പഴയ മോഹന്‍ലാല്‍ പഴയ മമ്മൂട്ടി എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും അത് വലിയ മണ്ടത്തരമാണെന്നും ശാന്തി മായദേവി. ജിഞ്ചര്‍ മീഡിയ എന്റെര്‍ടെയ്‌മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
തന്നെ പഴയ ശാന്തി എന്ന് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോയെന്നും ചോദിക്കുന്നുണ്ട്. നമ്മള്‍ പറയുന്ന കാര്യങ്ങളിലും കാഴ്ചപ്പാടിലും മാറ്റം വരാമെന്നും അതൊരിക്കലും സ്ഥിരത ഇല്ലായ്മയല്ലെന്നും താരം കൂട്ടിചേര്‍ത്തു.
‘നമ്മള്‍ ഇടക്ക് പഴയ മോഹന്‍ലാല്‍ പഴയ മമ്മൂട്ടി എന്നൊക്കെ പറയാറുണ്ട്. അതില്‍ അര്‍ത്ഥമില്ല. അത് വലിയ മണ്ടത്തരമാണ്. ഇപ്പോള്‍ എന്നെ പഴയ ശാന്തി എന്ന് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.
ഓരോ അഞ്ചു വര്‍ഷം തോറും നമ്മള്‍ പറയുന്ന കാര്യങ്ങളിലും കാഴ്ചപ്പാടിലും മാറ്റം വരാം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ പേടിക്കണം. നമ്മള്‍ പണ്ട് പറഞ്ഞതും ഇന്ന് പറയുന്നതും മാറ്റമുണ്ടാകും.
അതൊരിക്കലും നമ്മളുടെ സ്ഥിരത ഇല്ലായ്മയല്ല. അവര്‍ അന്ന് പറഞ്ഞത് അങ്ങനെ എന്നാല്‍ ഇന്ന് പറയുന്നത് ഇങ്ങനെ എന്നൊന്നും പറഞ്ഞിട്ടും കാര്യമില്ല.
മനുഷ്യന് വരുന്ന മാറ്റമാണ് അത്. മാറ്റങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. നല്ല മാറ്റങ്ങളാകണം എന്നേയുള്ളൂ. പിന്നെ തെറ്റൊക്കെ പറ്റും കാരണം മനുഷ്യരല്ലേ,’ ശാന്തി മായദേവി പറഞ്ഞു.
ശാന്തി മായദേവിയും ജീത്തു ജോസഫും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്ന സിനിമയാണ് നേര്. മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍. സുപ്രധാനമായ കേസിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് ഈ സിനിമ.
സിനിമയില്‍ അമാനുഷികമായ കഥാപാത്രമല്ല മോഹന്‍ലാലിന്റേതെന്നും തീപ്പൊരി ഡയലോഗുകള്‍ പാറുന്ന കോടതി മുറി ഈ സിനിമയില്‍ ഇല്ലെന്നും ശാന്തി അഭിമുഖത്തില്‍ പറയുന്നു.
സാധാരണക്കാരാനായ ഒരു കഥാപാത്രമാണ് മോഹന്‍ലാലിന്റേതെന്നും പ്രേക്ഷകര്‍ക്ക് അദ്ദേഹത്തെ അത്തരത്തില്‍ സാധാരണക്കാരില്‍ ഒരാളായി കാണാന്‍ തന്നെയാണ് ഇഷ്ടമെന്നും ശാന്തി കൂട്ടിചേര്‍ത്തു.
‘നേര് സിനിമയില്‍ ഒരു അമാനുഷികമായ കഥാപാത്രമല്ല ലാലേട്ടന്റേത്. മാസ് അല്ലെങ്കില്‍ തീപ്പൊരി ഡയലോഗുകള്‍ പാറുന്ന കോടതി മുറി ഈ സിനിമയില്‍ ഇല്ല.
വളരെ സാധാരണക്കാരാനായ ഒരു കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. ലാലേട്ടനെ അങ്ങനെ ഒരു സിനിമയില്‍ സാധാരണക്കാരനായി കണ്ടിട്ട് കുറേ കാലമായെന്ന് എനിക്ക് തോന്നുന്നു.
പ്രേക്ഷകര്‍ക്ക് ലാലേട്ടനെ അത്തരത്തില്‍ സാധാരണക്കാരില്‍ ഒരാളായി അല്ലെങ്കില്‍ നമ്മളില്‍ ഒരാളായി കാണാന്‍ തന്നെയാണ് ഇഷ്ടം. അതാണ് ഞങ്ങളുടെ പ്രതീക്ഷയും,’ ശാന്തി മായദേവി പറയുന്നു.
Content Highlight: Shanthi Mayadevi Talks About Mammootty And Mohanlal