മലയാളിയല്ലാതിരുന്നിട്ട് കൂടി മലയാളത്തിന്റെ സ്വന്തം നായികയായി മാറിയ നടിയാണ് ശാന്തി കൃഷ്ണ. ഭരതന്‍ സംവിധാനം ചെയ്ത നിദ്രയിലൂടെയാണ് ശാന്തി കൃഷ്ണ മലയാളത്തില്‍ അരങ്ങേറിയത്.
വിഷ്ണുലോകം, പക്ഷെ, സുകൃതം എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരം പിന്നീട് സിനിമയിലേക്കുള്ള തിരിച്ചുവരവില്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, കുട്ടനാടന്‍ മാര്‍പ്പാപ്പ, ലോനപ്പന്റെ മാമോദീസ, വിജയ് സൂപ്പറും പൗര്‍ണമിയും, അരവിന്ദന്റെ അതിഥികള്‍ എന്നിങ്ങനെ ഹിറ്റുകളുടെയും ഭാഗമായി.
1994ല്‍ എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരികുമാര്‍ സംവിധാനം ചെയ്ത സുകൃതം എന്ന സിനിമയും ശാന്തി കൃഷ്ണയുടെ എന്നും ഓര്‍മിക്കപ്പെടുന്ന ചിത്രങ്ങളിലൊന്നാണ്.
മമ്മൂട്ടി, മനോജ് കെ. ജയന്‍, ഗൗതമി എന്നിവര്‍ക്കൊപ്പമായിരുന്നു ശാന്തി കൃഷ്ണ സുകൃതത്തില്‍ അഭിനയിച്ചത്.
”സുകൃതം എനിക്ക് കിട്ടിയത് വലിയൊരു സുകൃതം തന്നെയാണ്. കാരണം ദുര്‍ഗ എന്ന ആ കഥാപാത്രത്തെക്കുറിച്ച് ഹരികുമാര്‍ വിളിച്ച് സംസാരിച്ചപ്പോള്‍, ഇത് ചോദിക്കേണ്ട കാര്യമേയില്ല, എന്തായാലും ഞാനീ കഥാപാത്രം ചെയ്യും എന്നായിരുന്നു ഞാന്‍ പറഞ്ഞത്. അങ്ങനെയാണ് ആ പടം ചെയ്തത്.
ഓഡിയന്‍സിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍, പലരും പ്രത്യേകിച്ചും മമ്മൂക്കയുടെ ഫാന്‍സ് ആയിട്ടുള്ളവര്‍ എന്റെയടുത്ത് വന്ന്, ശ്ശോ മമ്മൂക്ക വിളിച്ചിട്ട് ശാന്തി ചേച്ചി പോയില്ല. അതുകൊണ്ടല്ലേ മമ്മൂക്കക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത്, എന്ന് പറഞ്ഞിട്ടുണ്ട്.
നിങ്ങള്‍ അങ്ങനെ കാണരുത്, ആ ക്യാരക്ടറിനെ നോക്ക് എന്ന് ഞാന്‍ അവരോട് പറയും. അന്നും എം.ടി. സാര്‍ എഴുതിയ സ്‌ക്രിപ്റ്റില്‍ സ്ത്രീയുടെ സെല്‍ഫ് റെസ്‌പെക്ട് ആണ് അവിടെ കൊണ്ടുവന്നത്.
ദുര്‍ഗ എന്ന കഥാപാത്രത്തെ അവരുടെ ഉള്ളില്‍ പോയി നോക്കുമ്പോള്‍, സത്യത്തില്‍ അവര്‍ക്ക് രവിശങ്കറിനോട് കടുത്ത പ്രേമമുണ്ട്. പക്ഷെ എന്നാല്‍പ്പോലും അയാളുടെ ഭാര്യയൊക്കെ വന്നപ്പോള്‍ ദുര്‍ഗ തന്റെ സ്‌നേഹം ത്യജിച്ചു.
രവിശങ്കറിന് വേണം എന്ന് തോന്നിയപ്പോള്‍ ദുര്‍ഗയോട് വാ എന്ന് പറഞ്ഞു, ദുര്‍ഗ എല്ലാം ചെയ്തുകൊടുത്തു. പിന്നെ വീണ്ടും ഭാര്യ വന്നപ്പോള്‍, നീ പോ എന്ന് പറഞ്ഞു. പിന്നീട് ഭാര്യ പോയപ്പോള്‍, വേണ്ട എന്ന് പറഞ്ഞപ്പോള്‍ നീ വീണ്ടും വാ എന്ന് പറഞ്ഞു.
ദുര്‍ഗ ഒരു പ്രധാനപ്പെട്ടയാളായി രവിശങ്കറിന്റെ ലൈഫില്‍ ഇല്ല. ദുര്‍ഗയുടെ മനസിലുള്ള വേദന കൂടെ മനസിലാക്കണം. അതിലൂടെ വീണ്ടും കടന്നുപോകാന്‍ അവര്‍ക്ക് ആഗ്രഹമില്ല. അതുകൊണ്ടാണ് ആ സിറ്റുവേഷനില്‍ അങ്ങനെ പറയുന്നത്.
നിങ്ങള്‍ വാ എന്ന് പറയുമ്പോള്‍ വരാനും പോ എന്ന് പറയുമ്പോള്‍ പോകാനും എന്നെക്കൊണ്ട് ഇനി പറ്റില്ല, എന്ന് ദുര്‍ഗ പറയുന്നത്. അത് എം.ടി സാറിന്റെ അന്നത്തെ കഴിവും ചിന്തയുമാണ്.
അന്നും സ്ത്രീ കഥാപാത്രങ്ങള്‍ക്ക് നല്‍കിയ പവര്‍ ആണത്. സ്ത്രീക്ക് ആത്മാഭിമാനം ഉണ്ടായിരിക്കണമെന്ന് അദ്ദേഹം കാണിച്ചുതന്നു. അതുകൊണ്ട് ആ ക്യാരക്ടര്‍ ഒരു ഇംപാക്ട് തന്നെയാണ്,” ശാന്തി കൃഷ്ണ പറഞ്ഞു.
അല്‍ഫോണ്‍സ് പുത്രന്‍- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഗോള്‍ഡ് ആണ് ശാന്തി കൃഷ്ണയുടെ ഇനി റിലീസ് ചെയ്യാനിരിക്കുന്ന പ്രധാനപ്പെട്ട ചിത്രം.
Content Highlight: Shanthi Krishna about her Sukrutham movie with Mammootty, Bharathan and MT Vasudevan Nair