| Saturday, 13th July 2024, 10:41 pm

ആ നോവലിന്റെ റൈറ്റ്‌സ് ഞാന്‍ വാങ്ങി തിരക്കഥ പൂര്‍ത്തിയാക്കി, മൂന്ന് ഭാഗമായി എടുക്കാനാണ് പ്ലാന്‍: ഷങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബ്രഹ്‌മാണ്ഡ സിനിമകളിലൂടെ പ്രേക്ഷകരെ എക്കാലത്തും അമ്പരപ്പിച്ച സംവിധായകനാണ് ഷങ്കര്‍. ആദ്യ ചിത്രമായ ജെന്റില്‍മാന്‍ മുതല്‍ എല്ലാ സിനിമയിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന കഥപറച്ചില്‍ കൊണ്ട് എന്നും മുന്നിട്ട് നിന്നിട്ടുള്ള സംവിധായകനാണ് ഷങ്കര്‍. 1998ല്‍ പുറത്തിറങ്ങിയ ജീന്‍സ് എന്ന ചിത്രത്തില്‍ ആറ് മിനിറ്റ് മാത്രമുള്ള ഒരു പാട്ടിന് വേണ്ടി ഏഴ് ലോകാത്ഭുതങ്ങളും കാണിച്ചത് ഇന്നത്തെ കാലത്ത് ഒരു സംവിധായകനും ചിന്തിക്കാന്‍ പറ്റാത്തതാണ്.

പല ഴോണറിലുള്ള സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇന്നേവരെ പൂര്‍ണമായും പീരിയോഡിക് കാലഘട്ടത്തെ കഥ പറയുന്ന ഒരു ചിത്രം ഷങ്കര്‍ ചെയ്തിട്ടില്ല. എന്നാല്‍ അടുത്തിടെ അത്തരത്തിലൊരു സിനിമ ഷങ്കര്‍ ചെയ്യാന്‍ പോകുന്നു എന്ന തരത്തില്‍ റൂമറുകള്‍ ഉയര്‍ന്നിരുന്നു. തമിഴിലെ എക്കാലത്തെയും മികച്ച നോവലുകളിലൊന്നായ വേല്‍പ്പാരി ഷങ്കര്‍ സിനിമയാക്കാന്‍ പോകുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍.

താന്‍ ആ നോവലിനെപ്പറ്റി ലോക്ക്ഡൗണ്‍ സമയത്താണ് കേള്‍ക്കുന്നതെന്നും വായിച്ചുകൊണ്ടിരുന്നപ്പോള്‍ എല്ലാ വിഷ്വലും തന്റെ കണ്മുന്നില്‍ തെളിഞ്ഞുവന്നുവെന്നും ഷങ്കര്‍ പറഞ്ഞു. നോവല്‍ വായിച്ചു തീര്‍ത്തയുടനെ അതുമായി ബന്ധപ്പെട്ട ആളുകളെ വിളിച്ച് റൈറ്റ് വാങ്ങിയെന്നും തിരക്കഥ പൂര്‍ത്തിയാക്കിയെന്നും ഷങ്കര്‍ പറഞ്ഞു. മൂന്ന് ഭാഗങ്ങളുള്ള സിനിമയായാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും ഷങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഷങ്കര്‍ ഇക്കാര്യം പറഞ്ഞത്.

‘വേല്‍പ്പാരി എന്ന നോവലിനെപ്പറ്റി അവിടെയും ഇവിടെയും ഒക്കെ ആരൊക്കെയോ സംസാരിക്കുന്നത് കേട്ടിരുന്നു. പക്ഷേ ലോക്ക്ഡൗണ്‍ സമയത്താണ് എനിക്ക് അത് വായിക്കാന്‍ തോന്നിയത്. വായിച്ചുകൊണ്ടിരുന്ന സമയത്ത് ഓരോ ഭാഗവും എന്റെ മുന്നില്‍ വിഷ്വലുകളായി തെളിയാന്‍ തുടങ്ങി. ഉറപ്പായും ഇത് സിനിമയാക്കണമെന്ന് വായിച്ചു തീര്‍ന്നപ്പോള്‍ ഞാന്‍ തീരുമാനിച്ചു.

ആ നോവലുമായി ബന്ധപ്പെട്ട വെങ്കടേഷ് എന്ന ആളെ വിളിച്ച് അതിന്റെ റൈറ്റ്‌സ് വാങ്ങിച്ചു. ലോക്ക്ഡൗണ്‍ തീരുന്നതിന് മുമ്പ് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി. മൂന്ന് ഭാഗങ്ങളുള്ള സിനിമയാക്കി എടുക്കാനാണ് പ്ലാന്‍ ചെയ്യുന്നത്. സ്റ്റാര്‍ കാസ്റ്റും ബാക്കി കാര്യങ്ങളുമൊന്നും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. സ്‌ക്രിപ്റ്റ് കൈയിലുണ്ട്. എപ്പോള്‍ വേണമെങ്കിലും ചെയ്യാന്‍ പറ്റും,’ ഷങ്കര്‍ പറഞ്ഞു.

Content Highlight: Shankar saying that he completed the script of Velpari novel

We use cookies to give you the best possible experience. Learn more