| Wednesday, 18th May 2022, 2:15 pm

അവര്‍ക്ക് പൃഥ്വിയെ നേരത്തെ അറിയാമായിരുന്നെങ്കില്‍ പൃഥ്വിയുടെ ശബ്ദമായേനെ റോക്കി ഭായിക്ക്: ശങ്കര്‍ രാമകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു പാന്‍ ഇന്ത്യന്‍ ഹിറ്റായിരുന്നു യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് ചാപ്റ്റര്‍ 2. വലിയ കളക്ഷന്‍ റെക്കോര്‍ഡുകളാണ് ചിത്രം സൃഷ്ടിച്ചത്. ആദ്യഭാഗം അവസാനിച്ചിടത്തുനിന്നായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗം ആരംഭിച്ചത്.

ചിത്രത്തിന്റെ മലയാളം പതിപ്പിന് പിന്നില്‍ സംവിധായകനും തിരക്കഥാകൃത്തും നടനമായ ശങ്കര്‍ രാമകൃഷ്ണനായിരുന്നു. ചിത്രത്തിന്റെ മലയാളം ഡബ്ബിങ് ഡിക്ടക്ടര്‍ ആയി പ്രവര്‍ത്തിച്ചതും ചിത്രത്തിന്റെ സംഭാഷണങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയതും അദ്ദേഹമായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനായിരുന്നു ചിത്രത്തിന്റെ വിതരണാവകാശം. പൃഥ്വി വഴിയാണ് ചിത്രത്തിലേക്ക് ശങ്കര്‍ എത്തിയത്. ചിത്രത്തിന്റെ ഡബ്ബിങ് വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍. കെ.ജി.എഫ് ടീമിന് പൃഥ്വിയെ നേരത്തെ അറിയാമായിരുന്നെങ്കില്‍ ഒരുപക്ഷേ യഷിന് ശബ്ദം നല്‍കുക പൃഥ്വിരാജ് ആയിരുന്നേനെ എന്നാണ് ശങ്കര്‍ രാമകൃഷ്ണന്‍ അഭിമുഖത്തില്‍ പറയുന്നത്.

‘കെ.ജി.എഫ് ഡബ്ബിങ്ങിനായി നിരവധി പേര്‍ കേരളത്തില്‍ നിന്ന് വന്നിട്ടുണ്ട്. വോയ്‌സ് കാസ്റ്റിങ് ഓഡീഷന്‍ കഴിഞ്ഞാണ് അവര്‍ ബെംഗളൂരുവിലേക്ക് വന്നത്. പലരുടേയും വോയ്‌സ് നമ്മള്‍ എടുത്ത് അവര്‍ക്ക് സബ്മിറ്റ് ചെയ്തിരുന്നു. അതില്‍ നിന്ന് അവരുടെ എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയടങ്ങുന്ന ആള്‍ക്കാരാണ് ഇന്ന കഥാപാത്രത്തിന് ഇന്നയാള്‍ എന്ന് സെലക്ട് ചെയ്തത്.

കെ.ജി.എഫ് 2 വിനായി അവര്‍ നാല് വര്‍ഷമാണ് എടുത്തത്. ഓരോ കഥാപാത്രവും എങ്ങനെ സംസാരിക്കണം എങ്ങനെ മൂളണം എന്ന് വരെ അവര്‍ നിര്‍ദേശിച്ചിരുന്നു. കെ.ജി.എഫ് വണ്ണില്‍ ആരാണ് റോക്കി ഭായ്ക്ക് ശബ്ദം കൊടുത്തത് അവര്‍ തന്നെ രണ്ടിലും ചെയ്യേണ്ടതെന്ന് പറഞ്ഞിരുന്നു. കാരണം അതിലെ ഡയലോഗുകളെല്ലാം ഇപ്പോഴും കിടന്ന് ഓടിക്കൊണ്ടിരിക്കുകയാണ്.

