കെ.ജി.എഫ് 2 വിന്റെ പ്രൊമോഷന്‍ വേദിയില്‍ വെച്ച് നടിയും കെ.ജി.എഫ് 2 വിലെ നായികയുമായ ശ്രീനിധിയെ അവഗണിച്ച നിര്‍മാതാവ് സുപ്രിയ മോനോനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
വേദിയിലേക്ക് കയറിയ സുപ്രിയ നടന്‍ യഷിന് കൈകൊടുത്ത് അദ്ദേഹത്തെ ഹഗ് ചെയ്ത ശേഷം സ്വന്തം ഇരിപ്പിടത്തിലേക്ക് പോകുകയായിരുന്നു. സുപ്രിയയെ കണ്ട് സീറ്റില്‍ നിന്നും എഴുന്നേറ്റ ശ്രീനിധിയെ ഒന്ന് നോക്കാന്‍ പോലും സുപ്രിയ തയ്യാറായില്ലെന്ന വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.
നടനും സംവിധായകനും കെ.ജി.എഫിന്റെ മലയാളം ഡബ്ബിങ്ങിന് പിന്നില്‍ പ്രവര്‍ത്തിച്ച ശങ്കര്‍ രാമകൃഷ്ണനും ശ്രീനിധിയ്ക്ക് കൈ കൊടുക്കാതെ നേരെ യഷിന് സമീപത്തേക്കായിരുന്നു പോയത്.
വലിയ വിവാദമായിരുന്നു ഈ സംഭവത്തിന് പിന്നാലെ ഉയര്‍ന്നത്. ഈ വിഷയത്തില്‍ വിശദീകരണം നല്‍കുകയാണ് ശങ്കര്‍ രാമകൃഷ്ണന്‍. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അന്നത്തെ സംഭവത്തെ കുറിച്ച് ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നത്.
മറ്റേതെങ്കിലും ജാതിയിലോ മതത്തിലോപെട്ട ആളായിരുന്നുവെങ്കില്‍ ഈ പറയുന്നതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടായേനെയെന്നും ഇത് അങ്ങനെ ഒന്നും അല്ലല്ലോ എന്നുമാണ് ശങ്കര്‍ രാമകൃഷ്ണന്‍ ചോദിക്കുന്നത്.
‘ എന്റെ വീട്ടില്‍ അമ്മയെ സഹായിക്കാന്‍ വരുന്ന ഒരു ആളുണ്ട്. അമ്മയുടെ ശാരീരിക ബുദ്ധിമുട്ട് കാരണം. ഒരു ദിവസം അവര്‍ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, സാറേ ഭയങ്കര മോശമായിപ്പോയിട്ടോ, നിങ്ങള്‍ നടിക്ക് കൈ കൊടുക്കില്ല അല്ലേ, താരമൂല്യം നോക്കിയിട്ടുള്ള പരിപാടിയാണല്ലേ എന്ന് ചോദിച്ചു. നിങ്ങള്‍ ഇത് എവിടെ നിന്ന് കണ്ടെന്ന് ചോദിച്ചു. ഈ പ്രായമായ സ്ത്രീ ഇരുന്നിട്ട് ഓണ്‍ലൈന്‍ നോക്കുകയാണ്. ഒരു പ്രത്യേക മതവിഭാഗത്തിലോ ഒരു പ്രത്യേക ജാതിയിലോ ഒക്കെയുള്ള ആള്‍ക്കാരാണെങ്കില്‍ നമുക്ക് വേറെ എന്തെങ്കിലും പറയാമായിരുന്നു. പക്ഷേ ഇത് അതൊന്നുമല്ല. ഇത് വളരെ മലീഷ്യസ് (വിദ്വേഷം) ആയിട്ട്.
