വിജയ് മലയാളത്തിലെ ആ സൂപ്പർ സ്റ്റാറിനെ പോലെ, ക്യാമറക്ക് മുന്നിൽ അത്രയും എനർജിയാണ്: ശാന്തി കൃഷ്ണ
Entertainment
വിജയ് മലയാളത്തിലെ ആ സൂപ്പർ സ്റ്റാറിനെ പോലെ, ക്യാമറക്ക് മുന്നിൽ അത്രയും എനർജിയാണ്: ശാന്തി കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th August 2024, 8:00 am

കാലങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് ശാന്തി കൃഷ്ണ. എൺപതുകളിൽ തന്റെ സിനിമ കരിയർ തുടങ്ങിയ ശാന്തി കൃഷ്ണ ഇന്നും സിനിമയിൽ സജീവമാണ്.

വിവിധ ഭാഷകളിലായി സൂപ്പർ താരങ്ങൾക്കൊപ്പവും ശാന്തി അഭിനയിച്ചിട്ടുണ്ട്. ചില്ല്, നിദ്ര, വിഷ്ണു ലോകം, പിൻഗാമി തുടങ്ങിയവയെല്ലാം ശാന്തി കൃഷ്ണയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

 

തമിഴിൽ വിജയ്ക്കൊപ്പം നേർക്ക് നേർ എന്ന ചിത്രത്തിൽ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് ശാന്തി കൃഷ്ണ. ചിത്രത്തിൽ സൂര്യയും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

വിജയ് അന്നേ ഒരു എസ്റ്റാബ്ലിഷ്ഡ് ആക്ടറാണെന്നും എല്ലാവർക്കും ഇഷ്ടമാവുന്ന ഒരു വ്യക്തിയാണ് അദ്ദേഹമെന്നും ശാന്തി കൃഷ്ണ പറയുന്നു. മോഹൻലാലിനെ പോലെ ക്യാമറയുടെ മുന്നിലേക്ക് വരുമ്പോൾ വിജയ് മറ്റൊരാളാണെന്നും അഭിനയിക്കുമ്പോൾ വലിയ എനർജിയാണെന്നും ശാന്തി കൃഷ്ണ പറഞ്ഞു. നടൻ രഘുവരനെ കുറിച്ചും ശാന്തി കൃഷ്ണ കൂട്ടിച്ചേർത്തു. ഓൺ ലുക്കേഴ്സ് മീഡിയയോട് സംസാരിക്കുകയായിരുന്നു ശാന്തി കൃഷ്ണ.

‘വിജയ് ഒരു എസ്റ്റാബ്ലിഷ്ഡ് ആക്ടറാണ് ആ സമയത്ത്. എല്ലാവർക്കും ഇഷ്ടമാവുന്ന ഒരു വ്യക്തിയാണ് വിജയ്. നമ്മുടെ മോഹൻലാലിനെയൊക്കെ പോലെയാണ് വിജയ് സ്ക്രീനിന്റെ മുന്നിൽ.

 

അതായത് ക്യാമറയുടെ മുന്നിൽ വിജയ് ആളാകെ മാറും. പക്ഷെ ക്യാമറയുടെ പിന്നിൽ വിജയ് വളരെ സൈലന്റാണ്. കാണുന്ന നമ്മൾ വിചാരിക്കും, ഇയാൾക്ക് ക്യാമറയുടെ മുന്നിൽ വരുമ്പോൾ എവിടെ നിന്നാണ് ഇത്രയും എനർജിയെന്ന്.

അതുപോലെ നടൻ രഘുവരനൊപ്പം അഭിനയിക്കാനുള്ള അവസരവും എനിക്ക് ലഭിച്ചിട്ടുണ്ട്. രഘുവരന്റെ കൂടെയൊക്കെ വർക്ക്‌ ചെയ്യുകയെന്ന് പറഞ്ഞാൽ ഒരു ഭാഗ്യമാണ്. അദ്ദേഹം ഒരു ഗംഭീര ആക്ടറാണ്,’ശാന്തി കൃഷ്ണ പറയുന്നു.

Content Highlight: shanthi krishna Says That  vijay’s Acting Like Mohanlal