| Saturday, 28th September 2024, 8:38 pm

ആ നിവിൻ പോളി ചിത്രമാണ് പ്രതിസന്ധികളിൽ നിന്ന് അന്ന് കരകയറ്റിയത്: ശാന്തി കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് നടി ശാന്തി കൃഷ്ണ. ഒരു സമയത്ത് തന്റെ കരിയറിൽ ഒരു ഇടവേള എടുത്തതിന് ശേഷം ശാന്തി വീണ്ടും തിരിച്ചെത്തുന്നത് ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’യെന്ന ചിത്രത്തിലൂടെയായിരുന്നു.

നിവിൻ പോളി നായകനായ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലായിരുന്നു ശാന്തി എത്തിയത്. തുടർന്നിങ്ങോട്ട് പുതിയ താരങ്ങൾക്കൊപ്പമെല്ലാം ശാന്തി കൃഷ്ണ അഭിനയിച്ചു കഴിഞ്ഞു.

പ്രതിസന്ധിയിൽ നിന്ന് തന്നെ കരകയറ്റിയ ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയെന്ന് പറയുകയാണ് ശാന്തി കൃഷ്ണ. വിവാഹ മോചനം നടക്കുന്ന സമയത്താണ് ആ ചിത്രത്തിൽ അഭിനയിക്കുന്നതെന്നും സിനിമയിൽ വന്ന പുതിയ മാറ്റങ്ങൾ തിരിച്ചറിയുന്നത് ആ ചിത്രത്തിലൂടെയാണെന്നും ശാന്തി കൃഷ്ണ പറഞ്ഞു. മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു ശാന്തി കൃഷ്ണ.

’20 വർഷത്തിനുശേഷമാണ് വീണ്ടും ഞാൻ സിനിമയിലെത്തുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെ. എൻ്റെ മക്കൾ കാരണമാണ് ഞാൻ അതിൽ അഭിനയിച്ചത്. വിവാഹമോചനം നടക്കുന്ന സമയമായിരുന്നു അത്. വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരുന്നത്. പലപ്പോഴും ഇത്തരം പ്രതിസന്ധികളിൽനിന്ന് എന്നെ കരകയറ്റിയത് സിനിമയായിരുന്നു. ഞാനന്ന് അമേരിക്കയിലാണ്. സിനിമ തേടിവന്നു. മക്കൾ പിന്തുണച്ചു.

അങ്ങനെ ഞാൻ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ ഷീലാ ചാക്കോയായി. ആ സിനിമ ചെയ്യുമ്പോൾ ഞാൻ നേരിട്ടത് സാങ്കേതികവിദ്യയിലെ വ്യത്യാസങ്ങളെയാണ്. ആദ്യദിവസം ഷൂട്ടുചെയ്‌തത് അഹാനയും ഞാനുമൊന്നിച്ചുള്ള രംഗംമാണ്. അഹാന കാരവനുണ്ടെന്നു പറഞ്ഞപ്പോൾ, ഞാൻ, ഇതെന്തുസാധനം എന്ന മട്ടിലായിരുന്നു. ഞാൻ സിനിമയിലുണ്ടായിരുന്ന കാലത്ത് ഇത്തരമൊരു സംവിധാനം ഇല്ലല്ലോ.

അന്ന് കോസ്റ്റ്യൂം ചെയ്‌ഞ്ച് ഉണ്ടെങ്കിൽ, പ്രൊഡക്‌ഷൻ കൺട്രോളറുടെ വീട്ടിൽപ്പോയാണ് വസ്ത്രം മാറുക. സിനിമാ ഗാനങ്ങൾ ചിത്രീകരിക്കുമ്പോൾ ചിലപ്പോൾ പാറയുടെ പുറകിൽ സാരിയൊക്കെ മറച്ച് വസ്ത്രം മാറൂം അന്നൊന്നും മൊബൈൽഫോൺ ഇല്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു.

ആളുകൾ അഭിനയിക്കുന്ന രീതിയിലും മാറ്റം വന്നു. ഷൂട്ടിന് മുമ്പ് , അൽത്താഫ് സലീം ഒരു വർക്ക്ഷോപ്പിന് ക്ഷണിച്ചിരുന്നു. അവിടെവെച്ച് എല്ലാവരെയും പരിചയപ്പെട്ടു. ഓരോ കാര്യവും എനിക്ക് പുതുതായി തോന്നി. പുതിയ കാര്യങ്ങൾ പഠിക്കുന്നതിനൊപ്പം ഉന്മേഷമുള്ള, യുവാക്കൾക്കൊപ്പം ജോലി ചെയ്യാനുമായി,’

Content Highlight: Shanthi Krishna About Njandukalude Naatil Oridavela Movie

We use cookies to give you the best possible experience. Learn more