന കോടതി മുറി ഈ സിനിമയില്‍ ഇല്ല.

വളരെ സാധാരണക്കാരാനായ ഒരു കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. ലാലേട്ടനെ അങ്ങനെ ഒരു സിനിമയില്‍ സാധാരണക്കാരനായി കണ്ടിട്ട് കുറേ കാലമായെന്ന് എനിക്ക് തോന്നുന്നു.

പ്രേക്ഷകര്‍ക്ക് ലാലേട്ടനെ അത്തരത്തില്‍ സാധാരണക്കാരില്‍ ഒരാളായി അല്ലെങ്കില്‍ നമ്മളില്‍ ഒരാളായി കാണാന്‍ തന്നെയാണ് ഇഷ്ടം. അതാണ് ഞങ്ങളുടെ പ്രതീക്ഷയും.

ഈ സിനിമയില്‍ ലാലേട്ടനെ ഒരു സാധാരണക്കാരനായി തന്നെയാണ് കാണാന്‍ കഴിയുക. ഒരു സാധാരണ വക്കീലാണ്. സാധാരണയിലും താഴെയുള്ള വക്കീല്‍ ആണോ എന്നറിയില്ല.

ഇപ്പോള്‍ പ്രേക്ഷകര്‍ നിങ്ങള്‍ പെട്ടെന്ന് ഉണ്ടാക്കി, എന്തിനാണ് ലാലേട്ടനെ ഇങ്ങനെ കാണിക്കുന്നത് എന്നൊക്കെ ചോദിക്കുന്നുണ്ട്. ഇത് കഥയാണ്.

നമ്മള്‍ ഒരു കഥ ഉണ്ടാക്കുന്നു. കഥ ചെയ്യുന്ന ആള്‍ക്ക് അത് ഇഷ്ടമാകുന്നു. അത് പ്രൊഡ്യൂസ് ചെയ്യാന്‍ മറ്റൊരാള്‍ തയ്യാറാകുന്നു. ഷൂട്ട് ചെയ്യുമ്പോഴും നമ്മള്‍ അത് ഇഷ്ടത്തോടെയാണ് ചെയ്യുന്നത്.

ഡബ്ബിങ് ചെയ്യുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും ഒക്കെ അതേ ഇഷ്ടമുണ്ട്. ലാലേട്ടനും അത് ഇഷ്ടമാണെന്നാണ് എന്റെ വിശ്വാസം. നമുക്ക് അത് കാണുംതോറും ഇഷ്ടമാണ്. പിന്നെ ഇനി പ്രേക്ഷകര്‍ക്കാണ് ഇഷ്ടപെടേണ്ടത്,’ ശാന്തി മായദേവി പറയുന്നു.


Content Highlight: Shanthi Mayadevi Talks About Mohanlal Character In Neru Movie