ആ മോഹൻലാൽ ചിത്രം കണ്ട് പലരും ചോദിച്ചു, എന്തിനാണ് അവസാനം തിരിച്ചു വന്നതെന്ന്: ശാന്തി കൃഷ്ണ
Entertainment
ആ മോഹൻലാൽ ചിത്രം കണ്ട് പലരും ചോദിച്ചു, എന്തിനാണ് അവസാനം തിരിച്ചു വന്നതെന്ന്: ശാന്തി കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd January 2024, 11:37 am

കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന നടിയാണ് ശാന്തി കൃഷ്ണ. ഒരു വേള കരിയറിൽ ഒരു ഇടവേള എടുത്തിരുന്നുവെങ്കിലും വീണ്ടും മലയാള സിനിമയുടെ ഭാഗമായി താരം തിളങ്ങി നിൽക്കുന്നുണ്ട്.

ശാന്തി കൃഷ്ണ എന്ന നടിയിൽ നിന്ന് പ്രേക്ഷകർക്ക്‌ ലഭിച്ച വ്യത്യസ്ത കഥാപാത്രമായിരുന്നു പക്ഷേ എന്ന ചിത്രത്തിലെ വേഷം. ഒരു നെഗറ്റീവ് കഥാപാത്രമായാണ് ശാന്തി ചിത്രത്തിൽ എത്തുന്നത്.

എന്നാൽ ആ കഥാപാത്രത്തിന് മറ്റൊരു വശമുണ്ടെന്നും മോഹൻലാൽ ആണ് തന്നോട് ആ വേഷത്തെ കുറിച്ച് ആദ്യമായി പറഞ്ഞതെന്നും ശാന്തി പറയുന്നു. സിനിമ കണ്ട് പലരും ക്ലൈമാക്സിൽ എന്തിനാണ് താൻ തിരിച്ചു വന്നതെന്ന് ചോദിച്ചിരുന്നുവെന്നും ശാന്തി പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു ശാന്തി.

‘ചെങ്കോലിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ മോഹൻലാൽ എന്നോട് ചോദിച്ചു, ഞാൻ വേറൊരു പടം ചെയ്യുന്നുണ്ട് അതിൽ നിനക്കെന്റെ ഭാര്യയുടെ വേഷം ചെയ്യാമോയെന്ന്. അത് ഇത്തിരി വില്ലത്തി കഥാപാത്രം ആണെന്ന് പറഞ്ഞപ്പോൾ ഞാൻ തീർച്ചയായും ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാൻ പക്ഷേ എന്ന സിനിമ ചെയ്യുന്നത്. എന്റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് കഥാപാത്രമാണ് അതെന്ന് തോന്നുന്നു.

ആ കാര്യത്തിൽ പ്രേക്ഷകർ എനിക്ക് ഒരുപാട് ഫ്രീഡം തന്നിട്ടുണ്ട്. അതിൽ ഞാൻ ഭാഗ്യവതിയാണ്. ആ സിനിമ കണ്ടിട്ട് പലരും എന്നോട് ചോദിച്ചു, എന്തിനാണ് അവസാനം തിരിച്ചു വന്നതെന്ന്. എനിക്ക് കിട്ടിയ അവാർഡ് ആയിട്ടാണ് ഞാൻ അതിനെ കാണുന്നത്.

ഞാൻ വന്നില്ലായിരുന്നുവെങ്കിൽ ശോഭനയെ കല്യാണം കഴിച്ചിട്ട് പോവില്ലായിരുന്നോ എന്ന് ചോദിച്ചപ്പോൾ അതൊരു അവാർഡ് കിട്ടിയതിന് തുല്യമായി തോന്നി. ആ കഥാപാത്രത്തെ അത്രയും വെറുത്തിട്ടാണ് പ്രേക്ഷകർ അങ്ങനെ പറഞ്ഞത്. അതിന്റെ അർത്ഥം ആ വേഷം വർക്ക് ആയി എന്നാണ്.

എല്ലാവരും ആ കഥാപാത്രത്തിന്റെ നെഗറ്റീവ് വശം മാത്രമേ ചിന്തിച്ചുള്ളൂ. ശരിക്കും പറഞ്ഞാൽ ഒരു തെറ്റിദ്ധാരണയാണ് ആ കഥാപാത്രം അങ്ങനെയാവാൻ കാരണം.

തിലകൻ സാർ അഭിനയിച്ച അച്ഛൻ കഥാപാത്രം അവളോട് പറയുന്നത് , മോഹൻലാൽ കഥാപാത്രം അവളെ കല്യാണം കഴിച്ചിരിക്കുന്നത് തന്നെ കാശിന് വേണ്ടിയാണ് എന്നാണ്. പിന്നീട് സത്യാവസ്ഥ മനസിലാക്കിയ ശേഷമാണ് അവൾ വീണ്ടും മാപ്പെന്ന് പറഞ്ഞ് തിരിച്ചു വരുന്നത്,’ശാന്തി കൃഷ്ണ പറയുന്നു.

Content Highlight: Shanthi Krishna Talk About Pakshe Movie