ഞാൻ അഭിനയിക്കാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ, ആയിക്കോട്ടെ ഞാൻ ഓടണോയെന്ന് മമ്മൂക്ക; മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് ശാന്തി
Entertainment
ഞാൻ അഭിനയിക്കാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ, ആയിക്കോട്ടെ ഞാൻ ഓടണോയെന്ന് മമ്മൂക്ക; മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് ശാന്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd January 2024, 3:06 pm

കുറഞ്ഞ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശാന്തി മായദേവി.

ഈയിടെ ഇറങ്ങി തിയേറ്ററിൽ വലിയ വിജയമായി മാറിയ മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം നേരിന്റെ തിരക്കഥ ഒരുക്കിയതും ശാന്തിയായിരുന്നു. ഗാനഗന്ധർവ്വൻ, ദൃശ്യം 2, ലിയോ, നേര് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ശാന്തി മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം പങ്കുവെക്കുകയാണ്.

രമേശ്‌ പിഷാരടി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗാനഗന്ധർവ്വൻ. ചിത്രത്തിന്റെ പൂജയ്ക്ക് താൻ എത്താൻ വൈകിയെന്നും എങ്ങനെയാണ് മമ്മൂട്ടിയോട് അനുഗ്രഹം വാങ്ങുകയെന്ന് തനിക്ക് ടെൻഷൻ ആയിരുന്നുവെന്നും ശാന്തി പറയുന്നു. ഒടുവിൽ താൻ മമ്മൂട്ടിയോട് സംസാരിച്ചെന്നും ജിഞ്ചർ മീഡിയക്ക്‌ നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

‘ഗാനഗന്ധർവന്റെ പൂജയ്ക്ക് എത്താൻ ഞാൻ ലേറ്റായി. എനിക്കറിയില്ലായിരുന്നു. പിശു പറഞ്ഞു, മമ്മൂക്കയുടെ അനുഗ്രഹമൊക്കെ വാങ്ങിക്കണമെന്ന്. എങ്ങനെയാണ് അനുഗ്രഹം വാങ്ങിക്കുക എന്നാലോചിച്ചപ്പോൾ എനിക്ക് ടെൻഷനായി. മമ്മൂക്കക്ക് കൈ കൊടുക്കണോ അതോ അദ്ദേഹത്തിന്റെ കാലിൽ വീഴാണോ എന്നൊക്കെ ആലോചിച്ചു.

പിന്നെ കരുതി, ഞാൻ ഞാനായിട്ട് തന്നെ നിന്നാൽ മതിയെന്ന്. കാരണം സാധാരണ ഞാൻ ഇങ്ങനെയൊന്നും ചെയ്യാറില്ല. മനഃപൂർവമല്ലല്ലോ ഞാൻ വൈകിയത്. മമ്മൂക്കക്ക്‌ കാര്യം പറഞ്ഞാൽ മനസ്സിലാവുമല്ലോ എന്നൊക്കെ ഞാൻ പ്ലാൻ ചെയ്തു.

അങ്ങനെ നിൽക്കുമ്പോൾ പെട്ടെന്ന് മമ്മൂക്ക അങ്ങോട്ട് കയറി വന്നു. മഞ്ജു ചേച്ചി സിനിമയിൽ പ്രസിഡന്റിനെ കണ്ട് ബോധംകെട്ട അവസ്ഥയിലാണ് ഞാൻ നിൽക്കുന്നത്. മമ്മൂക്ക വന്ന് അവിടെ ഇരിക്കുന്നുണ്ട്. എന്നെ മൈൻഡ് ഒന്നും ചെയ്യുന്നില്ലായിരുന്നു. ഞാൻ ഇങ്ങനെ നോക്കുന്നുണ്ട്. പക്ഷെ മമ്മൂക്ക നോക്കുന്നൊന്നുമില്ല.

അപ്പോൾ ഞാൻ ഒന്ന് അടുത്ത് ചെന്ന് മമ്മൂക്കായെന്ന് വിളിച്ചു. ഉടനെ അദ്ദേഹം ഓ.. ന്ന് വിളി കേട്ടു. ഞാൻ അഭിനയിക്കാൻ വന്നതാണ് പേര് ശാന്തി എന്നാണെന്ന് പറഞ്ഞു. അപ്പോൾ മമ്മൂക്ക, ഓ ആയിക്കോട്ടെ ഞാൻ ഓടണോയെന്ന് ചോദിച്ചു. ഞാൻ വേണ്ടായെന്ന് പറഞ്ഞു. മമ്മൂക്കയുടെ വിഷസ് വേണമെന്ന് പറഞ്ഞു. എല്ലാ വിഷസുമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു,’ശാന്തി മായദേവി പറയുന്നു.

Content Highlight: Shanthi Mayadevi Talk About Mammootty