ഒന്നാമത്തെ കാര്യം ഞങ്ങള്‍ ലുലു മാളില്‍ പോയിട്ടില്ല. മാരിയറ്റില്‍ വെച്ച് നടന്ന പ്രസ് മീറ്റിന് മുന്‍പ് ശ്രീനിധി അവിടെ വരികയും ശ്രീനിധിയും സുപ്രിയയും തമ്മില്‍ ഫോട്ടോഷൂട്ട് നടക്കുകയും അവിടെ ഏതാണ്ട് ഒരു മുപ്പതുമിനുട്ടോളം ഇവരുമായി സംസാരിക്കുകയും ചെയ്തിട്ടാണ് നമ്മള്‍ ഈ വേദിയില്‍ കയറുന്നത്.
അത്രയും നേരം നിന്ന് കണ്ട ഒരാളെ മീഡിയയ്ക്ക് മുന്‍പില്‍ വെച്ച് പുതുതായി പരിചയപ്പെടുന്ന ടെക്‌നിക്ക് അറിയാത്തതുകൊണ്ട് ഞങ്ങള്‍ അവിടെ ചെന്നിരുന്നതാണെന്ന് ഞാന്‍ അമ്മയുടെ ആ അസിസ്റ്റന്റിനോട് പറഞ്ഞു. അങ്ങനെയൊന്നുമല്ലെന്നായിരുന്നു അവരുടെ മറുപടി. ഞാന്‍ കോളനിയില്‍ ചെന്ന് ഇക്കാര്യം പറയുന്നുണ്ടെന്നും പറഞ്ഞു. അതുകൊണ്ട് കാര്യമില്ല ഇതാരും വിശ്വസിക്കില്ലെന്ന് ഞാനും പറഞ്ഞു.
കാരണം എന്താണെന്നാല്‍ ഇത് വളരെ മനപൂര്‍വം വിദ്വേഷം ഉണ്ടാക്കാനായി പുറത്തുനിന്ന് ചെയ്യുന്നതാണ്. ഇത് ഞാന്‍ എനിക്ക് വേണ്ടി പറയുന്നതല്ല. ആ ഒരു പര്‍ട്ടിക്കുലര്‍ ഇന്‍സിഡന്റ് കഴിഞ്ഞ് യഷ് ശരിക്കും ലുലുമാളിലേക്ക് പോയി. ശ്രീനിധിക്ക് ചുറ്റും ഒരു 1500 ബോയ്‌സ് ഉണ്ട്. ഫോട്ടോ എടുക്കാനും സെല്‍ഫിയെടുക്കാനുമായി.
പാവം അവര്‍ മലയാളികളുടെ യഥാര്‍ത്ഥ സ്‌നേഹത്തിന് മുന്നില്‍ മുട്ടുമടക്കി അവിടെ നില്‍ക്കുകയാണ്. അവര്‍ എല്ലാവര്‍ക്കും സെല്‍ഫി കൊടുക്കുന്നുണ്ട്. ആള്‍ക്കാര്‍ ചുറ്റും കൂടുകയാണല്ലോ എന്ന് സുപ്രിയ ചോദിച്ചു. ഫോട്ടോ കൊടുക്കുന്നുണ്ട് എന്നറിഞ്ഞാല്‍ ഈ 1500 പെട്ടെന്ന് തന്നെ 2500 ആവും. എങ്ങനെയെങ്കിലും ഇവരെ അവിടെ നിന്ന് പുറത്തെത്തിക്കണമെന്ന് പറഞ്ഞിട്ട് സുപ്രിയ തന്നെ അവിടേക്ക് ചെന്ന് അവരെ അവിടെ നിന്നും കൊണ്ടുവരിയാണ്.
ഇത് കഴിഞ്ഞ് രണ്ട് മണിക്കൂര്‍ കഴിഞ്ഞില്ല. എടോ തെറിയാണെടോ എന്ന് സുപ്രിയ പറഞ്ഞു. ഞങ്ങള്‍ തൊട്ടടുത്തുള്ള കോഫി ഷോപ്പില്‍ കയറിയിരുന്ന് കാപ്പി കുടിച്ച് തീര്‍ന്നില്ല. അതിന് മുന്‍പ് തന്നെ സംഗതി വന്നുതുടങ്ങി,’ ശങ്കര്‍ രാമകൃഷ്ണന്‍ പറഞ്ഞു.
Content Highlight: Shankar Ramakrishnan about Sreenidhi shetti controversy on KGF2 promotion event