ആദ്യ പാര്‍ട്ട് കണ്ട് വരുന്നവര്‍ക്ക് ഒരു കല്ലുകടി തോന്നാന്‍ പാടില്ല. ആദ്യത്തെ പാര്‍ട്ടിന്റെ സമയത്ത് അവര്‍ക്ക് പൃഥ്വിയെ അറിയാമായിരുന്നെങ്കില്‍ റോക്കി ഭായ്ക്ക് ഒരുപക്ഷേ പൃഥ്വി ശബ്ദം കൊടുക്കുമായിരുന്നു. അങ്ങനെ ഒരു ഐഡിയ അവര്‍ക്കുണ്ടായിരുന്നു. ഫസ്റ്റ് പാര്‍ട്ട് ചെയ്തിരുന്നെങ്കില്‍ സെക്കന്റ് പാര്‍ട്ട് ചെയ്യാന്‍ അദ്ദേഹത്തിനും ഒരു ത്രില്ലുണ്ടാകുമായിരുന്നു.

പക്ഷേ യഥാര്‍ത്ഥ സത്യം എന്താണെന്നാല്‍ പൃഥ്വിയുടെ ശബ്ദവും അരുണിന്റെ ശബ്ദവുമൊന്നും യഷിന്റെ യഥാര്‍ത്ഥ ശബ്ദവുമായി ഒരു ബന്ധവുമില്ല എന്നതാണ്. ശബ്ദം എന്നത് മാത്രമല്ല ഒരു ഡയലോഗ് പറയുമ്പോള്‍ ഉണ്ടാകുന്ന ഒരു സ്‌റ്റൈല്‍ ഉണ്ട്. പുള്ളി പറയുന്നതുപോലെ ആ ഡയലോഗ് പറയാന്‍ പാടാണ്. അദ്ദേഹം പറയുന്ന രീതി തന്നെ വ്യത്യസ്തമാണ്.

അദ്ദേഹം പറയുന്നത് തന്നെ വേണമെന്ന് നിര്‍ബന്ധിക്കുന്നവര്‍ ഡബ്ബിങ് ചെയ്യുന്നതിന്റെ സൈഡില്‍ ഉണ്ടാകും. അദ്ദേഹത്തിന്റെ അഭിനയം നേരിട്ട് കണ്ട ഒരു അസോസിയേറ്റ് ഡയരക്ടര്‍ ഇപ്പുറത്തുണ്ടാകും. പാവപ്പെട്ട ഒരു വോയ്‌സ് ഓവര്‍ ആര്‍ടിസ്റ്റ് ബൂത്തിനകത്തുണ്ട്. ഇതിന്റെ എല്ലാം ഇടയില്‍ ടെക്‌സ്റ്റുമായി നമ്മളും ഉണ്ട്.

അത് മാത്രം മതിയെന്ന് പറഞ്ഞ് നിഷ്‌കര്‍ഷത പുലര്‍ത്തുന്ന അസോസിയേറ്റ് ഡയരക്ടറുടെ കൂടെയിരുന്ന് വര്‍ക്ക് ചെയ്യുന്നത് ഒരു ടാസ്‌കാണ്. ഉദാഹരണം പറഞ്ഞാല്‍ മലയാളത്തില്‍ നമ്മള്‍ സര്‍ എന്നാണ് പറയുക. അവര്‍ സാര്‍ എന്നും. മലയാളിക്ക് സര്‍ എന്ന് പറഞ്ഞാല്‍ ഓക്കെയാണെന്ന് നമ്മള്‍ പറയുമ്പോള്‍ അല്ല അല്ല അത് സാര്‍ എന്ന് തന്നെ പറയണമെന്ന് അവര്‍ നിര്‍ബന്ധം പിടിക്കും. ഭയങ്കര അരോചകമായിരിക്കും എന്ന് നമ്മള്‍ പറയും. അപ്പോള്‍ അവിടെ അങ്ങനെയാണെന്നായിരിക്കും അവരുടെ മറുപടി,’ ശങ്കര്‍ രാമകൃഷ്ണന്‍ പറഞ്ഞു.

Content Highlight: Shankar Ramakrishnan about Rocky bai Voice and Prithviraj

We use cookies to give you the best possible experience. Learn more