കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായിട്ടുള്ള നടിയാണ് ശാന്തി കൃഷ്ണ. എണ്‍പതുകളില്‍ തന്റെ സിനിമ കരിയര്‍ തുടങ്ങിയ ശാന്തി ഇന്നും സിനിമയില്‍ സജീവമാണ്. വിവിധ ഭാഷകളിലായി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും നടി അഭിനയിച്ചിട്ടുണ്ട്.
1984ലെ തന്റെ ആദ്യ വിവാഹത്തിന് ശേഷം ശാന്തി കൃഷ്ണ സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്തിരുന്നു. ശേഷം 1991ല്‍ ‘നയം വ്യക്തമാക്കുന്നു’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നടി വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുന്നത്. ഇപ്പോള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ആ തിരിച്ചു വരവിനെ കുറിച്ച് പറയുകയാണ് ശാന്തി കൃഷ്ണ.
‘1984ലായിരുന്നു എന്റെ ആദ്യവിവാഹം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ജീവിതത്തില്‍ ഒരുപാടുകാര്യങ്ങള്‍ സംഭവിച്ചിരുന്നു. ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടായി. ഞാന്‍ അന്ന് ഇനി അഭിനയിക്കുന്നില്ലെന്ന് ഉറപ്പിച്ചതായിരുന്നു. ജീവിതത്തിലെ തിരിച്ചടികള്‍ കാരണം നിരാശയിലൂടെ കടന്നുപോവുകയായിരുന്നു.
അപ്പോഴാണ് 1991ല്‍ ‘നയം വ്യക്തമാക്കുന്നു’ എന്ന സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. ഏകദേശം ഏഴുവര്‍ഷത്തിന്റെ ഇടവേളയില്‍ ജീവിതത്തിന്റെ ഗ്രാഫ് തന്നെ മാറിയിരുന്നു. അതുകൊണ്ട് തന്നെ അഭിനയിക്കാന്‍ പോകുമ്പോള്‍ മനസുനിറയെ ആശങ്കകളായിരുന്നു.
ഡയലോഗുകള്‍ പറയാനോ അഭിനയിക്കാനോ എനിക്ക് കഴിയുമെന്ന് തോന്നിയില്ല. ‘ഒന്നു ശ്രമിച്ചുനോക്കെ’ന്ന് പറഞ്ഞ് മമ്മൂക്ക വിളിച്ചു. ബാലചന്ദ്രമേനോനാണ് ആ സിനിമയുടെ സംവിധായകന്‍. എന്റെ ആദ്യ രംഗം ഷൂട്ട് ചെയ്തശേഷം അദ്ദേഹം പറഞ്ഞത് ‘നീ അഭിനയിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് നോക്ക്’ എന്നായിരുന്നു.
‘അഭിനയം ഉള്ളില്‍ നിന്നു വരുന്നതാണ്. മറവിയില്‍പ്പെട്ട് പോവുന്നതല്ല. നിനക്കിത് ചെയ്യാനാവും’ എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ എനിക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം തിരികെക്കിട്ടി. സിനിമ തിയേറ്ററില്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ ആ കഥാപാത്രത്തെ സ്വീകരിക്കുകയും ചെയ്തു.
പിന്നീട് വിഷ്ണുലോകം, എന്നും നന്മകള്‍, സംസ്ഥാനപുരസ്‌കാരം നേടിത്തന്ന ചകോരം, സവിധം തുടങ്ങിയ സിനിമകളിലൂടെ മികച്ച കഥാപാത്രങ്ങള്‍ എന്റെ കൈയിലെത്തി. ശേഷം വീണ്ടും ഞാന്‍ അപ്രത്യക്ഷയായി. ഞാന്‍ വീണ്ടും വിവാഹിതയായി,’ ശാന്തി കൃഷ്ണ പറഞ്ഞു.
Content Highlight: Shanthi Krishna Talks About Mammootty