| Sunday, 6th August 2023, 10:30 pm

വേണ്ടെന്നുവെച്ച വേഷത്തിനാണ് എനിക്ക് സംസ്ഥാന അവാർഡ് കിട്ടിയത്: ശാന്തി കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സവിധം എന്ന ചിത്രത്തിലെ വേഷം താൻ വേണ്ടെന്ന് വെച്ചതാണെന്ന് നടി ശാന്തി കൃഷ്ണ. തന്റെ വയസിനെക്കാൾ കൂടുതൽ പ്രായമുള്ള കഥാപാത്രം ചെയ്യാൻ തന്നെക്കൊണ്ട് കഴിയില്ലെന്ന് വിചാരിച്ചതുകൊണ്ടാണ് ആ വേഷം ചെയ്യേണ്ടെന്ന് തീരുമാനിച്ചതെന്നും അതെ കഥാപാത്രം നെടുമുടി വേണുവിന്റെ നിർബന്ധത്താൽ ചെയ്തപ്പോൾ തനിക്ക് സംസ്ഥാന അവാർഡ് കിട്ടിയെന്നും ശാന്തി കൃഷ്ണ പറഞ്ഞു. റെഡ് എഫ്. എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘സവിധം എന്ന ചിത്രത്തിലെ എന്റെ കഥാപാത്രം ചെയ്യാൻ ഞാൻ ഒട്ടും ധൈര്യപ്പെട്ടിരുന്നില്ല. ജോർജ് കിത്തു ആയിരുന്നു അതിന്റെ സംവിധായകൻ. ഒരു വേഷം ഉണ്ട്. വേണു ചേട്ടന്റെ ഭാര്യയുടെ വേഷമാണ്, പക്ഷെ ആ കഥാപത്രം ആയിരിക്കും ചിത്രത്തിൽ ലീഡ് ചെയ്യുന്നതെന്ന് കിത്തു എന്നോട് പറഞ്ഞു. ആ ചിത്രം ചെയ്യുമ്പോൾ എനിക്ക് 26 വയസ്സ് ഒള്ളു. പക്ഷെ കഥാപാത്രം ഒരു 42 വയസ്സിന്റെ അടുത്ത് പ്രായം വരുന്നതാണ്.

ഇതെന്നെക്കൊണ്ട് ചെയ്യാൻ പറ്റുമോ? എനിക്ക് ആത്മവിശ്വാസം തോന്നുന്നതല്ലേ എനിക്ക് ചെയ്യാൻ കഴിയു. എനിക്ക് ഇത് കോൺഫിഡൻസോടെ ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഞാൻ എല്ലാവരോടും പറഞ്ഞു. വേണു ചേട്ടനോടൊക്കെ പറഞ്ഞുനോക്കി.

നമ്മളൊക്കെ ആരാണെന്ന് വേണു ചേട്ടൻ എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു ആർട്ടിസ്റ്റാണെന്ന്. പിന്നെ എന്തിനാണ് പേടിക്കുന്നതെന്ന് പുള്ളി എന്നെന്നോട് ചോദിച്ചു.

നമ്മുടെ പ്രായം അല്ലാത്ത, അല്ലെങ്കിൽ കൂടുതലോ കുറവോ പ്രായമുള്ള കഥാപാത്രം ചെയ്യുമ്പോൾ നമുക്ക് അതിനുവേണ്ടി നന്നായി വർക്ക് ചെയ്യേണ്ടി വരും. നമ്മൾ വെറുതെ ബിഹേവ് ചെയ്ത് പോകുന്നതല്ലോ അഭിനയം. ഒരു കഥാപാത്രത്തിന്റേതുപോലെ ശരീരത്തെ മാറ്റിയെടുക്കുക എന്നുള്ളൊരു വെല്ലുവിളി നമുക്കുണ്ട്. അതുകൊണ്ട് നീയിത് ചെയ്യ് എന്ന് എല്ലാവരും പറഞ്ഞതാണ്. ആ ഒരു ധൈര്യത്തിൽ ഞാൻ ചെയ്ത കഥാപാത്രമാണ് സവിധത്തിലേത്, അതിനാണെങ്കിൽ സംസ്ഥാന അവാർഡും കിട്ടി.

ചെങ്കോൽ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ ഞാൻ റോൾ എന്താണെന്ന് പോലും ചോദിച്ചില്ല. ലോഹിച്ചേട്ടന്റെ സ്ക്രിപ്റ്റും സിബി മലയിലിന്റെ സംവിധാനവും എന്ന് കേട്ടപ്പോൾ തന്നെ ഞാൻ ചെയ്യാമെന്ന് പറയുകയായിരുന്നു. അവിടെ ചെന്ന് ഷോട്ട് എടുക്കാൻ ചെന്നപ്പോൾ മോഹൻലാൽ ചോദിച്ചു എന്റെ അമ്മായിയമ്മ ആണല്ലേയെന്ന്. അപ്പോഴാണ് ഞാൻ അത് ഓർക്കുന്നത്. അതിനു ശേഷം ഞാൻ പക്ഷെ എന്ന ചിത്രം ചെയ്തു. അതിൽ ഞാൻ മോഹൻലാലിന്റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്,’ ശാന്തികൃഷ്ണ പറഞ്ഞു.

Content Highlights: Shanthi Krishna on Savidham movie

We use cookies to give you the best possible experience. Learn more